| Tuesday, 11th October 2022, 3:34 pm

മനുഷ്യനാകണം എന്ന് പാടിയാൽ മാത്രം പോരാ അണികൾക്ക് മനുഷ്യത്വം എന്താണെന്ന് പഠിപ്പിക്കണം; നരബലി നടത്തിയത് സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അം​ഗമെന്ന് കെ.പി.എ. മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്തനംതിട്ടയിൽ രണ്ട് സ്ത്രീകളെ ബലി കൊടുത്ത സംഭവത്തിൽ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ലീ​ഗ് നേതാവ് കെ.പി.എ. മജീദ്. സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാളായ ഭ​ഗവൽ സിങ് പാർട്ടി അം​ഗമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി കെ.പി.എ. മജീദ് രം​ഗത്തെത്തിയിരിക്കുന്നത്.

മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു. നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനാകണം എന്ന് പാടിയാൽ മാത്രം പോരാ മനുഷ്യത്വം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രിയും രം​ഗത്തെത്തിയിരുന്നു. പത്തനംതിട്ട ഇലന്തൂരിലെ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു.

എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണ്.

നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്.

മനുഷ്യനാകണം… മനുഷ്യനാകണം… എന്ന് പാട്ട് പാടിയാൽ പോര.
മനുഷ്യനാകണം. മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണം.

Content Highlight: KPA Majeed criticizes CPI(M) in human sacrifice

We use cookies to give you the best possible experience. Learn more