| Monday, 8th May 2023, 11:30 am

താനൂര്‍ ബോട്ടപകടത്തിന് കാരണം ആളുകളെ കുത്തിനിറച്ച് കൊണ്ട് പോയത്: കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനൂര്‍: താനൂര്‍ ബോട്ടപകടത്തിന് പ്രധാന കാരണം ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയതാണെന്ന് തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ്. മനുഷ്യജീവനു യാതൊരു വിലയും കല്‍പ്പിക്കാതെ 15 പേരെ കൊണ്ടുപോകേണ്ട ബോട്ടില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ട് പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബോട്ട് പുറപ്പെടുമ്പോഴും ആളുകള്‍ ചാടിക്കയറിയതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സര്‍വ്വീസുകളെപ്പറ്റി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നിട്ടും അധികാരികള്‍ ഗൗനിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘വെളിച്ചം പോലുമില്ലാത്ത ബോട്ടിലാണ് ഇത്രയേറെ ആളുകളെ കൊണ്ടുപോയത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സര്‍വീസുകളെപ്പറ്റി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. എന്നാല്‍, അതൊന്നും അധികാരികള്‍ ഗൗനിച്ചില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുസ്‌ലിം ലീഗ് നേതാക്കള്‍ക്കൊപ്പം താലൂക്ക് ആശുപത്രിയിലാണുള്ളത്’, കെ.പി.എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.

വിനോദസഞ്ചാരത്തിന്റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കപ്പെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. ഇനിയും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

താനൂര്‍ ബോട്ടപകടത്തില്‍ ഇതുവരെ ഏഴ് കുട്ടികളും 3 സ്ത്രീകളുമടക്കം 22 മരണമാണ് സ്ഥിരീകരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവര്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടുകളിലുണ്ടായിരുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം.

Contenthighlight: KPA Majeed about tanur accident

We use cookies to give you the best possible experience. Learn more