നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല; അല്ലെങ്കില്‍ കാണാമായിരുന്നു: ശശികല
Kerala
നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല; അല്ലെങ്കില്‍ കാണാമായിരുന്നു: ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2017, 9:28 am

തിരുവനന്തപുരം: എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്ന ഉറച്ച നിലപാടില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല.

എം.ടി വാസുദേവന്‍നായരുടെ തന്നെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്നും
അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറയുന്നു.


Dont Miss ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി 


ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്.ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറയുന്നു.

മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍. ഇന്നാണ് നിര്‍മാല്യം പോലൊരു സിനിമയുടെ ക്ലൈമാക്സ് എങ്കില്‍ തല പോകുമെന്ന് നേരത്തെ എംടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുകയാണ്. വെളിച്ചപ്പാടിന്റെ ഈ ഉറഞ്ഞുതുള്ളലിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഒരിക്കല്‍ എം.ടി ഈ പ്രതികരണം നടത്തിയത്.

പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയെ സിനിമയാക്കിയപ്പോള്‍ സ്‌ക്രിപ്റ്റില്‍ എക്‌സ്റ്റെന്‍ഡ് ചെയ്താണ് കാണിച്ചത്.
ആ രംഗം വളരെ തൃപ്തിയായി തോന്നിയതാണ്. ഇന്ന് അങ്ങനെയൊന്നും കാണിക്കാന്‍ പറ്റില്ല. തല പോവും. നിര്‍മാല്യം എടുത്തുകഴിഞ്ഞപ്പോല്‍ തന്നെ ഉള്ളിന്റെയുള്ളില്‍ അത് വലിയ അംഗീകാരം നേടുമെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

1973ലാണ് എംടി സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി നിര്‍മാല്യം എന്ന സിനിമ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം എം.ടി തന്നെയായിരുന്നു.