കോഴിക്കോട്: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെ.പി.സി.സി നടപടി വൈകിയെന്ന് കെ. മുരളീധരന്‍ എം.പി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ.പി.സി.സിയുടെ നടപടിയുണ്ടാകും. എം.എല്‍.എ ഓഫീസില്‍ ലഡു വിതരണമൊക്കെ അന്തിമവിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
എല്‍ദോസ് കുന്നപ്പിളളിലിനെതിരെയുള്ള പാര്‍ട്ടി നടപടി വൈകുന്നത് ശരിയല്ല. കേസില്‍ ഒളിവില്‍ പോകേണ്ട കാര്യമില്ലായിരുന്നു എന്ന നിലപാടാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. എം.എല്‍.എക്കെതിരായ നടപടി ഉടന്‍ ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.
‘മുമ്പ് വിന്‍സന്റ് എം.എല്‍.എക്കെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹം അതിനെ ശക്തമായി അഭിമുഖീകരിച്ചിരുന്നു. വിന്‍സന്റ് നിരപരാധിത്വം തെളിയിക്കുകയും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ എല്‍ദോസ് കുന്നപ്പിളളിലിനെതിരെ കേസ് വന്നപ്പോള്‍ അദ്ദേഹം ഒളിവില്‍ പോവുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ എന്താണ് കാര്യമെന്ന് പാര്‍ട്ടിക്ക് പോലും അറിയാത്ത അവസ്ഥ ഉണ്ടായയി,’ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പാര്‍ട്ടി നടപടി ഇന്ന് പ്രഖ്യാപിക്കുമെന്നും, ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. എം.എല്‍.എ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്നും, ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എം.എല്‍.എക്ക് വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എം.എല്‍.എയോട് നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കര്‍ശന ഉപാധികളോടെ, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍ മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം.
ജാമ്യം ലഭിച്ചിതിന് പിന്നാലെ എല്‍ദോസ് എം.എല്‍.എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.