ന്യൂദല്‍ഹി: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി.യോഹന്നാനെതിരെ അഴിമതി ആരോപണം.
കെ.പി യോഹന്നാന്റെ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക്‌സാസിലെ വില്‍സ് പോയിന്റ് ആസ്ഥാനമായുള്ള ക്രൈസ്തവ സംഘടന ഗോസ്പല്‍ ഫോര്‍ ഏഷ്യ, കാനഡയില്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ആരോപണം.
1978ല്‍ യോഹന്നാന്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് കാനഡ, ഫിന്‍ലാന്റ്, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.
അമേരിക്കക്കാരായ മാത്യു ഡിക്‌സ്ണ്‍, ജെന്നിഫര്‍ ഡിക്‌സണ്‍ ദമ്പതികളാണ് കെ.പിയോഹന്നാനെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അമേരിക്കയില്‍ നിന്നു പിരിച്ചെടുത്ത ശതകോടികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഇരുവരും അമേരിക്കയിലെ അര്‍ക്കാന്‍സാസ് ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതി.
ന്യൂ ഗ്ലാസ്‌ഗോവിലെ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ ബ്രൂസ് മാരിസണ്‍ എന്ന പുരോഹിതനും ഗ്രൂപ്പിനെതിരെ രംഗത്തു വന്നിട്ടുണ്ട്. 2007-14 കാലയളവില്‍ രാജ്യാന്തര തലത്തില്‍ 128 മില്യന്‍ യു.എസ് ഡോളര്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തയ്യാറാക്കിയ 21 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
2007-14നും ഇടയില്‍ ലഭിച്ച 93.5 മില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് ജി.എഫ്.എ ഫയല്‍ ചെയ്തത്. എന്നാല്‍ കാനഡയില്‍ നിന്നും ഈ സ്ഥാപനത്തിന്റെ ഇന്ത്യന്‍ ഘടകം യാതൊരു പണവും സ്വീകരിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ രേഖകള്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റിയെന്ന സംഘടന അവരുമായുള്ള ബന്ധം നേരത്തെ വിശ്ചേദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോളുണ്ടായിരിക്കുന്ന കേസും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ച തുക യോഹന്നാന്‍ സ്വന്തം സാമ്രാജ്യം വിപുലീകരിക്കാനും, ഭൂമി വാങ്ങിക്കൂട്ടാനും, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാനുമായി വിനിയോഗിച്ചതു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2015ല്‍ ഇവര്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
മാര്‍ച്ച് 17ന് ന്യൂദല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച യോഹന്നാന്‍ ഗംഗാ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി രൂപ കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.