കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല്; ഗുരുതര അച്ചടക്ക ലംഘനം നടന്നതായി കെ.പി.സി.സി അന്വേഷണ കമ്മീഷന്‍
Kerala News
കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല്; ഗുരുതര അച്ചടക്ക ലംഘനം നടന്നതായി കെ.പി.സി.സി അന്വേഷണ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 10:38 pm

തിരുവനന്തപുരം: കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നതായി കെ.പി.സി.സി അന്വേഷണ കമ്മീഷന്‍. കൂട്ടത്തല്ല് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ കെ.എസ്.യു നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ക്യാമ്പിനിടയില്‍ കൂട്ടത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം കെ.പി.സി.സിയെ അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്. കെ.എസ്.യുവിന്റെ ഭാവി പരിപാടികളില്‍ കെ.പി.സി.സിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു

വിദ്യാര്‍ത്ഥി സംഘടനയെ പൂര്‍ണമായും ശുദ്ധീകരിക്കണം. ജംബോ കമ്മിറ്റികള്‍ രൂപീകരിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അയച്ചു.

തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ.എസ്.യുവിന്റെ ക്യാമ്പിലാണ് കൂട്ടത്തല്ല് നടന്നത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിനുള്ള കാരണമായത്. സംഘര്‍ഷത്തില്‍ കെ.എസ്.യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റിരുന്നു.

രാത്രിയില്‍ മദ്യപിച്ചെത്തിയ നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലിലേക്കെത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അതേസമയം സംഘര്‍ഷത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ അജണ്ടക്ക് നിന്ന് തരാന്‍ കെ.എസ്.യുവിന് താത്പര്യമില്ലെന്നും രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് മാധ്യമങ്ങള്‍ ചേര്‍ന്ന് പര്‍വതീകരിച്ചതെന്നുമായിരുന്നു പ്രതികരണം.

Content Highlight: KPCC commission of inquiry says that there was serious breach of discipline in KSU camp