‘ഇത് കണ്ടാല്‍ നിങ്ങള്‍ ഷഹീന്‍ബാഗില്‍ എത്തും…ഉറപ്പ്!.’
കോഴിക്കോട് ബീച്ചില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച, ‘ഷഹീന്‍ ബാഗ് സ്‌ക്വയര്‍’ എന്ന അനിശ്ചിതകാല പ്രതിഷേധ പരിപാടിയുടെ, സിനിമാ ട്രെയിലറുകളെ ഓര്‍മ്മിപ്പിക്കുന്ന, വീഡിയോ പ്രൊമോയ്‌ക്കൊപ്പം വാട്ട്‌സപ്പില്‍ തേടിയെത്തിയ വാചകമാണ് മുകളില്‍ എഴുതിയത്. ഈ സിനിമ കണ്ടില്ലെങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്നത് പോലൊരു പരസ്യ വാചകം.
പരസ്യവാചകവും വീഡിയോ ട്രെയിലറുമെല്ലാം വിപണിയുടെ സമവാക്യങ്ങളാണ്. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് സ്വന്തം ഉല്‍പ്പന്നത്തെ ഏതുവിധം ഉയര്‍ത്തിക്കാട്ടാമെന്ന ബ്രാന്റിംഗ് യുക്തിയാണ് അതിന്റെ നട്ടെല്ല്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന വമ്പന്‍ പരിപാടികള്‍ക്ക് നാമിതെല്ലാം കാണാറുണ്ട്. ലാഭം ആണ് അത്തരം പരിപാടികളെ വിഭവസമൃദ്ധമാക്കാറുള്ളത്. കാശെറിഞ്ഞ് കാശു വാരുക എന്ന കച്ചവട യുക്തിക്ക് പറ്റുന്ന ജനപ്രിയമായ ഉള്ളടക്കമായിരിക്കും അതിനെപ്പോഴും.
എന്നാല്‍, ഇവിടെ കഥ വേറെയാണ്. ഇതൊരു പ്രതിഷേധ പരിപാടി. ആ വീഡിയോയിലൊരിടത്ത് മുനവറലി ശിഹാബ് തങ്ങള്‍ പറയുന്നത് പോലെ, ‘ ഈ മണ്ണില്‍ നിന്ന് ഇല്ലാതായിപ്പോവുന്ന സാഹചര്യം.’ സമരം ചെയ്ത് മുഷിയാനോ മടുക്കാനോ നേരമില്ലാത്ത വിധം അപകടകരമായൊരു മുനമ്പ്. പിന്നെന്തിനാണ് അതിനു ജനപ്രിയ ഇവന്റുകളുടെ അതേ കച്ചവട കൂട്ടുകള്‍? രോഷവും പ്രതിഷേധവുമൊക്കെ ഇത്ര ചാരുതയോടെ ആളുകളെ ക്ഷണിക്കുന്നത് ഏത് സാഹചര്യത്തിലാണ്?
ഓരോ ദിവസവും പ്രതിഷേധ പരിപാടിക്കെത്തുന്നത് ഓരോ ജില്ലകളില്‍ നിന്നുള്ള യൂത്ത്‌ലീഗ് അണികളാണ്. അവര്‍ നടത്തുന്ന പരിപാടികളെല്ലാം തൊട്ടു പിന്നാലെ, കമനീയമായ എഡിറ്റിംഗോടെ വീഡിയോ പ്രൊമോ ആയിറങ്ങുന്നുണ്ട്. അത് കാണുമ്പോഴെല്ലാം തോന്നുന്നത് മുകളില്‍ പറഞ്ഞ അതേ ചോദ്യങ്ങളാണ്.
ഷഹീന്‍ ബാഗ് എന്നാല്‍…
നമുക്കാ പരിപാടിയിലേക്ക് വരാം. അതിന്റെ പേര് ഷഹീന്‍ ബാഗ് സ്‌ക്വയര്‍. ഷഹീന്‍ ബാഗ് എന്ന പേര് നമ്മെ ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ എത്തിക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ പ്രതിഷേധങ്ങളിലൊന്ന്. ഒരു മാസത്തിലേറെയായി ആ ചത്വരത്തില്‍, തിരക്കുള്ള പാത ഉപരോധിച്ചു കൊണ്ട്, ഇന്ത്യ കണ്ട ഏറ്റവും മാരകമായ ജനാധിപത്യവിരുദ്ധ നിയമത്തിനെതിരായി സ്ത്രീകളും കുട്ടികളും നടത്തുന്ന ഉജ്ജ്വലമായ സമരമാണത്.
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് നരനായാട്ടിനു പിന്നാലെ പത്തു പതിനാറു സ്ത്രീകള്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഞായറാഴ്ചകളില്‍ ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന സമരമായി കത്തിപ്പടര്‍ന്നത് ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്കും കൊണ്ടല്ല. ജീവിതത്തിലൊരിക്കലും ഒരു പൊതുഇടത്തില്‍, പൊതു പ്രതിഷേധത്തില്‍ പങ്കാളിയാവാന്‍ അവസരം ലഭിക്കാത്ത വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടങ്ങുന്ന ആ പ്രതിഷേധ പരിപാടി വെല്ലുവിളിക്കുന്നത് കേന്ദ്രഭരണകൂടത്തെ തന്നെയാണ്.
ആരുടെയെങ്കിലും അനുവാദം വാങ്ങിയോ ആരെങ്കിലും പറയുന്ന നിയമങ്ങള്‍ അനുസരിച്ചോ ആരെങ്കിലും എഴുതിക്കൊടുക്കുന്ന തിരക്കഥയുടെ ഭാഗമായോ അല്ല അത് ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനു കാവലാളായി തല ഉയര്‍ന്ന് നില്‍ക്കുന്നത്.
പാട്രിയാര്‍ക്കിയെയും പൗരോഹിത്യത്തെയും ആണ്‍കോയ്മയിലധിഷ്ഠിതമായ സാമുദായിക ക്രമത്തെയും കൂടി വെല്ലുവിളിച്ചാണ് ജോലി ഉള്ളവര്‍ അതുപേക്ഷിച്ചും ഇല്ലാത്തവര്‍ അടുക്കളപ്പണി നിര്‍ത്തിയും തെരുവില്‍ ഇറങ്ങിയത്.
സര്‍ക്കാറിനെ എതിര്‍ക്കുന്നതോ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നതോ ആയ എന്തിനെയും ശത്രുതയോടെ കാണാന്‍ പ്രോഗ്രാം ചെയ്തു വെച്ച സവിശേഷ മനോനിലയുള്ള ദല്‍ഹി പൊലീസിനെയും വെടിയുണ്ടകള്‍ കൊണ്ട് ‘ശത്രു’ക്കള്‍ക്ക് മറുപടി നല്‍കാന്‍ ഇറങ്ങിത്തിരിച്ച ഹിന്ദുത്വ ക്രിമിനലുകളെയും അധികാരത്തിന്റെ ലഹരിയില്‍ സര്‍വ്വതും തച്ചുതകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കേന്ദ്ര ഭരണകൂടത്തിന്റെയും ഭീഷണികളെയും ഗൂഢ തന്ത്രങ്ങളെയും ഗീബല്‍സിയന്‍ നുണപ്രചാരണങ്ങളെയും നേര്‍ക്കുനേര്‍ നേരിട്ടുകൊണ്ടാണ് രാപ്പകല്‍ ആ സ്ത്രീകള്‍ ഷഹീന്‍ ബാഗില്‍ സമരമിരിക്കുന്നത്.
എന്തും സംഭവിക്കാവുന്ന നില ആണതെന്ന് അവര്‍ക്ക് വ്യക്തമായറിയാം. ഏത് നിമിഷവും പൊലീസ് നടപടി ഉണ്ടാകാം. അറസ്റ്റുകളോ ക്രൂരമര്‍ദ്ദനമോ വെടിവെപ്പുകളോ കാരാഗൃഹവാസമോ ഉണ്ടാവാം. അല്ലെങ്കില്‍ എതിരായൊരു കോടതി വിധി. വാഹനഗതാഗതം തടസ്സപ്പെടുത്തി, നഗര ജീവിതത്തില്‍ അലോസരമുണ്ടാക്കുന്നു, കുട്ടികളെ തെരുവിലിറക്കി എന്നതടക്കമുള്ള ആരോപണങ്ങളുമായി നിലവില്‍ കോടതികള്‍ക്ക് മുന്നിലുള്ള എണ്ണമറ്റ പരാതികളിന്‍ മേല്‍ ‘നീതിയുടെ കണ്ണുകെട്ടിയ ദേവത’ ഏത് നേരവും കണ്ണു തുറന്നേക്കാം. ആയുധങ്ങളുമായി ഏത് നിമിഷവും ആക്രമി സംഘങ്ങള്‍ അവര്‍ക്ക് നേരെയെത്താം.
സാധ്യതകളുടെ, അരക്ഷിതാവസ്ഥയുടെ ആ മുനമ്പില്‍ നിന്നു കൊണ്ടാണ് പല പ്രായങ്ങളിലും വര്‍ഗപരമായ തട്ടുകളിലും കഴിയുന്നവര്‍ ഒന്നിനോടും കണ്ണടയ്ക്കാതെ രാഷ്ട്രീയം പറയുന്നത്. ആ രാഷ്ട്രീയത്തിന്റെ വിശാലത കാരണമാണ് അവിടെ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇടമുണ്ടാവുന്നത്. ഭരണഘടന അഭ്യസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവര്‍ക്കുമായി താല്‍ക്കാലിക ലൈബ്രറികളുണ്ടാവുന്നത്. കലാസൃഷ്ടികള്‍ ഉണ്ടാവുന്നത്.എങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതൊരു ജീവന്‍ മരണ പോരാട്ടം തന്നെയാണ്.
എന്തിനു ഏതിനും ഫത്വ പുറപ്പെടുവിക്കുന്ന ഇമാമുമാരുള്ള സ്ഥലമാണത്. സ്ത്രീകളെ വീടകങ്ങളില്‍ തളച്ചിടുന്ന കാര്യത്തില്‍ ഏകാഭിപ്രായമുള്ള പുരോഹിതവര്‍ഗം കാലങ്ങളായി കാര്യങ്ങള്‍ തീരുമാനിക്കുന്ന ഇടം. വാട്ട്‌സപ്പില്‍ തലാഖ് ചൊല്ലപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്ന സ്ത്രീകളുടെ ഇടം. അവിടെയാണ്, ഇത്ര കാലം രക്ഷാകര്‍തൃത്വം ചമഞ്ഞ് മുന്നില്‍നിന്ന ആണധികാരികളെ ഒട്ടും ഗൗനിക്കാതെ അവര്‍ തെരുവിലേക്ക് അനിശ്ചിതകാലത്തേക്ക് ഇറങ്ങിയത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചരിത്രത്തില്‍ ഇത്തരമൊരേട് ചൂണ്ടിക്കാട്ടാനേ കഴിയില്ല. മുസ്ലിം സ്ത്രീകളുടെ കര്‍തൃത്വവുമായി ബന്ധപ്പെട്ട് ഷഹീന്‍ ബാഗ് സമരം എങ്ങനെയാണ് ഐതിഹാസികം ആവുന്നതെന്ന് വിദേശമാധ്യമങ്ങളടക്കം അന്തം വിടുന്നത് ഇത്തരം അനേകം കാരണങ്ങളാലാണ്.
പെണ്ണുങ്ങളില്ലാത്ത ഷഹീന്‍ ബാഗ്
ആ ഷഹീന്‍ ബാഗിന്റെ പേരിട്ടാണ് കോഴിക്കോട്ടെ പരിപാടി. അതിന്റെ വീഡിയോകള്‍ നമുക്ക് കാണിച്ചു തരുന്നത് പ്രകാരം, അതൊരു ആണ്‍ പ്രതിഷേധ ഇരുത്തമാണ്. കുറ്റം പറയരുതല്ലോ. ഒരു സ്ത്രീ ഉണ്ട്. ഡോളന്‍ സാമന്ത. ജെ എന്‍ യു സമരനായിക എന്ന നിലയില്‍ അവര്‍ വേദിയിലിരുന്ന് നടത്തുന്ന പ്രസംഗം വീഡിയോയില്‍ കാണാം. (എന്ത് കൊണ്ടാവും മലയാളികളായ മുസ്ലിം പെണ്‍കുട്ടികള്‍ ദേശവ്യാപക സമരത്തിന്റെ ഐക്കണുകള്‍ ആയൊരു കാലത്ത് ഒരു ജെ.എന്‍.യു സമരനായികയെ യൂത്ത് ലീഗിന് ഇറക്കുമതി ചെയ്ത് ആശ്രയിക്കേണ്ടി വന്നു എന്നത് രസകരമായ ചോദ്യവുമാണ്).
എന്തായാലും ആ സ്ത്രീ കഴിഞ്ഞാല്‍ പിന്നെ വീഡിയോകളിലെല്ലാം തുളുമ്പുന്ന ആണ്‍ രോഷപ്രകടനങ്ങളേ ഉള്ളൂ. സദസ്സിലോ വേദിയിലോ ഒരൊറ്റ പെണ്ണുങ്ങളെയും കാണാനില്ല. കാലാകാലങ്ങളായി നാട്ടിലെ മുസ്ലിം സാമുദായിക സംഘടനകള്‍ നടത്തുന്ന, ആണുങ്ങള്‍ മാത്രം നെഞ്ചും വിരിച്ചു നില്‍ക്കുന്ന പരിപാടികളുടെ അതേ മട്ടും മാതിരിയും. ആസാദി മുദ്രാവാക്യവും പൗരത്വ സമരത്തിന്റെ പശ്ചാത്തലവുമല്ലാതെ ഒരു ചെറിയ മാറ്റം പോലുമില്ലാത്ത ടിപ്പിക്കല്‍ യൂത്ത് ലീഗ് ഫോര്‍മുല. മഷിയിട്ടു നോക്കിയാലും പെണ്ണുങ്ങളെ കാണാത്ത, അവര്‍ക്ക് ഇടമില്ലാത്ത, പ്രാതിനിധ്യമില്ലാത്ത ആ പരിപാടിക്ക് എന്നിട്ടുമാരാണ് ഷഹീന്‍ ബാഗെന്ന പെണ്‍ പോരാട്ടത്തിന്റെ പേരിട്ടത്? എന്തിനായിരിക്കും അത്?
ഉറപ്പാണ്, പെണ്ണുങ്ങളില്ലാത്ത സ്ഥലമല്ല കോഴിക്കോടും പരിസരങ്ങളും. മുസ്‌ലിം ലീഗിനു വോട്ടുകുത്താറുള്ള പതിനായിരക്കണക്കിനു പെണ്ണുങ്ങള്‍ ഉള്ള മേഖല. എന്നിട്ടും അവരൊക്കെ എവിടെ പോയി? ആരാണ് അവര്‍ക്കു മുന്നില്‍ വാതില്‍ പൂട്ടിയടച്ചത്? എന്താണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്?
കാരണങ്ങള്‍ പലതാണ്. മുസ്‌ലിം സംഘടനാ നേതൃത്വങ്ങളിലെ പൗരോഹിത്യ വിഭാഗം പെണ്ണുങ്ങള്‍ സമരത്തിനിറങ്ങുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിക്കുന്ന കാര്‍ക്കശ്യങ്ങള്‍. മുഷ്ടി ചുരുട്ടി കൈകള്‍ ആകാശത്തേക്ക് പറത്തി മുദ്രാവാക്യം വിളിക്കുമ്പോള്‍ പെണ്ണുങ്ങളുടെ അവയവങ്ങളെങ്ങാന്‍ പുറത്തുകാണുമോ എന്നാലോചിച്ച് ഉറക്കം ഇല്ലാതായൊരു സമുദായ സംഘടനാ നേതാവ് അത് പച്ചയ്ക്ക് പറഞ്ഞത് ഈയടുത്താണ്.
ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയ വിഭാഗീയതയാല്‍ ഇക്കാലമത്രയും ജീവിച്ചു പോന്ന സമുദായ സംഘടനാ നേതാക്കന്മാര്‍ ആദ്യമായി ഒന്നിച്ചിരുന്ന് പ്രക്ഷോഭത്തിനിറങ്ങി ആഴ്ചകള്‍ക്ക് ശേഷം, അന്ന് വേദിയില്‍ ഉണ്ടായിരുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ പെണ്ണുങ്ങള്‍ പ്രതിഷേധത്തിനിറങ്ങുന്നതിനെതിരെ കണ്ണുരുട്ടിയതും ഈയടുത്ത് തന്നെ.
നവസലഫികളും പഴയ സലഫികളും പല പേരുള്ള മറ്റ് സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. സ്ത്രീകള്‍ക്ക് അല്‍പ്പം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പുരോഗമന വിഭാഗമാണ് എന്ന് ആരും ട്രോളിപ്പോവുന്ന വിധം പറയുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ കണക്കാണ്. എസ്.ഡി.പി.ഐ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും വടം കെട്ടി മാറ്റി നിര്‍ത്തിയതും പെണ്‍ ജേണലിസ്റ്റുകളോട് ആണുങ്ങളുടെ ഭാഗത്തു നിന്നും മാറാന്‍ ആക്രോശിച്ചതും അഴിമുഖത്തിലെ ഒരു മാധ്യമ പ്രവര്‍ത്തക വിശദമായി എഴുതിയത് കഴിഞ്ഞ ദിവസമാണ്.
പ്രക്ഷോഭം എന്ന അനുഷ്ഠാനം
പറഞ്ഞുവന്നത് ഇതാണ്. സി.എ.എ വിരുദ്ധ പ്രതിഷേധം ഇപ്പോള്‍ നമ്മുടെ നാട്ടിലെങ്കിലും അനുഷ്ഠാന തലത്തിലേക്ക് മാറിയിരിക്കുന്നു. സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ഇപ്പോള്‍ അണികളെയും പൗരോഹിത്യത്തെയുമൊക്കെ തൃപ്തിപ്പെടുത്തേണ്ട പതിവ് മാനസികാവസ്ഥയിലാണ്. മറ്റുള്ളവരെ കാണിക്കാനുള്ള തരം ‘പ്രതിഷേധ മല്‍സരങ്ങള്‍’ക്ക് ഒരുങ്ങുമ്പോള്‍ രോഷമല്ല പലതരം കണക്കു കൂട്ടലുകളും ഭാവിയിലെ ലാഭ ചിന്തകളും കോമ്പ്രമൈസുകളും ഒക്കെ തന്നെയാവും പ്രധാനം.
പൗരത്വ പ്രതിഷേധത്തിന്റെ തീജ്വാല പടര്‍ന്ന കഴിഞ്ഞ മാസത്തെ ആദ്യനാളുകളില്‍ ആരെയും കൂസാതെ തെരുവില്‍ ഇറങ്ങിയ മുസ്‌ലിം സ്ത്രീകള്‍ കേരളത്തില്‍ ഏറെയായിരുന്നു. ജീവിതത്തിലൊരിക്കലും മുദ്രാവാക്യം വിളിക്കുകയോ തെരുവിലിറങ്ങുകയോ ചെയ്യാത്ത നിരവധി സ്ത്രീകളാണ് അടങ്ങാത്ത ആധിയോടെ റോഡുകളില്‍ ഇറങ്ങി നടന്നത്.
ആ സ്ത്രീകളെയൊക്കെ ആണ് ഇപ്പോള്‍ അരങ്ങത്തു നിന്ന് അടുക്കളകളിലേക്ക് തിരിച്ചയക്കുന്നത്. ശരീരാവയവങ്ങളൊന്നും പുറത്ത് കാണിക്കാതെ വീട്ടില്‍ ഇരുന്നോളാന്‍ കല്‍പ്പിക്കുന്ന പാട്രിയാര്‍ക്കല്‍ തന്തമാര്‍ക്ക് വിധേയരായി ആ സ്ത്രീകളെയാണ് മുദ്രാവാക്യങ്ങളില്‍ നിന്ന് പുറത്തുനിര്‍ത്തുന്നത്.
നസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ നിരീക്ഷിക്കുന്നത് പോലെ, പൗരത്വ നിയമ വിരുദ്ധ പ്രതിഷേധ ഇടങ്ങളില്‍ ഏറ്റവും വലിയ എക്‌സ്‌ക്ലൂഷന്‍ നടത്തുന്നത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളല്ല, അത് മുസ്‌ലിം സംഘടനകള്‍ ആണ്. അവര്‍ പ്രക്ഷോഭത്തിന്റെ ഈ ഘട്ടത്തില്‍ പുറത്താക്കുന്നത് മുസ്‌ലിം സ്ത്രീകളെയും.
ഷാഹീന്‍ബാഗ് സമര വീര്യമുള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാനമായ പ്രക്ഷോഭങ്ങളെ ഓര്‍ത്താല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസില്‍ സമരം തുടങ്ങിയതും നടത്തുന്നതും സ്ത്രീകള്‍. ആ സമരത്തിന് തടസ്സങ്ങള്‍ നേരിടാതിരിക്കാന്‍ ടെന്റുകളും ബയോ ടോയ്‌ലറ്റുകളും വെള്ളവും വെളിച്ചവും എല്ലാം നല്‍കുന്നത് മമത മുഖ്യമന്ത്രി ആയ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റാണ്. ഇതുപോലെ പ്രയാഗ്രാജില്‍, ഗയയില്‍, മുംബൈയില്‍, പട്‌നയില്‍, ലക്നോവില്‍ എല്ലാം നടക്കുന്നുണ്ട് ഷഹീന്‍ ബാഗ് സമരങ്ങള്‍. എല്ലാം തുടങ്ങിയതും മുന്നോട്ട് പോവുന്നതും സ്ത്രീകളുടെ മുന്‍ കൈയില്‍.
എന്നാല്‍, ഇതേ സമര മാതൃക കേരളത്തില്‍ എത്തുമ്പോള്‍ മാത്രം കളി മാറുകയാണ്. എല്ലാം മാറ്റിവെച്ച്, സ്ത്രീകളുടെ മുന്‍ കയ്യില്‍ മറ്റെല്ലാ ഇടങ്ങളിലും നടക്കുന്ന സമരം ഇവിടെ എത്തുമ്പോള്‍ ആണുങ്ങളുടെ സമരാനുഷ്ഠാനമായി മാറുന്നു. പെണ്ണുങ്ങള്‍ പുറത്താവുന്നു. ഓരോ ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള ആണ്‍ പോരാളികള്‍ സൗകര്യപ്രദമായ ദിവസങ്ങളില്‍ വാഹനങ്ങളിലെത്തി കംഫര്‍ട്ടബിള്‍ ആയി നടത്തുന്ന സമരമാവുന്നു. ഷാഹീന്‍ബാഗിന്റെ പേര് കടമെടുത്തുകൊണ്ട് അതിന്റെ പോരാളികളെ അവഹേളിക്കുന്ന രീതിയില്‍ എല്ലാ പണികളും കഴിഞ്ഞു സൗകര്യപ്രദമായ ഒരു സമയത്ത് നടത്തുന്ന ‘പെണ്ണുങ്ങളില്ലാ ഷാഹീന്‍ബാഗ്’ സമരം!
ആണുങ്ങള്‍ക്ക് വേണ്ടി ആണുങ്ങളാല്‍ നടത്തപ്പെടുന്ന സമര അനുഷ്ഠാനങ്ങള്‍ക്ക് ഷഹീന്‍ ബാഗ് എന്ന പേരു ചാര്‍ത്തപ്പെടുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? സത്യത്തില്‍ അത് ദല്‍ഹിയിലെ തെരുവില്‍ കൊടും തണുപ്പിലും ചോരാത്ത സമരവീര്യവുമായി കത്തിജ്വലിക്കുന്ന ഷഹീന്‍ ബാഗിലെ പെണ്‍പോരാളികളോടുള്ള അവഹേളനമാണ്. അത് കേരളത്തിലെമ്പാടും തെരുവിലിറങ്ങിയ മുസ്‌ലിം സ്ത്രീകളോടുള്ള പരിഹാസമാണ്. ഇത് പോലൊരു കാലത്ത് പോലും, സമുദായം ചെന്നെത്തി നില്‍ക്കുന്ന അപകടാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നില്ല എന്നതിന്റെ അപഹാസ്യമായ സ്വയംവെളിപ്പെടലാണ്.
മനസ്സിലിരിപ്പുകള്‍ ലളിതമാണ്…
അടുത്ത തെരഞ്ഞെടുപ്പില്‍, എങ്ങനെയൊക്കെ ബാധിക്കും എന്നാലോചിച്ചാണ് നിയോഫാഷിസത്തിന്റെ ഇന്ത്യന്‍ രൂപക്കൂടുകള്‍ക്ക് എതിരെ ഒന്നിച്ചണിനിരക്കാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നത്. രാഷ്ട്രവും ഒരു ജനതയും നിലനിന്നുപോരുന്ന മൂല്യങ്ങളെയാകെ തച്ചുതകര്‍ക്കുന്ന വിധം നിയോ ഫാഷിസം സമഗ്രാധികാരങ്ങളും പിടിച്ചടക്കാന്‍ നാവു നീട്ടുന്ന നേരത്താണ്, ഒന്നിച്ചു പോരാടാതെ ഈ പാര്‍ട്ടികള്‍ ഭിന്നിച്ചുനിന്ന് സ്വയം മസിലു പെരുപ്പിച്ച് കാണിക്കുന്നത്. വരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്, കിട്ടാനുള്ള അധികാരങ്ങള്‍ മാത്രമാണ്, തൊട്ടു മുന്നിലെത്തിനില്‍ക്കുന്ന ഭീകരതക്കെതിരെ ഒന്നിക്കാന്‍ അവര്‍ക്ക് തടസ്സമാവുന്നത്. എന്നാല്‍, അവരീ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഭാവി എന്തായിരിക്കും? നമ്മുടെ തെരഞ്ഞെടുപ്പു സുതാര്യതയുടെ ഭാവി എന്തായിരിക്കും?
ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാന്‍ പറ്റുന്നുണ്ടോ? സാധ്യതയില്ല. അത് നാമെത്തി നില്‍ക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്ന അവ്യക്തതയാണ്. അത് കാരണമുള്ള അരക്ഷിതാവസ്ഥ ആണ്. എന്നിട്ടാണ് ഈ രാഷ്ട്രീയ കക്ഷികള്‍ ഇന്നേരവും ആരെയൊക്കെ കൂടെ കൂട്ടാം ആരെയൊക്കെ പുറത്ത് നിര്‍ത്താം എന്നാലോചിക്കുന്നത്. ആരെ കൂടെ കൂട്ടിയാല്‍ നാളെ ഗുണം കിട്ടും, ആരെ കൂട്ടിയാല്‍ പണി കിട്ടും എന്ന് കണക്കു കൂട്ടുന്നത്. അതിന്റെ പേരില്‍ ഭിന്നിക്കുന്നത്. നിയോ ഫാഷിസത്തിന് വഴി എളുപ്പമാക്കുന്നത്.
ഇത് തന്നെയാണ് സാമുദായിക സംഘടനകളുടെയും സാമുദായികതയില്‍ വേരുപിടിച്ച രാഷ്ട്രീയ കക്ഷികളുടെയും അവസ്ഥയും. അവര്‍ അവരുടെ ലാഭകരമായ ഭാവി മാത്രമേ കണക്കു കൂട്ടുന്നുള്ളൂ. തെരഞ്ഞെടുപ്പുകള്‍ക്ക് കിട്ടേണ്ട പൗരോഹിത്യ പിന്തുണയോ ആണധികാര ക്രമം സ്വാംശീകരിച്ച അണികളുടെ കൈയടിയോ മാത്രമേ അവരുടെ സ്ട്രാറ്റജികളില്‍ വരുന്നുള്ളൂ.
അത് കൊണ്ടാണ് നമ്മുടെ ഷഹീന്‍ ബാഗുകളില്‍നിന്ന് സ്ത്രീകള്‍ പുറത്താവുന്നത്. ആണുങ്ങള്‍ അര്‍മാദിക്കുന്ന പതിവു കലാപരിപാടികളില്‍ ഒന്നായി ഇവിടെയെത്തുമ്പോള്‍ ഷഹീന്‍ ബാഗ് പ്രക്ഷോഭങ്ങള്‍ മാറുന്നത്. ഷഹീന്‍ ബാഗ് എന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായി മാത്രം അവരൊക്കെ കണ്ടു പോരുന്നത്. അതിലെ പെണ്‍പക്ഷ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിച്ച് നെഞ്ചു വിരിക്കുന്ന വീഡിയോ പ്രൊമോകള്‍ സംഭവിക്കുന്നത്.
ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍, ഏറ്റവും സൗകര്യപ്രദമായി നടത്തുന്ന അനുഷ്ഠാന നാടകങ്ങള്‍ക്ക് പ്രതിഷേധത്തിന്റെ തീ കടയാനാവില്ല. അവയെപ്പോഴും ആത്മാവില്ലാത്ത തൊണ്ടപൊട്ടലുകള്‍ ആയി മാറും. അല്ലാതെ ഉണ്ടാവുന്നവയാവട്ടെ വെറും മിമിക്രി മാത്രമായിരിക്കും. നമ്മളെത്തിയ പൊള്ളുന്ന അവസ്ഥയെ ഒരിക്കലെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ ഷഹീന്‍ ബാഗ് എന്ന പെണ്‍ പോരാട്ടത്തെ, ആണുങ്ങള്‍ ഭരിക്കുന്ന കേരളത്തിലെ മുസ്‌ലിം സാമുദായിക സംഘടനകള്‍ക്കും മനസ്സിലായെന്ന് വരും. അത് വരെ അവര്‍ ഈ കഴുതകളി തുടരുക തന്നെ ചെയ്യും. ഒരു ഷഹീന്‍ ബാഗും സാദ്ധ്യമല്ലാത്ത അവസ്ഥയിലെത്തിയ ശേഷം ഈ തിരിച്ചറിവുകള്‍ ഉണ്ടായിട്ട് ഒരു കാര്യവും ഉണ്ടാവില്ലെന്ന് മാത്രം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ