|

ഗൗരിലങ്കേഷിനെ പോലെ ഇരകളാകാതിരിക്കണമെങ്കില്‍ എഴുത്തുകാര്‍ മൃത്യുജ്ഞയഹോമം നടത്തണം; ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എഴുത്തുകാര്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരാമര്‍ശങ്ങള്‍. എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തട്ടെയെന്നും എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ലെന്നും ശശികല പറഞ്ഞു.

“എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍ എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലണ്ട ഗതികേട് ആര്‍ എസ് എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല”.

“ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം” എന്നാണ് ശശികലയുടെ പരാമര്‍ശം.

പ്രസംഗത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നിയമോപദേശം ലഭിച്ച ശേഷം ശശികലയ്‌ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസാണ് മതേതര എഴുത്തുകാരെ കൊല്ലുന്നതെന്നും അതാണ് താന്‍ പ്രസംഗിച്ചതെന്നും ശശികല പറഞ്ഞു. എഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണെന്നാണ് താന്‍ പറഞ്ഞതെന്നും ശശികല പറയുന്നു.

Video Stories