| Wednesday, 21st November 2018, 9:53 am

ജോത്സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴി പോയാല്‍ കോണ്‍ഗ്രസ് പിന്നാക്കംപോവും; ശബരിമല നിലപാട് ആത്മഹത്യാപരമെന്നും കെ.പി ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണന്‍.

താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് കസര്‍ത്തുകള്‍ക്കും വോട്ടിനും വേണ്ടിയാകരുത് കോണ്‍ഗ്രസ് നിലപാട്. അത് കോണ്‍ഗ്രസ് നയങ്ങളുടെ അടിസ്ഥാനപരമായ വീഴ്ചയാണ്. ആപല്‍ക്കരവും ദൗര്‍ഭാഗ്യകരവുമാണ്. തിരുത്തിയേ പറ്റൂ.

ജാതിവ്യവസ്ഥയ്ക്കും സവര്‍ണ മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്. ഇത് ആപത്ക്കരമായ വഴി തുറക്കലാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യ നീതിയെന്നത് 1931 ലെ കറാച്ചി കോണ്‍ഗ്രസ് മുതല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിലപാട് അന്തിമമായി സഹായിക്കുക ബി.ജെ.പിയെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിനുത്തരവാദി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമായിരിക്കും. വിഷമവൃത്തത്തില്‍ നില്‍ക്കുന്ന ബി.ജെ.പിയെ കൈപിടിച്ചുകയറ്റുന്നതാകരുത് കോണ്‍ഗ്രസ് നിലപാട്.

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുമ്പിലുള്ള ഏക പോംവഴി. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും. സുപ്രീം കോടതി വിധി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് ശക്തിപ്പെടുത്താനുള്ള വഴിയാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടിയിരുന്നത്.


തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ടി.ആർ.എസ്. എം.എൽ.എ കോൺഗ്രസിലേക്ക്


ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് യാത്ര നടത്തിയതും ശരിയല്ല. അതെല്ലാം നാടകത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സാംസ്‌കാരിക നേട്ടങ്ങളും രാഷ്ട്രീയ മാന്യതയും ലോകം ശ്രദ്ധിച്ചതാണ്. അത് ഇന്ന് സര്‍വത്ര കാണുന്ന ജ്യോത്സ്യന്മാരുടെയും തന്ത്രിമാരുടെയും നേട്ടമല്ല. ജ്യോത്സ്യന്‍മാരേയും തന്ത്രിമാരേയും കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മൂല്യം ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. അവരെ ഭരണഘടനയ്‌ക്കെതിരെയും സ്വതന്ത്ര ഇന്ത്യ നിലകൊണ്ട അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. അതിന് ആരുടെ അനുഗ്രഹമുണ്ടായാലും അംഗീകരിക്കാനാവില്ല.

ആചാരങ്ങളുടെ പേരിലാണെങ്കില്‍പോലും കോണ്‍ഗ്രസ് നിലപാട് ശക്തമായി എതിര്‍ക്കപ്പെടണം. ശബരിമലയിലെ ആചാരങ്ങള്‍ ഉണ്ടായത് 1991 ലെ ഹൈക്കോടതി വിധിയോടെ മാത്രമാണ്. ചില ജഡ്ജിമാരുടെ ഫോര്‍മുലയായാല്‍പോലും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരായി വന്നാല്‍ തിരസ്‌കരിക്കേണ്ടതുണ്ട്.

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൗലിക സ്വാതന്ത്ര്യങ്ങളും തുല്യാവകാശവും കോണ്‍ഗ്രസിന്റെ 1931ലെ കറാച്ചി സമ്മേളനത്തില്‍ അടിവരയിട്ടുപറഞ്ഞ് നേടിയെടുത്ത നേട്ടങ്ങളില്‍ ഒന്നാണ്. അതാണിപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത്. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേടിയെടുത്തതാണ് കോണ്‍ഗ്രസ് മൂല്യങ്ങള്‍. തൊട്ടുകൂടായ്മയേക്കാള്‍ വലിയ വിപത്തായി ഗാന്ധിജി കണ്ടിരുന്നത് ലിംഗ വിവേചനമാണ്.

ഇതിനെതിരെ നിലകൊള്ളുന്നത് മനുസ്മൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. കേരളത്തില്‍ വൈക്കം സത്യഗ്രഹത്തിലൂടെയും ഗുരുവായൂര്‍ സത്യഗ്രഹത്തിലൂടെയും നേടിയെടുത്തതാണ് അയിത്തത്തിനെതിരായ വിജയം. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്ര പ്രവേശന വിളംബരവും ഈ സമരങ്ങളുണ്ടാക്കിയ അന്തരീക്ഷത്തിന്റെ ഫലമായിരുന്നു.

ഇതിനൊക്കെ എതിരെ ആചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ഭാവമെങ്കില്‍ ദൗഭാര്‍ഗ്യകരമേന്നേ വിശേഷിപ്പിക്കാനാകൂ. ഈ നിലപാടിനെ ശക്തമായി എതിര്‍ക്കണം. കോണ്‍ഗ്രസ് തെരഞ്ഞെടുത്ത വഴി കേരളത്തിനും അതിലുമപ്പുറം ഇന്ത്യയ്ക്കും ആപല്‍ക്കരമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പരഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിന്റെ പോരായ്മ കേന്ദ്രനേതൃത്വത്തെ അറിയിക്കുമോ എന്ന ചോദ്യത്തിന് വ്യക്തിപരമായി ഇക്കാര്യം ചില മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കെ.പി ഉണ്ണികൃഷ്ണന്റെ മറുപടി.

We use cookies to give you the best possible experience. Learn more