| Tuesday, 16th August 2016, 1:00 pm

മദ്യനയം; ചെന്നിത്തലയെ തള്ളി മുസ്‌ലീം ലീഗ്: മദ്യനയം തിരുത്തേണ്ട സാഹചര്യമില്ലെന്ന് കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി മുസ്‌ലിം ലീഗ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയമാണ് യു.ഡി.എഫിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന അഭിപ്രായം ലീഗിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മദ്യനയം തിരുത്തണമെങ്കില്‍ യു.ഡി.എഫ് തീരുമാനിക്കണം. അന്ന് സ്വീകരിച്ച നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുകയാണ്. മദ്യനയം തിരുത്തേണ്ട സാഹചര്യമില്ലെന്നും മജീദ് പറഞ്ഞു. തൃശൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മദ്യനയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്യനയം തിരുത്തുന്നതിനെപ്പറ്റി പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണ്. അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു.

എന്നാല്‍ മദ്യനയം കൂട്ടായി എടുത്ത തീരുമാനമാണെന്ന് വി.എം സുധീരന്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സമൂഹത്തില്‍ ഫലമുണ്ടാക്കിയിട്ടുണ്ട്. കൂട്ടായി എടുത്ത തീരുമാനമാണ് മദ്യനയത്തിലേത്. അതില്‍ പുനരാലോചനയ്ക്ക് പ്രസക്തിയില്ല.

പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ല. ചെന്നിത്തലയുമായി വിശദമായ ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാം. മുന്‍പും ഇക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തതാണ്. ്മാധ്യമങ്ങള്‍ പറയുന്നത് കേട്ട് പ്രതികരിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതില്‍ തെറ്റില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more