| Tuesday, 14th June 2016, 11:04 am

കാന്തപുരവും സംഘപരിവാരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന് കോടിയേരിക്ക് എന്തിനാണിത്ര അസഹിഷ്ണുത: കെ.പി.എ. മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം; മുസ് ലീം ലീഗിനെതിരായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായ പ്രകടനങ്ങള്‍ അപഹാസ്യമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.

കാന്തപുരവും സംഘ്പരിവാരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന് കോടിയേരിക്ക് എന്തിനാണിത്ര അസഹിഷ്ണുതയന്ന് മനസ്സിലാവുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രമായ പാലക്കാട്ട് പാര്‍ട്ടിയുടെ സമ്മുന്നതനേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബി.ജെ.പിക്ക് വോട്ട് കൂടുകയും ചെയ്തത് ഏതില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന കാര്യം സി.പി.ഐ.എം സെക്രട്ടറി മറച്ചുപിടിക്കുകയാണ്. ഈ ജാള്യത മറയ്ക്കാന്‍ മുസ്‌ലിംലീഗിന്റെ നേര്‍ക്കല്ല വരേണ്ടതെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പണമെറിഞ്ഞും വര്‍ഗീയ തീവ്രവാദ സംഘടനുകളുമായി അവിഹിത ബന്ധങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംലീഗിന്റെ അടിത്തറയിളക്കാന്‍ കഴിയാത്തതിലെ നിരാശയാണ് സി.പി.ഐ.എം സെക്രട്ടറിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ലീഗിനെ വിമര്‍ശിക്കാന്‍ സി.പി.ഐ.എം സമയം കളയുന്നതിനു പകരം ജനങ്ങളുടെ ദുരിതം പരിഹാരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കല്‍പകഞ്ചേരിയില്‍ ഒരാളുടെ സ്വാഭാവിക മരണത്തെ കൊലപാതകമാക്കി മുസ്‌ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ ശ്രമിച്ചു. ബന്ധുക്കള്‍ സാധാരണമരണമാണെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ചു.

ഒടുവില്‍പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും സി.പി.ഐ.എം ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞിട്ടും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊലചെയ്തുവെന്ന മട്ടില്‍ സി.പി.ഐ.എം സെക്രട്ടറി പ്രസ്താവനയിറക്കുകയാണ്.

നാട്ടില്‍ അക്രമങ്ങള്‍ നടത്തി സമാധാനന്തരീക്ഷം തര്‍ക്കുന്നത് സി.പി.ഐ.എം ആര്‍.എസ്.എസ് സംഘങ്ങളാണ്. തിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ അക്രമസംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് നന്ദി പറയാന്‍പോലും കഴിയാത്ത സാഹചാര്യമാണ് നിലവിലുള്ളത്.

ഈ ഭരണം വന്നശേഷമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണത്തിലെ പ്രമുഖകക്ഷിയെന്ന നിലയില്‍ മുന്‍കൈ എടുക്കേണ്ടത് സി.പി.ഐ.എം ആണ്. മുസ്‌ലിംലീഗ് അക്രമത്തെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ല. അക്രമത്തില്‍ ലീഗ് വിശ്വസിക്കുന്നില്ല. അക്രമം നിറുത്താന്‍ സി.പി.ഐ.എം നേതൃത്വം തയ്യാറാവണം. അധികാരത്തിന്റെ മറവില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍  സി.പി.ഐ.എം ശ്രമിക്കുന്നെന്നും മജീദ് കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ലെന്നും. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.ഐ.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more