'മുജാഹിദുകള്‍ക്ക് നബിദിനമുണ്ടോ?' ചര്‍ച്ചയായി കെ.പി.എ. മജീദിന്റെ നബിദിനാശംസ
കോഴിക്കോട്: മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് എം.എല്‍.എ നബിദിനാശംസ നേര്‍ന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവം. നബിദിനം ആഘോഷിക്കുന്നതിനെ വിമര്‍ശിച്ചിരുന്ന മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള കെ.പി.എ. മജീദ് നബിദിനാശംസ നേര്‍ന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. ഈ പശ്ചാത്തത്തിലാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ മാറ്റമുണ്ടായോ എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നബിദിനാശംസക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇലക്ഷന്‍ മുന്നില്‍ കണ്ടാണോ ഈ നിലപാട് മാറ്റമെന്ന് ചോദിക്കുന്നവരുമുണ്ട്. തുടര്‍ച്ചയായി ഭരണപക്ഷത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതാണോ ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ചിലര്‍ ചോദിക്കുന്നത്. കെ.പി.എ. മജീദിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച പിണറായി വിജയന്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്നവരെയും കാണാം. പുതിയ നിലപാട് ശിര്‍ക്കിനെ സഹായിക്കുന്നതല്ലേയെന്നും നിലപാട് മാറ്റിയതില്‍ സന്തോഷമെന്ന് പറയുന്നവരെയും കമന്റുകളില്‍ കാണാം.
തുടക്ക കാലം മുതല്‍ മുജാഹിദ് വിഭാഗത്തിനൊപ്പം നിലനിന്നിരുന്ന മുസ്‌ലിം ലീഗ് നേതാവാണ് കെ.പി.എ. മജീദ്. വിവിധ മുജാഹിദ് വിഭാഗങ്ങളുടെ സമ്മേളനങ്ങളില്‍ ലീഗിന്റെ പ്രതിനിധിയായും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. പി.കെ. അബ്ദുറബ്ബും കെ.പി.എ. മജീദുമായിരുന്നു ലീഗില്‍ മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള പ്രബല നേതാക്കള്‍. വിവിധ മുജാഹിദ് വേദികളില്‍ പങ്കെടുത്ത് കൊണ്ട് ഇരുവരും നടത്തുന്ന ചില പരാമര്‍ശങ്ങള്‍ മുസ്‌ലിം ലീഗിലെ സുന്നി പ്രവര്‍ത്തകരാല്‍ വിമര്‍ശിക്കപ്പെടാറുമുണ്ടായിരുന്നു.
നബിദിനാഘോഷത്തെ ചൊല്ലി എല്ലാകാലത്തും മുജാഹിദ് സുന്നി തര്‍ക്കം ഉണ്ടാകാറുണ്ട്. മുസ്‌ലിം സമുദായത്തിലെ മുജാഹിദ് വിഭാഗക്കാര്‍ നബിദിനം ആഘോഷിക്കുന്നതിനെ എല്ലാ കാലത്തും എതിര്‍ത്തിരുന്നവരാണ്. നബിദിനം ആഘോഷിക്കുന്നത് ബിദ്അത്ത് (പുത്തന്‍വാദം) എന്നതായിരുന്നു മുജാഹിദ് വിഭാഗത്തിന്റെ നിലപാട്. പ്രവാചകന്‍ മരണപ്പെട്ടതും ജനിച്ചതും ഒരേ ദിവസമായതിനാല്‍ തന്നെ ആ ദിവസം ആഘോഷിക്കുന്നതും മുജാഹിദ് വിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു.
മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാളായ കെ.പി.എ. മജീദ് നബിദിനാശംസ നേര്‍ന്നത് മുജാഹിദ് വിഭാഗത്തില്‍ പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍ അമ്പരപ്പും പ്രതിഷേധവുമുണ്ടാക്കിയപ്പോള്‍ സുന്നി വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ കെ.പി.എ. മജീദിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയുമാണ്.
content highlights: KPA Majeed’s milad un nabi greetings; Discussion