പീസ് സ്‌കൂള്‍ പൂട്ടേണ്ട ആവശ്യമില്ല; വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണിത്: വിമര്‍ശനവുമായി കെ.പി.എ മജീദ്
Kerala News
പീസ് സ്‌കൂള്‍ പൂട്ടേണ്ട ആവശ്യമില്ല; വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണിത്: വിമര്‍ശനവുമായി കെ.പി.എ മജീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2018, 8:27 am

 

കല്‍പ്പറ്റ: എറണാകുളത്തെ പീസ് സ്‌കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണ് സ്‌കൂളിനെതിരെയുള്ള നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയം വിദ്യാഭ്യാസത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സ്‌കൂളുകള്‍ ആര്‍.എസ്.എസ്. പരീശീലന കളരിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സ്‌കൂളില്‍ മോഹന്‍ ഭഗവത് പതാകയുയര്‍ത്തിയതിനെതിരെ ഇതുവരെ നടപടിയുണ്ടാവാത്തതും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായതുകൊണ്ടാണ്.

അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിനും നിയമ വിരുദ്ധമായ സിലബസ് പഠിപ്പിച്ചതിനുമാണ് കഴിഞ്ഞ ദിവസം എറണാകുളത്തെ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.

ഭീകര സംഘടനയായ ഐസിസ് ബന്ധമുളള ചിലര്‍ക്ക് സ്‌കൂളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സ്‌കൂളിനെതിരെ അന്വേഷണം ആരംഭിച്ചത്.

ചെറിയ ക്ലാസിലെ കുട്ടികളെ പോലും തീവ്ര മത വികാരം ഉള്‍ക്കൊളളുന്നതും തീവ്രവാദ സ്വാഭാവം പുലര്‍ത്തുന്നതുമായ കാര്യങ്ങളാണ് പഠിപ്പിച്ചു കൊണ്ടിരുന്നതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.

നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ സിലബസ് ആണ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. മതേതരമല്ലാത്ത സിലബസാണ് ഇത്. ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെ കേസെടുത്തിരുന്നു. പൊതുവെ പിന്തുടര്‍ന്നു പോകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ സിലബസ് ആണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിലബസാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പോലീസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. തീര്‍ത്തും മതേതരമല്ലാത്ത സിലബസാണിതെന്നാണ് ആരോപണം.

ഭീകര സംഘടനയായ ഐസിസ് ബന്ധമുള്ള ചിലര്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.