'ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ നൂറു രൂപയെങ്കിലും തരണം': 'ശതം സമര്‍പ്പയാമി' ചലഞ്ചുമായി കെ.പി ശശികല
Kerala News
'ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ നൂറു രൂപയെങ്കിലും തരണം': 'ശതം സമര്‍പ്പയാമി' ചലഞ്ചുമായി കെ.പി ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th January 2019, 8:25 pm

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിവന്നതിനു ശേഷം ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികള്‍ക്കെതിരേയും പൊലീസിനെതിരേയും അക്രമം നടത്തിയ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല.

“ശതം സമര്‍പ്പയാമി” എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. എല്ലാ അയ്യപ്പഭക്തന്മാരും 100 രൂപ വീതം സംഭാവന ചെയ്യണമെന്നാണ് ശശികല വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.


സംഭാവന നല്‍കേണ്ട ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്നതാണ് വീഡിയോ. പതിനായിരത്തില്‍ കൂടുതല്‍ കര്‍മസമിതിക്കാര്‍ ജയിലിലുണ്ടെന്നും അവരേയും അവരുടെ കുടുംബത്തേയും രക്ഷിക്കാന്‍ സംഭാവ നല്‍കി അതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണമെന്നും ശശികല ആവശ്യപ്പെടുന്നുണ്ട്.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:

“ജനാധിപത്യ മര്യാദകളും പൗരാവകാശവും ലംഘിക്കപ്പെട്ട് ജയിലിലായ കര്‍മഭടന്മാരാണ്. ഇനിയെന്ത് വേണമെന്ന് അറിയാതെ സമൂഹം പകച്ചു നിന്നപ്പോള്‍ അയ്യപ്പഭക്തര്‍ കണ്ണീരണിഞ്ഞു നിന്നപ്പോള്‍ സ്വന്തം ധര്‍മം രക്ഷിക്കാനിറങ്ങിയ കര്‍മഭടന്മാരാണിവര്‍. ഭരണഗൂഢ ഭീകരതയ്ക്ക് മുന്നില്‍ പതിനായിരത്തോളം ആളുകള്‍ വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ ഒരുപാട് മര്‍ദനങ്ങള്‍ അനുഭവിക്കുന്നു.


സമൂഹത്തിന്റെ ശ്രദ്ധ ഇവരിലേയ്ക്ക് എത്തേണ്ടതുണ്ട്. നമുക്ക് വേണ്ടി ജയിലിലായവരുടെ കുടുംബത്തെ രക്ഷിക്കാന്‍, അവരെ രക്ഷിക്കാന്‍ നമ്മുക്കൊരു ബാധ്യതയുണ്ട്. ഒരു നൂറു രൂപയെങ്കിലും ഈ ദൗത്യത്തിലേയ്ക്ക് അയ്യപ്പനുള്ള വഴിപാടായി കണ്ടുകൊണ്ട് സ്വയം സമര്‍പ്പിക്കുക. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. പലവിധ ചലഞ്ചുകള്‍ നടക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഇതൊരു ചാലഞ്ചായി ഏറ്റെടുക്കുക”.