| Thursday, 20th February 2020, 3:01 pm

ഞാനും ഒരു ലൗ ജിഹാദി, ജീസസും ഒരു ജിഹാദിയായിരുന്നു; കര്‍ദ്ദിനാളിന് കെ.പി ശശിയുടെ തുറന്നകത്ത്

കെ.പി ശശി

സര്‍,

ഞാന്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭാരതീയ തത്വചിന്തകളില്‍ ഒന്നായ ചാര്‍വാകത്തില്‍ ഉള്‍പ്പെടുന്നൊരാളാണ്. ക്രിസ്തു, ബുദ്ധ, ജൈന, ഹിന്ദു, ഇസ്ലാം, മാര്‍ക്സിസം ഉള്‍പ്പെടെയുള്ള എല്ലാ വിശ്വാസസംഹിതകളുടേയും പിറവിക്ക് മുന്‍പ് ഇന്ത്യയില്‍ ഉപനിഷത്തുകള്‍ ഉണ്ടായിരുന്ന കാലത്ത് നിലനിന്നിരുന്ന ഒന്നാണ് ചാര്‍വാക. എന്നെ പോലുള്ള ഒരാള്‍ക്ക്, ഒരു നിരീശ്വരവാദിയെപോലെയോ യുക്തിവാദിയെ പോലെയോ ദൈവത്തെ ഒരിക്കലും ശത്രുവായി കാണാന്‍ കഴിയില്ല.

എന്റെ ഉള്ളിലുള്ള ചോദ്യമിതാണ്: ദൈവം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഞാന്‍ അതിന് വേണ്ടി പോരാടുന്നത്? രണ്ടാമതായി ദൈവം ഇന്ത്യയിലെ ദശലക്ഷകണക്കിന് ആളുകള്‍ക്ക് പ്രത്യാശയും ആശ്വാസവും പിന്തുണയും നല്‍കുന്നുണ്ടെങ്കില്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച പങ്ക് ദൈവത്തിന് ഇവിടെയുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ നെടുവീര്‍പ്പും ആത്മാവില്ലാത്തവരുടെ ആത്മാവും എന്ന തലത്തില്‍ ആയിരക്കണക്കിന് ദൈവങ്ങള്‍ക്ക് ഈ രാജ്യത്തെ ജനങ്ങള്‍ പ്രധ്യാനം നല്‍കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിനുള്ള അവകാശത്തെ പിന്തുണക്കാനാണ് എന്റെ തീരുമാനം. ഇന്ത്യന്‍ ഭരണഘടനയിലൂടെ ബി. ആര്‍. അംബേദ്കര്‍ ആവിഷ്‌കരിച്ച വിശ്വാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ രാജ്യത്ത് നടക്കുന്നത്.

സര്‍, സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് നിങ്ങള്‍ നടത്തിയ പ്രസ്താവന ഞാന്‍ ആദ്യം വായിച്ചത് തമാശയോടെയും പിന്നീട് വളരെ ആശങ്കയോടെയുമാണ്. അത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ നിലവില്‍ തന്നെയുള്ള അടിച്ചമര്‍ത്തപ്പെട്ട സാഹചര്യങ്ങള്‍ കൊണ്ടല്ല മറിച്ച് നിങ്ങളുടെ സഭയുടെ തന്നെ ഇന്നത്തെ സാഹചര്യങ്ങള്‍ കൊണ്ടാണ്.

ലൗവ് ജിഹാദ് വഴി നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു നിങ്ങളുടെ പ്രസ്താവന. ഒപ്പം കേരളത്തില്‍ നിന്നും 21 പേര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ പകുതിയിലേറെയും ക്രിസ്തുമതത്തില്‍ നിന്നാണെന്നും നിങ്ങള്‍ പറയുന്നു.

‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് കേരളത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ട്, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നു. ‘എന്ന തരത്തില്‍ നിങ്ങള്‍ മുസ്ലിങ്ങളെ ലക്ഷ്യം വെച്ച് പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ രൂപപ്പെടുന്ന ഭയത്തിന്റെ ഉത്തരവാദി നിങ്ങളാണ്.

സഭാശ്രേണിയിലെ ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്ന നിങ്ങളെപോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരാളില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുമ്പോള്‍ അത് കേരളത്തിലെ സാധാരണക്കാരായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള മതപരമായ ഐക്യത്തില്‍പ്പോലും വിള്ളലുകള്‍ വീഴ്ത്തും. പോപ്പ് പോലും മതപരമായ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. എന്നാല്‍ നിങ്ങള്‍ അത് ചെയ്യുന്നു. സത്യവും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അത്തരം പ്രസ്താവന നടത്തുന്നതില്‍ നിങ്ങള്‍ അവസാനിപ്പിച്ചില്ല. പകരം ഇതിനെതിരെ ക്രിസ്ത്യന്‍ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കാന്‍ പ്രചരണങ്ങള്‍ നടത്തുവാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം കൃത്യമായ വസ്തുതകളോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രസ്താവനയെ സാധൂകരിക്കാന്‍ കഴിഞ്ഞില്ലായെന്നതും നിര്‍ഭാഗ്യകരമാണ്. സര്‍, ഇത് ഇസ്ലാമോഫോബിയയല്ലെങ്കില്‍, മറ്റെന്താണ്?

‘നമ്മുടെ മതപരമായ സ്വത്വങ്ങളുടെ പൊതുവായ വേരുകളും വ്യത്യാസങ്ങളും മനസിലാക്കാന്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ യഹൂദമതവും ഇസ്ലാമുമായുള്ള സംഭാഷണത്തിലൂടെ പഠിപ്പിക്കണം, അത് വഴി വൈവിധ്യത്തെ വിലമതിക്കുകയും ബഹുമാനം, സാഹോദര്യം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ വളര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കൂടുതല്‍ ഫലപ്രദമായി സംഭാവന നല്‍കണം.’-ജൂണ്‍ 21 ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞവാക്കുകളാണിത്.

സര്‍, ദൈവത്തിന്റെ പ്രതിനിധിയായി നില്‍ക്കുകയെന്ന നിങ്ങളുടെ പദവിയെ ചോദ്യം ചെയ്യാനുള്ള ഉദ്ദേശ്യം എനിക്കില്ല. മറിച്ച് വളരെ വിനയത്തോടെ ഇസ്ലാമിനെ വീക്ഷിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മഹത്വത്തെ നിങ്ങള്‍ക്ക് കാട്ടിത്തരികയെന്ന ഉദ്ദേശം മാത്രമാണ് എന്റേത്.

അദ്ദേഹം ഇത് പറയുന്നതിലൂടെ എനിക്ക് മനസിലാവുന്നത് വൈവിധ്യങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും സത്യത്തെ അന്വേഷിക്കുന്ന ഒരു ദെെവശാസ്ത്ര വിദ്യാര്‍ത്ഥി ഇപ്പോഴും അദ്ദേഹത്തിന്റെ രക്തത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്.

നിങ്ങളുടെ ശ്രദ്ധക്ക്, ഇതിനോടകം ചത്ത കുതിരയായ ലൗവ് ജിഹാദിനെ വീണ്ടും എഴുന്നേല്‍പ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ചരിത്രവും രാഷ്ട്രീയവും അര്‍ത്ഥവും നിങ്ങള്‍ വളരെകുറച്ച് മാത്രമേ മനസിലാക്കാന്‍ ശ്രമിക്കുന്നുവെന്നുള്ളതാണ് വെളിവാകുന്നത്. അതിനാല്‍ തന്നെ ഒരു മതത്തിന്റേയും ഭാഗമല്ലാത്ത ചാര്‍വകയെന്ന നിലയില്‍, നിങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതിനായി ചില വസ്തുതകള്‍ പങ്കിടുന്നത് എന്റെ ഉത്തരവാദിത്തമായി കരുതുന്നു.

കേരളത്തിലെ 18 ലൗവ് ജിഹാദ് കേസുകളില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ക്രിസ്ത്യന്‍ ഡി.ജി.പിയായ ജേക്കബ് പുന്നൂസ് കേരള ഹൈക്കോടതിയില്‍ പറഞ്ഞത് മതപരിവര്‍ത്തനം എന്ന ഉദ്ദേശത്തോടെ പെണ്‍കുട്ടികളെ ലക്ഷ്യം വെക്കുന്ന ഒരു സംഘടനയും അംഗങ്ങളും ഇവിടെയില്ലെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായിട്ടുള്ള മൂന്ന് കേസുകളില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2009 ഡിസംബറില്‍ കേരള ഹൈക്കോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു. പൂന്നൂസിന്റെ പ്രസ്താവനയോടെ ലൗവ് ജിഹാദ് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിലും കേരളത്തില്‍ ലൗവ് ജിഹാദ് കേസുകളൊന്നും കണ്ടെത്തിയില്ല. ഈയിടെ കേരളത്തിലെ ബെന്നി ബെഹ്നാന്‍ എം.പി കേരളത്തില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് അറിയാമോ എന്ന ഒരു ചോദ്യം ഉയര്‍ത്തിയിരുന്നു.

അങ്ങനെയുണ്ടെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നിന്ന് ലവ് ജിഹാദിന്റെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍? ‘എന്താണ്.

ചോദ്യത്തിന് മറുപടിയായി ആഭ്യന്തരസഹമന്ത്രി ജി കിഷാന്‍ റെഡി പറഞ്ഞത്. ഇത്തരത്തില്‍ ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിയും ഒരു ലവ് ജിഹാദ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ്. വാസ്തവത്തില്‍, ‘ലവ് ജിഹാദ്’ എന്ന പദം നിലവിലെ നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതം അവകാശപ്പെടാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ ഈ നിലപാട് ശരിവച്ചിട്ടുണ്ട്. ബെന്നി ബെഹ്നാന്‍ ഒരു ക്രിസ്റ്റന്യാനിയാണെന്നും ഭരണഘടനെ ഉദ്ധരിച്ച് ബി.ജെ.പി സര്‍ക്കാരാണ് മറുപടി നല്‍കിയതെന്നും പറയുന്നത് അനാവശ്യമാണ്.

സര്‍, ഇത്രയും വിവരങ്ങള്‍ പുറത്തുവന്നിട്ടും കേരളത്തിലെ ബി.ജെ.പിയും സംഘപരിവാരവും മുസ്ലിങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന, ഇതുവരെ തെളിയിക്കാന്‍ പറ്റാത്ത ലൗവ് ജിഹാദ് എന്ന വിഷയത്തെ കര്‍ദ്ദിനാള്‍ ബിഷപ്പിന് എങ്ങനെ പിന്തുണയ്ക്കാന്‍ പറ്റുന്നു? ഞങ്ങളെപ്പോലെ മതേതരമായി ചിന്തിക്കുന്ന നിരവധി പേരുടെ ഉള്ളില്‍നിന്ന് ഈ ചോദ്യം ഉയരുന്നുണ്ട്. ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ, ഇത് മതത്തിന് പുറത്തുള്ളവര്‍ മാത്രമല്ല, ക്രിസ്ത്യന്‍ മതത്തിനുള്ളില്‍ തന്നെയുള്ള ഇവിടെ കഴിയുന്നവരും വിദേശത്ത് കഴിയുന്നവരുമായ നിരവധിപേരുടെ ഉള്ളില്‍ ഈ ചോദ്യമുണ്ട്. താങ്കള്‍ക്ക് നേരിട്ട് തന്നെ അത്തരത്തിലുള്ള ഫോണ്‍കോളുകളും കത്തുകളും വന്നിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

ഇനി താങ്കള്‍ തന്നെ പറഞ്ഞ ലൗവ് ജിഹാദ് എന്നതിനെക്കുറിച്ചുള്ള കുറച്ച് അറിവ് താങ്കളുമായി പങ്കിടുകയാണ്. ബൈബിളിലും ഖുര്‍ആനിലും സാധാരണയായി ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് ലൗവ് എന്നത്. പ്രവാചകനായ മുഹമ്മദ് നബിയ്ക്ക് ജീസസിനോട് വലിയ ബഹുമാനമായിരുന്നു. മാത്രമല്ല ഖുര്‍ആനില്‍ ജീസസിനെ ഇരുപതിലധികം തവണയാണ് സൂചിപ്പിച്ചിട്ടുള്ളത്. അതായത് മുഹമ്മദ് നബിയേക്കാള്‍ കൂടുതല്‍.

കഴിഞ്ഞ കുറച്ച് ദശകങ്ങളായി മുസ്ലീം വിരുദ്ധ വികാരം വളര്‍ത്തുന്നതിനായി സാധാരണഗതിയില്‍ ഉപയോഗിക്കുന്ന വാക്കാണ് ജിഹാദ്. മുസ്ലീങ്ങളെ എല്ലാം തീവ്രവാദികളായി കാണുന്നതിന് വേണ്ടി ജിഹാദ് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് അമേരിക്കയാണ്. അവരുടെ ധാരണ പ്രകാരം ഇസ്ലാം ആരംഭിക്കേണ്ട വിശുദ്ധ യുദ്ധത്തിന്റേയോ തീവ്രവാദത്തിന്റേയോ പേരാണ് ജിഹാദ്.

എന്നാല്‍ പോരാട്ടം, പരിശ്രമം എന്നതൊക്കെയാണ് ജിഹാദിന്റെ ശരിയായ അര്‍ത്ഥം. നിങ്ങളുടെ പള്ളി നടത്തുന്ന ഒരു മെഡിക്കല്‍ കോളേജില്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി നടത്തുന്ന ‘പോരാട്ടം’ അല്ലെങ്കില്‍ ‘ശ്രമം’ ഉള്‍പ്പെടെ നിരവധി സന്ദര്‍ഭങ്ങളില്‍ ജിഹാദ് ‘എന്ന പദം ഉപയോഗിക്കാം. ഇനി ജിഹാദ് എന്ന വാക്കിന് ഒരു മതപരമായ വ്യാഖ്യാനം നല്‍കേണ്ടതുണ്ടെങ്കില്‍, അതിനര്‍ത്ഥം പാപത്തെ നീക്കം ചെയ്യാനുള്ള ആത്മീയപോരാട്ടം’ അല്ലെങ്കില്‍ ‘പരിശ്രമം’ എന്നാണ്.

ഒരു സ്വേച്ഛാധിപത്യ നേതാവിന് മുന്നില്‍ സത്യത്തെ കുറിച്ച് സംസാരിക്കുന്നതാണ് ഏറ്റവും നല്ല ‘ജിഹാദ്’ എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്, പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സത്യസന്ധമായി സംസാരിച്ചു എന്ന കുറ്റത്തിനാണ് ജീസസിനെ കുരിശിലേറ്റിയത്. ലോകത്തെല്ലാവരും ബഹുമാനിക്കുന്ന ജിഹാദിയാണ് അദ്ദേഹം. കൂടാതെ പള്ളികളെയും ക്ഷേത്രങ്ങളേയും യഹൂദപ്പള്ളികളേയും ക്രിസ്ത്യന്‍ പള്ളികളേയും ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ചെറിയ ജിഹാദ് നടത്തണമെന്ന് ഖുര്‍ആനില്‍ (22:41) പറയുന്നുമുണ്ട്.

സര്‍, ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്ന ഈ വേളയില്‍ താങ്കളെപ്പോലുള്ളവര്‍ ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ഓര്‍ക്കേണ്ടത് അതിപ്രധാനമാണ്. ‘1930 കളില്‍ അദ്ദേഹം പറഞ്ഞു, നമുക്കുള്ളത് പ്രധാനമായും മൂന്ന് ശത്രുക്കളാണ്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍’, നമ്മള്‍ ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനായി അന്ന് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും, ഭഗത് സിംഗിന്റെ സംഘവും അംബേദ്കറൈറ്റുകളും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സുഭാഷ് ചന്ദ്ര ബോസിനെപ്പോലുള്ളവരും മുസ്ലീം ലീഗും കോണ്‍ഗ്രസും ആയിരകണക്കിന് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം പോരാടുമ്പോഴാണ് അദ്ദേഹം ഇത് പറയുന്നത്.

തങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, നമ്മുടെ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും വേണ്ടി, ആസാദി എന്നത് സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ള പോരാട്ടമായതിനാല്‍ അവരും ജിഹാദികളായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുമ്പോഴാണ് (ജിഹാദി) താങ്കളുടെ പ്രസ്താവന പുറത്തുവരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നില്ല. എന്നാല്‍ മോദി അത് ഇപ്പോള്‍ ചെയ്യുന്നുണ്ട്. നാളെ ഇന്ത്യനാണെന്ന് നിങ്ങള്‍ക്കും തെളിയിക്കേണ്ടി വരും. നിങ്ങളുടെ പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പള്ളിയിലെ ഐഡന്റിറ്റിയും മതിയാകില്ല അതിന്. നിങ്ങളുടെ കുടുംബം പ്രത്യേകിച്ച് നിങ്ങളുടെ രക്ഷിതാക്കള്‍ ഇന്ത്യക്കാരാണെന്ന് തെളിയിച്ചുകൊടുക്കേണ്ടിവരും. മതപരമായി ഇസ്ലാമിനെ പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ മുസ്ലീങ്ങള്‍ ഭീഷണിയിലാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ ക്രിസ്ത്യന്‍ ഐഡന്റിറ്റിയും ഭീഷണിയിലാണ്. ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ സംഘപരിവറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

ഒരു ഹിന്ദു രാഷ്ട്രത്തിനുള്ള അടിത്തറ മോദി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും ഇതിനകം പിടിച്ചെടുത്തു. ആളുകള്‍ പ്രതിഷേധിക്കട്ടെ. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങള്‍ ചെയ്യുമെന്ന് അഹങ്കാരത്തോടെ ഭരണാധികള്‍ പ്രഖ്യാപിക്കുന്നത് നാം കേട്ടിട്ടുണ്ട്. അത്തരം ശക്തികളുമായി നിങ്ങള്‍ സഹകരിക്കുന്നു എന്നത് വളരെ ദയനീയമാണ്.

കന്ധമലില്‍ നൂറിലധികം ദളിത്, ആദിവാസി ക്രിസ്ത്യാനികളെ കശാപ്പ് ചെയ്ത് കൊന്നത് മുസ്ലീങ്ങളല്ലെന്നോര്‍ക്കുക. കന്ധമലില്‍ 40 ക്രിസ്ത്യന്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത് മുസ്ലീങ്ങളല്ലെന്നോര്‍ക്കുക. ഏത് ശക്തികളായിരുന്നു ആ നീചകൃത്യത്തിന് പിന്നിലെന്ന് എനിക്കും നിങ്ങള്‍ക്കുമറിയാം. കന്ധമല്‍ വംശഹത്യയ്ക്കിടെ 58,000 ക്രിസ്ത്യാനികളെ മതപരമായ സ്വത്വം സംരക്ഷിക്കാന്‍ പലായനം ചെയ്യാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിച്ചിട്ടില്ല. കന്ധമാല്‍ വംശഹത്യയുടെ ഇരകളും അതിജീവിച്ചവരുമായി ആയിരക്കണക്കിന് പേരാണ് കേരളത്തില്‍ ഇന്നുമുള്ളത്.

കേരളത്തിലെ തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരുന്ന ‘കുടിയേറ്റ തൊഴിലാളികള്‍’ എന്ന വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കന്ധമാലില്‍ നിന്നുള്ള ആ കുടിയേറ്റക്കാര്‍ കന്ധമാല്‍ ക്രിസ്ത്യന്‍ വംശഹത്യയുടെ ഇരകാണെന്നുള്ള താങ്കളുടെ ഒരു വാക്ക് പോലും ഞാന്‍ പത്രങ്ങളില്‍ കണ്ടിട്ടില്ല.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന മുസ്ലീം യുവജന സംഘടന കന്ധമാല്‍ വംശഹത്യ ഇരകള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വൃന്ദാ കാരാട്ട്, മണിശങ്കര്‍ അയ്യര്‍, കവിതാ കൃഷ്ണന്‍, മേധാപട്കര്‍, സ്വാമി അഗ്നിവേശ്, രാം പുനിയാനി, ആനി രാജ, ധിരേന്ദ്ര പാണ്ഡ, സുധീര്‍ പട്‌നായിക്, കേദര്‍ മിശ്ര, പ്രഫുള്ള സാമന്ത്ര, പ്രശാന്ത് പൈക്രേ തുടങ്ങി മതേതരമായി ചിന്തിക്കുന്ന നിരവധി പേര്‍ സി.പി.ഐ, സി.പി.ഐ.എം, കോണ്‍ഗ്രസ്, സി.പി.ഐ.എം.എല്‍ എന്നിവര്‍ക്കൊപ്പം ക്രിസ്ത്യാനികളായ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് (ജിഹാദ്) മുന്‍പന്തിയിലുണ്ടായിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ അവരുടെ പുനരധിവാസത്തിനായി സംഭാവനകള്‍ നല്‍കിയിരുന്നു. പക്ഷെ കന്ധമാല്‍ ഇരകള്‍ക്ക് വേണ്ടി സംസാരിക്കാനോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. സേവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ പേരില്‍ സഭ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നതിനാല്‍ താങ്കളുടെ നിശബ്ദത എനിക്ക് മനസിലാകും.

എന്നിരുന്നാലും ക്രിസ്ത്യാനികള്‍ എല്ലാ സംസ്ഥാനത്തും പീഡിപ്പിക്കപ്പെടുന്നു എന്ന പഠനങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. ഇതില്‍ കേരളവും ഉള്‍പ്പെടുന്നു. ഇന്ന് നിങ്ങള്‍ പ്രതിനിധീകരിക്കുന്ന കെട്ടിടങ്ങള്‍ സമീപഭാവിയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണേക്കാം. അതിന് അധികം സമയം വേണ്ടി വരില്ല സര്‍. എന്നാല്‍, ലൗ ജിഹാദിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രചാരണം തുടരുകയും കേരളത്തിലെ സാധാരണ ക്രിസ്ത്യന്‍ കുടുംബങ്ങളെ ഭയപ്പെടുത്തുന്നത് ആവര്‍ത്തിക്കുകയും വേണം. അതിലൂടെ കൂടുതല്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ നേതൃത്വത്തിന്റെ സ്വഭാവവും താല്‍പ്പര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും.

‘ദി വോയ്‌സ് ഫ്രം റൂയിന്‍സ്’ എന്ന ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ കന്ധമലില്‍ വിശ്വ ഹിന്ദു പരിഷത് നേതാക്കള്‍ പ്രചരിപ്പിച്ച ക്രിസ്ത്യാനോഫോബിയയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വി.എച്ച്.പി നേതാവ് താങ്കളെപ്പോലെ തന്നെയാണ് സംസാരിച്ചത്, അതില്‍ ആണ്‍-പെണ്‍ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ‘നിഷ്‌കളങ്കരായ ഹിന്ദു ആണ്‍കുട്ടികളെ’ വശീകരിക്കുകയും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയുമാണ് എന്നായിരുന്നു അവരുടെ പ്രചരണം. പഴയ ഹിന്ദി സിനിമയിലെ ഹെലന്‍ എന്ന കഥാപാത്രത്തെപ്പോലെ ഹിന്ദു ആണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ വശീകരണനൃത്തം കളിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ സ്വകാര്യമുറിയ്ക്കുള്ളില്‍ കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു പ്രചരണം. ക്രിസ്ത്യാനികള്‍ക്കെതിരായ ഈ ഭയം കന്ധമല്‍ വംശഹത്യയ്ക്ക് മുന്‍പ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ സമയത്ത് അന്ന് നടന്ന ഹിന്ദുത്വ പ്രക്ഷോഭത്തെക്കുറിച്ച് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ ഞങ്ങളുടെ വോയിസ് ഫ്രം ദ റൂയിന്‍സ് എന്ന ഡോക്യുമെന്ററി കാണൂ.

കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ ഹിന്ദുവിനേയും മുസ്ലീമിനേയും ക്രിസ്ത്യാനികളേയും കുറിച്ച് താങ്കള്‍ പറഞ്ഞതാണ് ഒട്ടും സ്വീകാര്യമല്ലാത്തത്. മുസ്ലീം ആണ്‍കുട്ടികളാല്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വശീകരിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ നിങ്ങള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് അപമാനിക്കുന്നത്. ഹിന്ദു, മുസ്ലീം പെണ്‍കുട്ടികളെ അപേക്ഷിച്ച് കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിലും സാമൂഹികനിലയിലും സ്വതന്ത്രചിന്തയിലും ഏറെ മുന്നിലാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരാണ് അവര്‍ എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യയിലെ വനിതാ സംഘടനകള്‍ക്ക് കൂടുതല്‍ ഉചിതമായി നല്‍കാനാകും.

അവസാനമായി ജര്‍മ്മനിയില്‍ ഫാസിസത്തിനെതിരെ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച കവിത ഒരു ക്രിസ്ത്യന്‍ പാസ്റ്ററില്‍ നിന്നാണെന്ന് കൂടി ഞാന്‍ ഈ അവസരത്തില്‍ പറയുകയാണ്. ഈ കവിതയ്ക്ക് ധാരാളം പതിപ്പുകള്‍ ഉള്ളതിനാല്‍ ചെറിയ ഒരു ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം. ജര്‍മ്മനിയില്‍ നാസി ഭരണകാലത്ത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നീമോല്ലര്‍ ഇങ്ങനെ എഴുതി:-

അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാന്‍ മിണ്ടിയില്ല

കാരണം ഞാനൊരു സോഷ്യലിസ്റ്റല്ലായിരുന്നു

പിന്നീട് അവര്‍ ഒരു തൊഴിലാളി യൂണിയന്‍കാരനെ തേടി വന്നു, ഞാന്‍ മിണ്ടിയില്ല

കാരണം ഞാനൊരു തൊഴിലാളി യൂണിയന്‍കാരനല്ലായിരുന്നു

പിന്നീടവര്‍ ജൂതന്‍മാരെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനല്ലായിരുന്നു

പിന്നീടവര്‍ എന്നെ തേടിവന്നു… അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലായിരുന്നു

നിങ്ങള്‍ എന്നെക്കോള്‍ വലിയവനാണെന്നിരിക്കെ ഇത് നിങ്ങളുടെ ആത്മാര്‍ത്ഥതയേയോ ക്രിസ്ത്യന്‍ നേതാവെന്നുള്ള നിങ്ങളുടെ പങ്കിനേയോ ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചല്ല ഈ തുറന്ന കത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റ് സമുദായങ്ങളുടെ ചോരയില്‍ ചവിട്ടി നടക്കുന്നത് ആസ്വദിക്കരുത് എന്ന അഭ്യര്‍ത്ഥന മാത്രമാണ് ഈ കത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തീയ പാരമ്പര്യത്തിലെ ആത്മീയ ഗ്രന്ഥങ്ങള്‍ ആവിഷ്‌കരിച്ച ഐക്യത്തെക്കുറിച്ചുള്ള വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഈ കത്തെഴുതുന്നത്: ‘ ദൈവത്തിന്റെ മക്കള്‍ ഐക്യത്തോടെ ജീവിക്കുന്നത് കാണാന്‍ എന്ത് മനോഹരമാണ്- സങ്കീര്‍ത്തനം 133.1. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമല്ല എല്ലാ മനുഷ്യരുടെയും നീതിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഈ പുണ്യഭൂമിയില്‍ രക്തം ചൊരിഞ്ഞ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായിയെന്ന നിലയില്‍ ഈ ഭാഗത്തെക്കുറിച്ചുള്ള ശരിയായ ക്രിസ്തീയ ധാരണയുമായി നിങ്ങള്‍ ഇടപെടുകയാണെങ്കില്‍, ഫാസിസത്തിന്റെ ശവപ്പെട്ടിയ്ക്ക് മുന്‍പില്‍ സത്യത്തെ കണ്ടെത്താന്‍ പരസ്പരം ഒന്നിപ്പിക്കുന്നതിനും അക്രമമില്ലാതെ ഒരുമിച്ച് ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും, വിവിധ നിറങ്ങളിലും സ്വത്വങ്ങളിലുമുള്ള കുട്ടികള്‍ക്ക് ഒരുമിച്ച് പാടാനും നൃത്തം ചെയ്യുന്നതിനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ കത്ത് വായിക്കാനുള്ള താങ്കളുടെ ക്ഷമയില്‍ ഞാന്‍ നന്ദി പറയുന്നു.

നാളത്തെ ഇന്ത്യയുടെ കുട്ടികള്‍ക്കായി ഇന്നത്തെ ഇന്ത്യയുടെ ക്രിയാത്മക അടിത്തറ രൂപപ്പെടുത്തുന്നതിലും സമത്വം, നീതി, സമാധാനം, ജനാധിപത്യം, ഐക്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിനുമായി അഹിംസാത്മക ‘ജിഹാദില്‍’ ഏര്‍പ്പെടുന്ന സ്വാര്‍ത്ഥ താല്പര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച എല്ലാ ക്രിസ്ത്യാനികളോടും ആദരം.

പരിഭാഷ- അനുശ്രീ, ജിതിന്‍ ടി.പി

കടപ്പാട്- കൗണ്ടര്‍ കറന്റ്‌സ്.ഓര്‍ഗ്

കെ.പി ശശി

ഫിലിം മേക്കര്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more