കോഴിക്കോട്: മുസ്‌ലിങ്ങള്‍ക്കെതിരെയും വിദേശത്തെ നഴ്‌സുമാര്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല.
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും കെ.പി. ശശികല പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുണ്ട്.
‘കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്,’ ശശികല പറഞ്ഞു.
ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ലെന്നും വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നയാളാണെന്നും ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ശശികല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പെടെ എടുത്ത് പറഞ്ഞായിരുന്നു ശശികലയുടെ വിമര്‍ശനം.
ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളില്‍ ഒരാളായ ശിശുപാലിന്റെ മകനാണ് ദുര്‍ഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ശിശുപാല്‍ എന്നും കെ.പി. ശശികല പറഞ്ഞു.
കെ.പി. ശശികലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ ശിശുപാല്‍ജിയെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് മറക്കാന്‍ കഴിയില്ല. വാര്‍ദ്ധക്യത്തിലെ അവശതകളില്‍ പോലും ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍ കാന്‍ ശിശുപാല്‍ ജി മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. ആ ശിശുപാല്‍ജിയുടെ മകനാണ് ദുര്‍ഗാദാസ്.
നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. വിഭാഗികമായോ വര്‍ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. അദ്ദേഹം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴില്‍ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗള്‍ഫ് രാജ്യങ്ങള്‍ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലര്‍. (ആ ന്യായം വെച്ച് പാകിസ്ഥാനും അവരുടേതാകണമല്ലോ?)
ഓരോ പ്രസ്താവനയും ചോദ്യവും അവര്‍ ഭയക്കുന്നു. ആളുകളെ ഒറ്റപ്പെടുത്തി ചോദ്യങ്ങളും പ്രസ്താവനകളും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പലര്‍ക്കും. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് ടുക്കടെ ഗ്യാംങ്ങിന് ആര്‍ത്തു വിളിക്കാം. അതിനായി പ്രവര്‍ത്തിക്കാം പാക്കിസ്ഥാനില്‍ പോയി ഇന്ത്യാ വിരുദ്ധത പ്രസംഗിക്കാം. അതൊക്കെ അവരുടെ അവകാശമെന്ന ഭാവമാണ്.
അളയില്‍ കുത്തിയാല്‍ ചേരയും കടിക്കും. കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്.
ജയ് ശ്രീറാം വിളിക്കാത്തവരെ തല്ലിക്കൊല്ലല്‍ തൊട്ട് ഗര്‍ഭിണി ശൂലം ഭ്രൂണം. ബീഫ് വരെ എന്തും തട്ടിമൂളിക്കാം ബാക്കിയുള്ളവര്‍ കേട്ടിരുന്നോളണം എന്നതാണ് ധാര്‍ഷ്ട്യം. തിരിച്ച് തങ്ങളെപ്പറ്റിയാകുബോള്‍ കേസ്, അറസ്റ്റ്, ജോലി കളയല്‍, വെകിളിപിടിക്കല്‍, ജഗപൊഗ.
ഒന്നു മാത്രം ഓര്‍ക്കുക. നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍. സൗദി അറേബ്യ ലോകത്താദ്യമായി ഒരു റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യമാണ്. ഒരു റോബോട്ടിന് പൗരത്വം കൊടുത്താലും ഇവിടുത്തെ മദനി ശിഷ്യന്മാര്‍ക്കാര്‍ക്കും സൗദിയടക്കം ഒരു ഗള്‍ഫ് രാജ്യവും പൗരത്വം നല്‍കില്ല. അതുകൊണ് ആ കട്ടിലു കണ്ട് പനിക്കേണ്ട. നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്‌പോര്‍ട്ട് കൂടിയേ തീരു. വെറുതേ പറഞ്ഞൂന്നേയുള്ളു.
CONTENT HIGHLIGHTS: KP Sasikala’s Facebook post support Durgadas, former Malayalam Mission Coordinator in Qatar