കോഴിക്കോട്: ഡബ്ല്യു.സി.സി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം വിളിച്ച് എ.എം.എം.എയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരെ നടന്‍ സിദ്ധീഖും കെ.പി.എ.സി ലളിതയും. സിനിമയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഇങ്ങനെ വിളിച്ച് പറയാന്‍ പാടില്ലെന്ന് കെ.പി.എ.സി.ലളിത പറഞ്ഞു.
എല്ലാവരും എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണെന്നും അവര്‍ക്ക് കൈകൊട്ടിചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും ലളിത മാധ്യമങ്ങളോട് പറഞ്ഞു.
രാജി വെച്ച് പോയവര്‍ക്ക് വേണമെങ്കില്‍ മാപ്പ് പറഞ്ഞ് അകത്ത് കയറാമെന്നും ഇങ്ങനെ എല്ലാവരോടും ബഹളം വെച്ച് അനാവശ്യവിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ലളിത പറഞ്ഞു.
അതേസമയം 280 ഓളം ആളുകള്‍ പങ്കെടുത്ത ജനറല്‍ ബോഡിയാണ് ദിലീപിനെ പുറത്താക്കേണ്ടെന്ന തീരുമാനം എടുത്തതെന്ന് നടന്‍ സിദ്ധീഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കിക്കൊണ്ട് എക്സിക്യൂട്ട് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്. ആ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്സിക്യൂട്ടീവിനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.
“വാര്‍ത്താസമ്മേളനത്തിനിടെ ഒരു നടി പറഞ്ഞു, 26 കൊല്ലം മുന്‍പ് ഒരു പെണ്‍കുട്ടി അഭയം തേടി എന്റെ മുന്‍പില്‍ വന്നു. എവിടെ ഏത് സെറ്റില്‍ ഓടി വന്നു എന്ന് അവര്‍ പറയണം. അവര്‍ രക്ഷകയായി മാറിയ കഥ പറഞ്ഞു. നല്ലതുതന്നെ. പക്ഷേ അത് എവിടെ സംഭവിച്ചു എന്ന് പറയണം.
പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണ്ട. പക്ഷേ ഏത് സെറ്റില്‍ നടന്നു എന്ന് പറയണം. ആരുടേയും പേര് പറയാതെ തേജോവധം ചെയ്യുന്ന നടപടി തെറ്റാണ്”. സിദ്ധീഖ് പറഞ്ഞു
“മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് നേരെ എന്തിനാണ് ഇങ്ങനെ പോകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പോകരുതെന്ന് പറഞ്ഞ് ചിലര്‍ എത്തി. മോഹന്‍ലാലിന് ലഭിക്കുന്ന സ്വീകാര്യത കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ”. സിദ്ധീഖ് പറഞ്ഞു.