| Wednesday, 16th February 2022, 3:14 pm

മതം പറയാന്‍ പണ്ഡിതന്മാരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെ.പി.എ. മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എം.എല്‍.എ.

മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.പി.എ. മജീദിന്റെ പ്രതികരണം.

മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനുമുമ്പും കേരള ഗവര്‍ണറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കര്‍ണാകട സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെ വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ഗവര്‍ണറും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ് ഖാന്‍ പതിവാക്കിയിരിക്കുകയാണ്.

സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടക്കില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. ഇസ്‌ലാമിക ശരീഅത്തിനെതിരായ ക്യാമ്പെയിനില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍,’ കെ.പി.എ. മജീദ് പറഞ്ഞു.

ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ഗവര്‍ണര്‍ അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: KPA Majeed MLA has criticized Kerala Governor Arif Mohammad Khan’s statement on the hijab controversy 

We use cookies to give you the best possible experience. Learn more