| Sunday, 15th September 2013, 8:18 pm

ഹാപ്പി ബീഫ് ഓണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതേ രീതിയില്‍ തന്നെയാണ് അമേരിക്കയിലെ റെഡ് ഇന്ത്യന്‍സില്‍ നിന്നും യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ ഭൂമി സ്വന്തമാക്കിയത്. ഇതേ തന്ത്രമുപയോഗിച്ചാണ് ആദിവാസികളുടെ കൈയ്യില്‍ നിന്നും വരേണ്യവര്‍ഗം ഭൂമി നേടിയത്. ഈ പുരാണ കഥ പോലെ തന്നെയാണ് ആര്യന്മാര്‍ ദ്രാവിഡരെ വഞ്ചിച്ചത്.


എസ്സേയ്‌സ്/കെ.പി ശശി

[] ഇന്ന് മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഐതിഹ്യമനുസരിച്ച്  കേരളം ഭരിച്ച മഹാബലി വീണ്ടും തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമാണ് നാം മലയാളികള്‍ ഓണമായി ആഘോഷിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണെന്നത് തത്കാലം നമുക്ക് മറക്കാം.

ബ്രാഹ്മണ നിര്‍വചന പ്രകാരം അസുരന്മാര്‍ അവര്‍ണരാണ്. അപ്പോള്‍ അസുരനായ മഹാബലിയും അവര്‍ണനാണ്. അതെന്തായാലും മഹാബലി കേരളം ഭരിച്ച കാലം കേരളത്തിന്റെ സുവര്‍ണ കാലമായിരുന്നു.

മഹാബലിയുടെ കീര്‍ത്തിയെ പാടിപ്പുകഴ്ത്തുന്ന നിരവധി പാട്ടുകള്‍ മലയാളികള്‍ പാടാറുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകളെല്ലാം സമന്മാരാണെന്നും സന്തുഷ്ടരാണെന്നും നാം ഓരോ ഓണക്കാലത്തും പാടുന്നു.

മഹാബലി ഭരണകാലത്തെ ഈ സമത്വം പ്രാവര്‍ത്തികമാക്കാന്‍ 1957 മുതല്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറിന് പോലും ഇതുവരെ സാധിച്ചിട്ടില്ല. അതെന്തെങ്കിലുമാവട്ടെ, അങ്ങനെ പുരാണങ്ങളില്‍ ദളിതനായ ഒരു രാജാവ് കേരളം ഭരിച്ചപ്പോള്‍ ഇവിടെ സോഷ്യലിസമുണ്ടായിരുന്നു.

പക്ഷേ, ഈ പുതിയ കാലത്ത് മഹാബലിയെ നാം കാണുന്നത് ജ്വല്ലറിയുടേയും സാരികളുടേയും മറ്റ് വ്യാപാര വസ്തുക്കളുടേയും പരസ്യങ്ങളിലാണ്. അതും കുടവയറൊക്കെയായി ഒരു കോമാളിയെ പോലെ. കൂടാതെ ഈ മഹാബലിക്ക് ബ്രാഹ്മണന്മാരുടെ പൂണൂലും കുടയും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

മഹാബലിയുടെ ഭരണത്തിന്റെ യശസ്സ് അങ്ങ് ദേവലോകം(വരേണ്യരുടെ പോളിറ്റ് ബ്യൂറോ) വരെ എത്തി. ഇങ്ങനെയൊരു രാജാവ് ഭൂമിയിലുള്ളത് സ്വന്തം നിലനില്‍പ്പിന് അപകടമാണെന്ന് മനസ്സിലാക്കിയ ദേവന്മാര്‍ സഹായത്തിനായി വിഷ്ണുവിനെ സമീപിച്ചു.

അങ്ങനെ വിഷ്ണു വാമനനായി(ബ്രാഹ്മണന്‍) ചെന്ന് മഹാബലിയോട് ദാനം ചോദിച്ചു. ദാനശീലനായ ആ ദളിത് രാജാവ് വാമനന്‍ ആവശ്യപ്പെട്ടത് പോലെ മൂന്നടി മണ്ണ് നല്‍കാമെന്ന് സമ്മതിച്ചു. ഇതോടെ വാനത്തേക്കാള്‍ ഉയരത്തില്‍ വലുപ്പം വെച്ച വാമനന്‍ ആദ്യ രണ്ട് അടിയില്‍ തന്നെ ഭൂമിയും ആകാശവും സ്വന്തമാക്കി.

മൂന്നാമത്തെ അടി എവിടെയാണെന്ന് ആ രാജാവിനോട് ചോദിച്ചു.

ഇതേ രീതിയില്‍ തന്നെയാണ് അമേരിക്കയിലെ റെഡ് ഇന്ത്യന്‍സില്‍ നിന്നും യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ ഭൂമി സ്വന്തമാക്കിയത്. ഇതേ തന്ത്രമുപയോഗിച്ചാണ് ആദിവാസികളുടെ കൈയ്യില്‍ നിന്നും വരേണ്യവര്‍ഗം ഭൂമി നേടിയത്. ഈ പുരാണ കഥ പോലെ തന്നെയാണ് ആര്യന്മാര്‍ ദ്രാവിഡരെ വഞ്ചിച്ചത്.

താന്‍ ചതിക്കപ്പെടുകയാണെന്ന് മഹാബലി മനസ്സിലാക്കിയിരുന്നു. എങ്കിലും മൂന്നാമത്തെ അടിക്കായി വിശാലമനസ്‌കനായ ആ രാജാവ് തന്റെ തല കുനിച്ച് കൊടുത്തു. ഈ പ്രപഞ്ചത്തില്‍ ബാക്കിയുള്ള ഒരേയൊരു ഇടം അതായിരുന്നു.

ഭീമാകാരനായ വിഷ്ണു അങ്ങനെ മഹാബലിയെ പാതാളത്തിലേക്ക് (underground)ചവിട്ടിത്താഴ്ത്തി. അന്നുമുതല്‍ കേരളത്തിന്റെ നീതിമാനായ ഭരണാധികാരിയുടെ വാസം അണ്ടര്‍ഗ്രൗണ്ടിലാണ്. ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കുമുള്ള പരിഹാരമായി മഹാബലിക്ക് വിഷ്ണു ഒരു പരോളും നല്‍കി.

കൊല്ലത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാമെന്ന പരോള്‍. അതാണ് നമ്മള്‍ ആഘോഷിക്കുന്ന ഓണം.

അണ്ടര്‍ഗ്രൗണ്ടിലുള്ള ഈ ദളിത് രാജാവിനെ അദ്ദേഹത്തിന്റെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുന്നതിനായി മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ഞാന്‍ എല്ലാ ആക്ടിവിസ്റ്റുകളോടുമായി ഈ അവസരത്തില്‍ അപേക്ഷിക്കുകയാണ്.

ദളിതനായ മഹാബലിയുടെ ഭരണ കാലത്ത് മാത്രമാണ് സമത്വവും നീതിയും നടപ്പായത്. റഷ്യയിലോ ചൈനയിലോ പോലും ഇതുണ്ടായിട്ടില്ല.

കൂടാതെ, മഹാബലി ഒരു ദളിതനായതിനാല്‍ തന്നെ അദ്ദേഹത്തിന് മാംസാഹാരം പ്രിയപ്പെട്ടതാണെന്നും ഉറപ്പാണ്. പുരാണങ്ങളില്‍ പറയുന്നത് പോലെ മഹാബലി ഒരു അസുരനാണെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും ഒരു നോണ്‍ വെജിറ്റേറിയന്‍ ആയിരിക്കും.

പിന്നെന്തിനാണ് കേരളം മുഴുവന്‍ മഹാബലിയെ വെജിറ്റേറിയന്‍ ഭക്ഷണവുമായി സ്വാഗതം ചെയ്യുന്നത്?.

ശരിയായ രീതിയില്‍ മഹാബലിയെ സ്വാഗതം ചെയ്യേണ്ടത് ബീഫ് ഭക്ഷണത്തിനൊപ്പമാണ്. പോരാത്തതിന് ധാരാളം ധാതുവര്‍ഗങ്ങള്‍ അടങ്ങിയ ആരോഗ്യത്തിന് ഉത്തമമയാ വിഭവമാണ് ബീഫ്.

രാഷ്ട്രീയപരമായി നോക്കുമ്പോഴും ഇതാണ് ശരി. കൂടാതെ അവര്‍ണനായ മഹാബലിയെ സവര്‍ണ ആഹാരവുമായി സ്വീകരിക്കുന്നതിലെ അനൗചിത്യവുമുണ്ട്. അതിനാല്‍ ഈ ഓണം നമുക്ക് ബീഫ് ഓണമാക്കാം.

എന്റെ എല്ലാ സുഹൃത്തുക്കളോടും ഈ ഓണം ബീഫ് കറി, ബീഫ് ചില്ലി, ബീഫ് സൂപ്പ് തുടങ്ങിയവ ഉണ്ടാക്കി ആഘോഷിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും മറക്കരുത്. എല്ലാവര്‍ക്കും ഓണാശംസകള്‍.

അധികവായനക്ക്……..

വിശുദ്ധ പശു; അവിശുദ്ധ അജണ്ട

വര്‍ഗ്ഗീയത ചുരത്തുന്ന വിശുദ്ധ പശു!!!

We use cookies to give you the best possible experience. Learn more