കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
Kerala News
കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 7:22 am

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ALSO READ: “കോൺഗ്രസ്സും ബി.ജെ.പിയും വിശ്വാസത്തിന്റെ പേര് പറഞ്ഞു ശബരിമലയിൽ കലാപത്തിന് ശ്രമിക്കുന്നു”; ബാബരി മസ്ജിദ് തകർത്തത് ചൂണ്ടിക്കാട്ടി എം.എം.മണി

അതേസമയം അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.

നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ALSO READ: പാര്‍ട്ടിയിലെ ചിലര്‍ താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നു: കെ.സുധാകരന്‍

കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു.