വിദേശ പണമിടപാട്: കെ.പി യോഹന്നാന്റെ സഹോദരന്‍ അറസ്റ്റില്‍
Kerala
വിദേശ പണമിടപാട്: കെ.പി യോഹന്നാന്റെ സഹോദരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2013, 3:07 pm

[]കോട്ടയം: അനധികൃത വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന്റെ സഹോദരനും പത്തനംതിട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി പുന്നൂസ് അറസ്റ്റില്‍.

തിരുവല്ല പോലീസാണ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടോടെ പുന്നൂസിനെ കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് 18 കോടിയുടെ യൂഗോസ്ലോവാക്യന്‍ കറന്‍സിയുമായി തിരുനല്‍വേലി സ്വദേശി വിമല്‍ രാജിനെ തിരുവല്ല പൊലീസ് പിടികൂടിയത്.[]

ഒരു വര്‍ഷത്തോളമായി ഇവര്‍ വിദേശ പണമിടപാട് നടത്തിവരുന്നതായി പോലീസ് പറഞ്ഞിരുന്നു. കെ.പി. പുന്നൂസിന്റെ ഒലീവ് മല എന്ന സംഘടനയുടെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.

കെ.പി പുന്നൂസിന് നല്‍കുന്നതിനായാണ് പണം കൊണ്ടുവന്നതെന്ന് വിമല്‍ രാജ് പോലീസിനോട് സമ്മതിച്ചിരുന്നു. 50 കോടിയുടെ രണ്ടും 5 കോടിയുടെ ഒന്നും യൂഗോസ്ലാവ്യന്‍ കറന്‍സികളാണ് വിമലിന്റെ കയ്യില്‍ നിന്നും പോലീസ് പിടികൂടിയത്.

ഇടനിലക്കാരനായി വിമലും കെ.പി.പുന്നൂസും തമ്മില്‍ കമ്മീഷനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഭവം പുറത്തുവരാന്‍ കാരണമെന്നാണ് അറിയുന്നത്.