| Thursday, 8th October 2020, 3:18 pm

'രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം, കൂടുതല്‍ പ്രതികരണത്തിനില്ല': കെ.പി.എ.സി ലളിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പില്‍ വിശദീകരണവുമായി കെ.പി.എ.സി ലളിത.

ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞതായിട്ടായിരുന്നു പത്രക്കുറിപ്പ്. എന്നാല്‍ ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന കെ.പി.എ.സി ലളിതയുടെ മറുപടി.

‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. സെക്രട്ടറിയുടെ ഏകാധിപത്യ സ്വഭാവമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു.

തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച് അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങുന്നത്. തുടര്‍ന്നായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kpac lalitha on rlv ramakrishnan issue

We use cookies to give you the best possible experience. Learn more