സ്വവര്‍ഗ ലൈംഗികത ചികിത്സിക്കേണ്ട മാനസിക വൈകൃതം: കെ.പി ശശികല
Kerala News
സ്വവര്‍ഗ ലൈംഗികത ചികിത്സിക്കേണ്ട മാനസിക വൈകൃതം: കെ.പി ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th September 2018, 7:06 pm

സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.

“മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്‍േറതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും.

അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാണെന്നാണ് എന്നെ സംബന്ധിച്ച് തോന്നുന്നത്. ഇത് ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്. അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ട്.” ശശികല പറഞ്ഞു.


“നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ചാണ് ഭരണഘടനാ ശില്‍പ്പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എല്ലാ നിയമവും നാം പിന്തുടരുന്നില്ല. IPC 377നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്നെനിക്കറിയില്ല”- ശശികല പറഞ്ഞു.

കോടതി വിധിയേയും നടപടികളേയും വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും ഒരുപക്ഷേ ഇത് വ്യക്തിസ്വാതന്ത്ര്യമായിരിക്കാമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി വന്നിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.