ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമാകുമോ; മുനീര്‍ ചെയ്തത് കമ്യൂണിസത്തിന്റെ ഗൂഢപദ്ധതിയെ തുറന്നുകാട്ടല്‍: കെ.പി.എ. മജീദ്
Kerala News
ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമാകുമോ; മുനീര്‍ ചെയ്തത് കമ്യൂണിസത്തിന്റെ ഗൂഢപദ്ധതിയെ തുറന്നുകാട്ടല്‍: കെ.പി.എ. മജീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 5:14 pm

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടന്‍ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാസിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയതെന്നും മജീദ് പറഞ്ഞു.

യൂണിഫോമിന്റെ പേരില്‍ സര്‍ക്കാര്‍ പറയുന്ന വസ്ത്രം അടിച്ചേല്‍പിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നു മജീദ് പറഞ്ഞു.

കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറല്‍ ചിന്തകളെ പുതിയ തലമുറയില്‍ അടിച്ചേല്‍പിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്. കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീര്‍ ചെയ്തത്.

ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ പ്രബുദ്ധ മലയാളികള്‍ സമ്മതിക്കില്ല. മതമില്ലാത്ത ജീവന്‍ എന്ന പേരില്‍ നേരത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താന്‍ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുക, പെണ്‍കുട്ടികളില്‍ ആണ്‍വേഷം അടിച്ചേല്‍പിക്കുക എന്നതെല്ലാം കൃത്യമായ പാര്‍ട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും കെ.പി.എ.മജീദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലമാണിതെന്നും ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേയെന്നന്നുമായിരുന്നു പി. ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉള്‍പ്പെടുത്തി മുനീര്‍ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

‘ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ നേട്ടങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ അത്തരക്കാരില്‍ ചിലര്‍ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കെതിര് നിന്നാല്‍ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ലീഗ് നേതാവ് എം.കെ. മുനീര്‍ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.

ഇവിടെ ഡോ. എം.കെ. മുനീര്‍ എന്ന് വിശേഷിപ്പിക്കാത്തത് ബോധപൂര്‍വമാണ്. ആരോഗ്യ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ളയാളാണ് മുനീര്‍. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേ? മുനീര്‍ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

ഒരു കാലത്ത് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്,’ എന്നാണ് പി. ജയരാജന്‍ പറഞ്ഞത്.