| Sunday, 26th June 2016, 10:43 am

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കെ.പി മോഹനന്‍ നിയമസഭയിലുണ്ടാകും, പത്രപ്രവര്‍ത്തകന്റെ റോളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ മന്ത്രി കെ.പി മോഹനന്‍ നിയമസഭയിലുണ്ടാകും. റിപ്പോര്‍ട്ടറുടെ വേഷത്തില്‍. തലശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന “പടയണി” പത്രത്തിന്റെ മുഖ്യപത്രാധിപരായ ഇദ്ദേഹം അടുത്ത ആഴ്ചയോടെ തിരുവനന്തപുരത്തെ പ്രത്യേക ലേഖകനെന്ന ചുമതല കൂടിയേല്‍ക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റ കണ്ണൂര്‍ മുന്‍ എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി അഭിഭാഷകന്റെ ജോലി ഏറ്റെടുത്തിരിക്കുകയാണ്. അടുത്തയാഴ്ച മുതല്‍ കണ്ണൂര്‍ കോടതിയില്‍ അഭിഭാഷകനായി അബ്ദുള്ളക്കുട്ടി ജോലി തുടങ്ങും.

എല്‍.ഡി.എഫിലും യു.ഡി.എഫിലും രണ്ടു തവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായ കെ.പി മോഹനന്‍ ലേഖകനാവുന്നത് ഇതാദ്യമായല്ല. എണ്‍പതുകളില്‍ പടയണിയുടെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായിരുന്നു ഇദ്ദേഹം. മോഹനന്റെ അച്ഛന്‍ പി.ആര്‍ കുറുപ്പാണ് പടയണി പത്രത്തിന്റെ സ്ഥാപകന്‍.

പി.ആറിന്‌റെ മരണശേഷം പെരിങ്ങളത്തുനിന്ന് എല്‍.ഡി.എഫ് ടിക്കറ്റില്‍ എം.എല്‍.എയായശേഷം അദ്ദേഹം രാഷ്ട്രീയത്തില്‍ സക്രിയമായി. അതുകാരണം പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ നിന്നും ശൈലജയോടു പരാജയപ്പെട്ട മോഹനന്‍ പത്രപ്രവര്‍ത്തനരംഗത്ത് വീണ്ടും സജീവമാകാന്‍ തീരുമാനിക്കുകയായിരുന്നു.

തലശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിലെ എ.എന്‍. ഷംസീറിനോടു അടിയറവ് പറഞ്ഞ അബ്ദുള്ളക്കുട്ടി 1999 ല്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമബിരുദം നേടി എന്റോള്‍ ചെയ്തിരുന്നെങ്കിലും പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. അതേവര്‍ഷമാണ് സി.പി.ഐ.എം ടിക്കറ്റില്‍ കണ്ണൂരില്‍ നിന്നു ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് സി.പി.ഐ.എമ്മില്‍ നിന്നു പുറത്തായ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തി രണ്ടു തവണ കണ്ണൂരില്‍ നിന്ന് ജയിച്ച് എം.എല്‍.എ ആയി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് സീറ്റ് ലഭിക്കാത്ത അബ്ദുള്ളക്കുട്ടി തലശേരിയില്‍ മത്സരിച്ചെങ്കിലും എ.എന്‍ ഷംസീറിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് അഭിഭാഷക ജോലി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more