| Wednesday, 3rd April 2019, 4:38 pm

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് മുസ്‌ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്‌ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

വയനാട് രാഹുലിന്റെ പ്രചരണത്തിന് മുസ്‌ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന് കെ.പി.എ മജീദ് പറഞ്ഞ രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് മജീദ് വ്യക്തമാക്കി.


“ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും മജിദ് പറയുന്നുണ്ട്.

അതേസമയം, ലീഗ് പതാകയെ പാക് പതാകയാക്കി ട്വിറ്ററില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ബി.ജെ.പി നേതാവ് പ്രേരണാകുമാരിയാണ് ഈ വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഇതിനായി മുസ്‌ലിം ലീഗിന്റെ കൊടിയും രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും വയനാട്ടില്‍ നടന്ന പ്രകടനത്തിന്റെ ചാനല്‍ ദൃശ്യവും ട്വീറ്റില്‍ ചേര്‍ത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു. ശ്രീ.രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ എന്റെ പേരിലും ചില വാര്‍ത്തകള്‍ കാണുന്നു.


ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ.

പ്രിയ സോദരരെ, വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കൂ.

We use cookies to give you the best possible experience. Learn more