| Saturday, 17th November 2018, 11:19 am

ആരാണ് ശശികല?; വൃശ്ചികം ഒന്നിലെ ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്നലെ രാത്രിയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു.

തിരികെ പോകണമെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനെത്തുടര്‍ന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ALSO READ: നാമജപ യാത്രയില്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് വിതരണം; ശബരിമല പ്രശ്‌നങ്ങളിലൂടെ കൂടുതലാളുകളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

ഇതരമതസ്ഥര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയാണ് ശശികല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വല്ലപ്പുഴ സ്‌കൂളില്‍ അധ്യാപികയായിരുന്ന ശശികല ഹിന്ദു ഐക്യവേദിയുടെ നേതൃസ്ഥാനത്തെത്തിയതോടെയാണ് വിദ്വേഷപ്രചരണവുമായി രംഗത്തെത്തുന്നത്.


വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളെത്തുടര്‍ന്ന് നിയമനടപടി നേരിടുന്ന ആളുമാണ് ശശികല.

ശബരിമല വിധിയെ തുടര്‍ന്നും വിദ്വേഷകരമായ പ്രസ്താവനയായിരുന്നു ശശികല നടത്തിയത്.

കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ നിന്നുകൊടുക്കരുതെന്നായിരുന്നു ശശികല പറഞ്ഞിരുന്നത്.

കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമല ക്ഷേത്രം. ഹിന്ദു സമൂഹം ആവശ്യപ്പെടാതെയും സമൂഹത്തില്‍ സമവായം ഉണ്ടാക്കാതെയും ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ലഭിക്കുന്ന അധിക വരുമാനം ലക്ഷ്യം വെച്ചുകൊണ്ടാണെന്നും ശശികല പറഞ്ഞിരുന്നു.

ALSO READ: അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്; രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ നിന്നും മടങ്ങി

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചരണം ആദ്യമായി ഉന്നയിക്കുന്നതെന്നും ശശികലയാണ്. കാണിക്കയായി ലഭിക്കുന്ന പണം സര്‍ക്കാര്‍ വകമാറ്റുകയാണെന്നും ഇതരമതസ്ഥരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെന്നുമുള്ള വ്യാജപ്രചരണത്തിന് പിന്നിലും ശശികലയായിരുന്നു.

ഡി.വൈ.എഫ്.ഐ സമ്മേളനത്തിനോടനുബന്ധിച്ച് കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യത്തോടെ പതിപ്പിച്ച പോസ്റ്ററില്‍ നവോത്ഥാനനായകരുടെ ചിത്രത്തെ വര്‍ഗീയമായി ദുരുപയോഗം ചെയ്തായിരുന്നു ശശികല ധര്‍മ്മജാഗരണ സമ്മേളനത്തില്‍ പ്രസംഗിച്ചത്.


ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, പൊയ്കയില്‍ കുമാരദേവന്‍ തുടങ്ങിയ ഹിന്ദു നേതാക്കളുടെ ചിത്രം വെച്ചാണ് കേരളം ഭ്രാന്താലയമാക്കരുത് എന്ന് മുദ്രാവാക്യം ഡി.വൈ.എഫ്.ഐ പ്രചരിപ്പിച്ചത് എന്നായിരുന്നു ശശികല പ്രസംഗത്തില്‍ പറഞ്ഞത്. കേരളം ഭ്രാന്താലയമാക്കാതിരിക്കാന്‍ ഹിന്ദുത്വം വേണമെന്ന് ഡി.വൈ.എഫ്.ഐയ്ക്ക് മനസിലായി എന്നായിരുന്നു ശശികലയുടെ പ്രസംഗം.

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായും ശശികല രംഗത്തെത്തിയിരുന്നു.


ബാബരി മസ്ജിദ് തകര്‍ത്തതിനെ ന്യായീകരിച്ചും രാമക്ഷേത്രനിര്‍മ്മാണത്തിനെ പിന്തുണച്ചും ശശികല പ്രസംഗിച്ചിരുന്നു. ശബരിമലയില്‍ തീപിടുത്തമുണ്ടായപ്പോള്‍ അത് ക്രിസ്ത്യാനികള്‍ ചെയ്തതാണെന്നായിരുന്നു ശശികലയുടെ പ്രചരണം.

ഹിന്ദു ഉണരണം എന്നായിരുന്നു പ്രസംഗങ്ങളിലൂടനീളം ശശികല ഉപയോഗിക്കുന്ന പ്രയോഗം.

സമാധാനത്തിനുള്ള നൊബേല്‍ അവാര്‍ഡ് ജേതാവായ മദര്‍ തെരേസയെ മതം മാറ്റാന്‍ വന്ന സ്ത്രീയെന്നായിരുന്നു ശശികല വിശേഷിപ്പിച്ചത്. ഹിന്ദുക്കളെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മദര്‍ തെരേസ മറവില്‍ മതം മാറ്റിയെന്നായിരുന്നു ശശികലയുടെ ആരോപണം.


ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിച്ചും ശശികല രംഗത്തെത്തിയിരുന്നു. എഴുത്തുകാര്‍ ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തണമെന്നായിരുന്നു ശശികലയുടെ പ്രചരണം.


എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിനെതിരെയും ശശികല രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് മഹാഭാരതം എന്ന പേരിടരുതെന്നായിരുന്നു ശശികലയുടെ പരാമര്‍ശം.

സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്നും ശശികല പറഞ്ഞിരുന്നു.

ALSO READ: പൊലീസ് നല്ലരീതിയില്‍ സഹകരിക്കുന്നു, നെയ്യഭിഷേകത്തിന് ബുദ്ധിമുട്ടില്ല; ശബരിമലയിലെ പൊലീസ് നിയന്ത്രണം ദര്‍ശനത്തെ ബാധിക്കുന്നില്ലെന്ന് മലയിറങ്ങിയ അയ്യപ്പഭക്തര്‍

“മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്‍േറതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും.


അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാണെന്നാണ് എന്നെ സംബന്ധിച്ച് തോന്നുന്നത്. ഇത് ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്. അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ട്.” സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയുള്ള സുപ്രീംകോടതി വിധിയോട് ഇത്തരത്തിലായിരുന്നു ശശികലയുടെ പ്രതികരണം.


മുസ്‌ലിങ്ങള്‍ക്ക് ഹജ്ജ് സബ്‌സിഡി നല്‍കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രസന്ദര്‍ശനത്തിന് സബ്‌സിഡിയില്ലെന്നും ശശികല പ്രസംഗിച്ചിരുന്നു. അതേസമയം രാജ്യത്തിന് പുറത്തുള്ള ആരാധനാലയങ്ങളില്‍ ദര്‍ശനത്തിന് പോകുന്ന എല്ലാ മതസ്ഥരായ തീര്‍ത്ഥാടകര്‍ക്കും യാത്രാചെലവില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചായിരുന്നു ശശികലയുടെ വര്‍ഗീയപ്രസംഗം.

നേരത്തെ ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോള്‍ നടപ്പന്തലിനടുത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ശശികലയായിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ശശികലയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more