| Saturday, 17th November 2018, 11:32 pm

ശശികല 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ; സുരേന്ദ്രന് ആചാരം ലംഘിക്കാമോ?; വിമര്‍ശനവുമായി എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ബി രാജേഷ്. ശബരിമലക്ക് മാലയിട്ടാല്‍ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂര്‍ണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ എന്നും ഇന്ന് അലമ്പുണ്ടാക്കാന്‍ വന്ന സുരേന്ദ്രന്‍ 41 ദിവസം വ്രതമെടുത്തോ എന്നും രാജേഷ് ചോദിച്ചു.

“ഇന്നലെ നെടുമ്പാശ്ശേരിയില്‍ കണ്ട സുരേന്ദ്രന്‍ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോള്‍ 41 ദിവസത്തെ വ്രതം അയാള്‍ക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കല്‍ മാലയിട്ടാല്‍ പിന്നെ ഊരുകയേയില്ലെന്നാണോ”? രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

Read Also  : സുരേന്ദ്രന്റെ കരുതൽ തടങ്കൽ; സംസ്ഥാനവ്യാപകമായി വാഹനം തടയുമെന്നു ബി.ജെ.പി

“ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണെന്നല്ലേ തള്ള്. മനുസ്മൃതിയനുസരിച്ച് ഒരുവന്‍ അനുഷ്ഠിക്കേണ്ടതും അഗ്‌നി പുരാണം 155 ആം അധ്യായത്തില്‍ കാണുന്നതുമായ നിത്യപൂജാവിധികളെല്ലാം ലംഘിക്കാതെ പാലിക്കുന്നവരാണല്ലോ ഇവരൊക്കെ. നിത്യപൂജാവിധികളുടെ പട്ടിക വേണോ? ഒന്നൊത്തു നോക്കാം” രാജേഷ് പറഞ്ഞു.

ടെലിവിഷന്‍ ക്യാമറകളുടെ കാലത്ത് ക്ഷൗരം ചെയ്യാതെ നീട്ടി വളര്‍ത്തിയ താടിയും മുടിയുമൊക്കെയായിട്ട് സുരേന്ദ്രന് ശബരിമലക്ക് പോകാനൊക്കുമോ? സാഹചര്യമനുസരിച്ചുള്ള അഡ്ജസ്റ്റ്‌മെന്റായി അത് കണക്കാക്കാം.പക്ഷേ, സ്ത്രീ പ്രവേശനത്തില്‍ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റുമെന്റുമില്ലെന്നും പരിഹാസ് രൂപണേ  രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇപ്പോള്‍ സുരേന്ദ്രന്‍ നിലയ്ക്കലില്‍ അലമ്പുണ്ടാക്കുന്നത് ടി.വി.യില്‍ കണ്ടു. ഇന്നലെ ശശികലയുടെ ഊഴമായിരുന്നു.ശശികലയുടെ നേതൃത്വത്തില്‍ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹര്‍ത്താല്‍ ആചരിച്ചു.അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി. അല്ല ഒന്നു ചോദിച്ചോട്ടെ, വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ എന്നത് പരമ്പരാഗത ആചാരമാണോ? ഇന്ന് അലമ്പുണ്ടാക്കാന്‍ വന്ന സുരേന്ദ്രന്‍ 41 ദിവസം വ്രതമെടുത്തോ? ശബരിമലക്ക് മാലയിട്ടാല്‍ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂര്‍ണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ? ഇന്നലെ നെടുമ്പാശ്ശേരിയില്‍ കണ്ട സുരേന്ദ്രന്‍ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോള്‍ 41 ദിവസത്തെ വ്രതം അയാള്‍ക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കല്‍ മാലയിട്ടാല്‍ പിന്നെ ഊരുകയേയില്ലെന്നാണോ?

ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണെന്നല്ലേ തള്ള്. മനുസ്മൃതിയനുസരിച്ച് ഒരുവന്‍ അനുഷ്ഠിക്കേണ്ടതും അഗ്‌നി പുരാണം 155 ആം അധ്യായത്തില്‍ കാണുന്നതുമായ നിത്യപൂജാവിധികളെല്ലാം ലംഘിക്കാതെ പാലിക്കുന്നവരാണല്ലോ ഇവരൊക്കെ. നിത്യപൂജാവിധികളുടെ പട്ടിക വേണോ? ഒന്നൊത്തു നോക്കാം.

പുരാണിക് എന്‍സൈക്ലോപീഡിയ പറയുന്നത് ദുഷ്ടമൃഗങ്ങള്‍ നിറഞ്ഞ ആ വനപ്രദേശത്ത് മനുഷ്യര്‍ താമസിച്ച് എന്നും പൂജയും മറ്റും നടത്താന്‍ പ്രയാസമുള്ളതു കൊണ്ടാണ് ശബരിമലയില്‍ നിത്യപൂജയില്ലാത്തത് എന്നാണ്. പിന്നെയത് എല്ലാ മലയാള മാസവും ഒന്നാം തീയതിയും അത് പിന്നീട് ആദ്യത്തെ അഞ്ചു ദിവസങ്ങളായി ദീര്‍ഘിപ്പിച്ച് പരിഷ്‌കരിച്ചതും എന്തുകൊണ്ടായിരുന്നു.? വിശ്വാസം ശാശ്വതമാകുമ്പോള്‍ തന്നെ ആചാരം കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറുന്നതാണെന്ന ലളിത സത്യം മാത്രമാണിത്.

ടെലിവിഷന്‍ ക്യാമറകളുടെ കാലത്ത് ക്ഷൗരം ചെയ്യാതെ നീട്ടി വളര്‍ത്തിയ താടിയും മുടിയുമൊക്കെയായിട്ട് സുരേന്ദ്രന് ശബരിമലക്ക് പോകാനൊക്കുമോ? സാഹചര്യമനുസരിച്ചുള്ള അഡ്ജസ്റ്റ്‌മെന്റായി അത് കണക്കാക്കാം.പക്ഷേ, സ്ത്രീ പ്രവേശനത്തില്‍ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റുമെന്റുമില്ല.

We use cookies to give you the best possible experience. Learn more