കോഴിക്കോട്: കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എല്‍.എ. ജനകീയ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമര്‍ത്താനായി ഇടത് സര്‍ക്കാര്‍ പ്രയോഗിക്കുന്ന വാക്കാണ് തീവ്രവാദമെന്ന് കെ.പി.എ. മജീദ് കുറ്റപ്പെടുത്തി.
‘സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ മന്ത്രി സജി ചെറിയാന്റെ ശ്രമം. ജനകീയ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമര്‍ത്താനായി ഇടത് സര്‍ക്കാര്‍ പ്രയോഗിക്കുന്ന വാക്കാണിത്. സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളാണെങ്കില്‍ കേരളത്തില്‍ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു പേരിട്ടു വിളിക്കും?,’ കെ.പി.എ. മജീദ് ഫേസ്ബുക്കില്‍ എഴുതി.
കേരളം ഭരിക്കുന്നത് കെ റെയില്‍ ഉദ്യോഗസ്ഥരാണോ? ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പുമൊക്കെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് തീറെഴുതിക്കൊടുത്ത പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് കല്ലിടലുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെ റെയില്‍ പരിസരത്ത് ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് മന്ത്രി നുണ പറയുമ്പോള്‍ 10 മീറ്റര്‍ വരെ ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബഫര്‍ സോണിന്റെ അഞ്ച് മീറ്റര്‍ വരെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നത്? പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെ.പി.എ. മജീദ് പറഞ്ഞു.
കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി ആയിരുന്നു സജി ചെറിയാന്റെ ആരോപണം. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്.അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന് പറഞ്ഞു.