സംസ്ഥാനത്ത് അരാജകത്വം വന്നാല്‍ ശക്തമായ പോരാട്ടമാണ് നിയമം; കേസെടുത്തതില്‍ സന്തോഷമെന്ന് ശശികല
Kerala News
സംസ്ഥാനത്ത് അരാജകത്വം വന്നാല്‍ ശക്തമായ പോരാട്ടമാണ് നിയമം; കേസെടുത്തതില്‍ സന്തോഷമെന്ന് ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2022, 2:36 pm

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇനി അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നോക്കേണ്ടത് ഭരണകൂടമാണെന്നും, ഭരണകൂടം പരാജയപ്പെട്ടാല്‍ അക്രമം അനുഭവിച്ച സമൂഹം സ്വാഭാവികമായും തിരിച്ചടിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.

സംസ്ഥാനത്ത് അരാജകത്വം വന്നാല്‍ ജനത്തിന് സ്വന്തം കാര്യം നോക്കിയേ മതിയാകൂ. അപ്പോള്‍ ശക്തമായ പോരാട്ടമായിരിക്കും നിയമം. അതാണല്ലോ ലോകത്ത് എമ്പാടും സംഭവിച്ചതെന്നും ശശികല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് ആയിരുന്നു ശശികലയുടെ പ്രതികരണം.

വിഴിഞ്ഞത്ത് സമരം സംഘടിപ്പിച്ചതില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ വളരെ സന്തോഷം തോന്നുന്നുവെന്നും ശശികല പറഞ്ഞു.

‘ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് നടപടി. 700 പേര്‍ക്കെതിരെ കേസെടുത്താല്‍ പോരല്ലോ, അവിടെ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണം. നടപടിയെ പ്രവര്‍ത്തകരും നേതാക്കളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. കട്ടതിനോ വ്യഭിചരിച്ചതിനോ ഒന്നുമല്ലല്ലോ കേസ്.

പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് പരസ്യമായി പറഞ്ഞയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കേരളത്തിന്റെ മതേതരത്വത്തിന്റെ ഇരട്ടത്താപ്പ് ആണ് അവിടെ കാണുന്നത്. എന്തുകൊണ്ട് അവിടെ ഹിന്ദു ഐക്യവേദിക്ക് സമരം നടത്താന്‍ പാടില്ല. ഇവിടെ ചില പുരോഹിതന്മാര്‍ക്ക് പ്രത്യേകമായ പ്രിവിലേജ് ഉണ്ട്. ശബരിമല തന്ത്രിക്കടക്കം അത്തരം പ്രിവിലേജസ് ഒന്നും ഉളളതായി കണ്ടിട്ടില്ല,’ ശശികല പറഞ്ഞു.

സമരത്തില്‍ ഹിന്ദു ഐക്യവേദിക്ക് കാര്യമുണ്ടെന്നും, പദ്ധതി പ്രദേശത്ത് തിങ്ങിപാര്‍ക്കുന്നത് ഹിന്ദുക്കളാണെന്നും കെ.പി. ശശികല അഭിപ്രായപ്പെട്ടു.

‘സമരത്തില്‍ ഹിന്ദു ഐക്യവേദിക്ക് കാര്യമുണ്ട്. സമരം തുടങ്ങി 30 ദിവസത്തോളം ആരും അതില്‍ ഇടപ്പെട്ടിട്ടില്ല. പദ്ധതി പ്രദേശത്ത് ഹിന്ദുക്കളാണ് തിങ്ങിപാര്‍ക്കുന്നത്, ലത്തീന്‍ കത്തോലിക്കര്‍ പ്രദേശത്തില്ല. ലത്തീന്‍ കത്തോലിക്കരുടെ ഭൂമിയും ജോലിയും പോയിട്ടില്ല. പക്ഷെ അവര്‍ അവിടെ വന്ന് സ്വൈര്യം കെടുത്തുകയായിരുന്നു.

ആ ഗതികെട്ട അവസ്ഥയിലാണ് അവിടുത്ത നാടാര്‍ സമൂഹവും ഈഴവരും എന്‍.എസ്.എസും ഇതിനെതിരെ രംഗത്ത് വന്നത്. ഈ സാമൂദായിക സംഘടനകളുടെ കൂട്ടായ്മയാണ് ഹിന്ദു ഐക്യവേദി. അവിടെ ജാതിക്കും രാഷ്ട്രീയത്തിനും അതീതമായാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ അവര്‍ക്ക് കൃത്യമായി അറിയാം അവര്‍ ഹിന്ദുക്കളായതിനാലാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന്. അതുകൊണ്ടാണ് അവര്‍ ഹൈന്ദവ സംഘടനകളെ സമീപിച്ചത്,’ ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ഹിന്ദു ഐക്യവേദി മാര്‍ച്ചിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

കണ്ടാലറിയാവുന്ന 700 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിലക്ക് ലംഘിച്ച് വിഴിഞ്ഞം മാര്‍ച്ചില്‍ പങ്കെടുത്തതിനെതിരെയാണ് കേസെടുത്തത്.

പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്.

വിഴിഞ്ഞം തുറമുഖത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരായാണ് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം മാര്‍ച്ച് പ്രഖ്യാപിച്ചത്.

എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മാര്‍ച്ചിനെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് നോട്ടീസും നല്‍കിയിരുന്നു.

പൊലീസിന്റെ അനുമതി തേടാതെ മാര്‍ച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദിയുടെ ശ്രമം. വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

അതേസമയം, മന്ത്രി അബ്ദുറഹിമാനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.

വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

പരാമര്‍ശം വിവാദമായതോടെ ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ലത്തീന്‍ സഭയും ഫാ. തിയോഡോഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമര്‍ശം നാക്കുപിഴയെന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ പ്രതികരണം.

Content Highlight: KP Sasikala’s Response on Police Case Against Hindu Aikya Vedi March at Vizhinjam