മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ എസ്.പിയെ മാറ്റി നിര്‍ത്തി അന്വേക്ഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എല്‍.എ. മലപ്പുറം ജില്ലയെ കുറ്റകൃത്യം കൂടിയ ജില്ലയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് പൊലീസ് സൂപ്രണ്ടിന്റെ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ സ്‌ക്വാഡാണ്. ഇവര്‍ പലയിടങ്ങളിലും പോയിട്ട് ആളുകളെ പിടിച്ച് അവരുടെ പേരില്‍ കേസുണ്ടാക്കുന്നുവെന്ന പരാതി ഇതിന് മുമ്പും വന്നിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ നിരന്തരമായി കേസ് എടുത്ത് കുറ്റകൃത്യം കൂടിയ ജില്ലയാക്കുന്ന ശ്രമങ്ങള്‍ നടക്കുകയാണ്. അതിന്റെയൊക്കെ ഒരു ഭാഗമാണിത്. എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണമായത് കൊണ്ടും എല്ലാ കാര്യങ്ങളും എസ്.പി അറിഞ്ഞുകൊണ്ട് ചെയ്യുന്നത് കൊണ്ടും ഇതിന് വളരെ ഗൗരവമുണ്ട്.
ഇപ്പോള്‍ അന്വേഷണത്തിന്റെ ചുമതല പൊലീസ് സൂപ്രണ്ടിനാണ്. അതുകൊണ്ട് സൂപ്രണ്ടിന്റെ മേല്‍നോട്ടവും അദ്ദേഹത്തിന് ഇടപെടാനുമുള്ള സാഹചര്യവും ഇല്ലാത്ത രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടക്കുന്നുണ്ട്.
ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് ലഹരി മരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെടുന്നത്. ലോക്കപ്പില്‍ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുകയും ആശുപത്രിയിലേക്കെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് ആരോപിച്ച് ജിഫ്രിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ ഇന്ന് കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍നിന്നുള്ള നിര്‍ദേശ പ്രകാരം സബ് കലക്ടര്‍, താനൂര്‍ ഡി.വൈ.എസ്.പി എന്നിവരെയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെയും സമീപിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിനുള്ള നിരാക്ഷേപ പത്രം കൊടുത്തില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറിലും നിരവധി ദുരുഹതകള്‍ നില്‍നില്‍ക്കുന്നുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് എസ്.ഐ കൃഷ്ണലാല്‍, താനൂര്‍ പൊലീസ് സ്റ്റേഷനിലെ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ആല്‍ബിന്‍ എന്നീ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
CONTENT HIGHLIGHTS: kpa majeed about thanu custodial murder