| Sunday, 15th October 2017, 4:58 pm

'ആ ഗോള്‍ വീണപ്പോള്‍ എല്ലാവരും ആഘോഷത്തിലായിരുന്നു, ഞാനപ്പോള്‍ മൈതാനത്തിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു'; ലോകകപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യ തങ്ങളുടെ പേര് ഉറക്കെ തന്നെ വിളിച്ചു പറഞ്ഞിരിക്കുകയാണ്, മൈതാനത്ത് തോറ്റിട്ടും ആരാധകരുടെ മനസില്‍ വിജയിച്ച കൗമാരപ്പടിയിലൂടെ. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് പ്രകടനത്തില്‍ രാജ്യം അഭിമാനിക്കുമ്പോള്‍ അതിന്റെ മോശമല്ലാത്തൊരു പങ്ക് മലയാളികള്‍ക്കും അവകാശപ്പെട്ടതാണ്. കെ.പി രാഹുല്‍ എന്ന തൃശ്ശൂരുകാരന്‍ പയ്യനിലൂടെ. തന്റെ ലോകകപ്പ് അനുഭവം പങ്കുവെക്കുകയാണ് രാഹുല്‍.

“മൈതാനത്തെ വരയ്ക്കു ചുറ്റും രാജ്യം ഞങ്ങള്‍ക്കു വേണ്ടി ഇരമ്പുന്നതായി തോന്നി. ഒന്നര മണിക്കൂറിലെ ഓരോ മുന്നേറ്റത്തിലും അവര്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. കാതില്‍ ഇപ്പോഴും ആ മുഴക്കം മാത്രം”. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.

“ലോകകപ്പില്‍ കളിക്കുന്നതായി സങ്കല്‍പ്പിച്ചിട്ടുണ്ട്, സ്വപ്നം കണ്ടിട്ടുണ്ട്. അതൊക്കെ കണ്‍മുന്നില്‍ സത്യമായതിനെപ്പറ്റി പറയാന്‍ വയ്യ… പറയേണ്ടതെന്തെന്നറിയില്ല, എനിക്കൊന്നും പറയാനും അറിയില്ല.” ഇതുപറയുമ്പോള്‍ രാഹുല്‍ കെ.പി എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരമല്ല രാഹുലെന്ന പതിനേഴുകാരന്റെ അമ്പരപ്പോടെയാണ് രാഹുല്‍ പറഞ്ഞത്.


Also Read:  ബി.ജെ.പി കോട്ട പിടിച്ചടുക്കി കോണ്‍ഗ്രസ്: ഗുരുദാസ്പൂരിലെ വിജയം 1.9ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്


ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോളെന്ന നേട്ടം രാഹുലിനും കേരളത്തിനും നഷ്ടമായ നിമിഷം ഇന്നും കളിയാരാധകര്‍ മറന്നു കാണില്ല. ക്രോസ് ബാറില്‍ തട്ടി പന്തു പുറത്തേക്കു പാഞ്ഞപ്പോള്‍ ഗ്യാലറിയൊന്നാകെ നെടുവീര്‍പ്പെടുകയായിരുന്നു. ആ നഷ്ടത്തെ കുറിച്ച് എന്നാല്‍ രാഹുല്‍ പറയുന്നത് ഇങ്ങനെയാണ്.

“അടിച്ച പന്ത് ബാറില്‍ത്തട്ടി പുറത്തുപോയപ്പോഴുണ്ടായ നഷ്ടത്തെപ്പറ്റി നാലുനിമിഷം മാത്രമാണ് ഓര്‍ത്തത്. പിന്നെയതു മറന്നു. അപ്പോള്‍ മനസ്സ് കുതിച്ചത് പന്തുനീക്കത്തിന്റെ അടുത്ത തന്ത്രങ്ങളിലേക്ക്. പ്രതീക്ഷ കൈവിട്ടില്ല. ചരിത്രമാകേണ്ട ഗോളിനെപ്പറ്റി കളിയെല്ലാം കഴിഞ്ഞ് ഓര്‍ത്തപ്പോള്‍ വിഷമിച്ചു. ഇന്ത്യയ്ക്ക് മറ്റൊരു ചരിത്രമായി പിന്നൊരു ഗോള്‍ വീണപ്പോള്‍ എല്ലാവരും അതിന്റെ ആഘോഷത്തിലായിരുന്നു. ഞാനപ്പോള്‍ മൈതാനത്തിരുന്ന് പ്രാര്‍ഥിക്കുകയായിരുന്നു”.

“ഇന്ത്യയുടെ പ്രതിരോധം നല്ലതാണ്. പക്ഷേ, അറ്റാക്കിന് എനര്‍ജി കിട്ടുന്നില്ല. അതുണ്ടാക്കാന്‍ പറ്റും. കൂടുതല്‍ മാച്ചുകള്‍ വേണം”. ഇത്രയും നേരം സംസാരിച്ച പതിനേഴുകാരന്‍ പയ്യനില്‍ നിന്നും പക്വതയുള്ള ഫുട്‌ബോള്‍ കളിക്കാരാനായി മാറി രാഹുല്‍ ടീമിനെ വിലയിരുത്തുകയാണ്.

We use cookies to give you the best possible experience. Learn more