ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രണ്ട് ഡെപ്യൂട്ടിമാര്‍. കഴിഞ്ഞ തവണത്തെ പോലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ തന്നെയാണ് യോഗിയെ സഹായിക്കാനായി മന്ത്രിസഭയില്‍ ഉണ്ടാവുക.
കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കുമാണ് ഉപമുഖ്യമന്ത്രിമാരായി സ്ഥാനമേറ്റത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റയാളാണ് മൗര്യ എന്നതും ശ്രദ്ധേയമാണ്.
ബ്രാഹ്മണവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതിനായാണ് പഥക്കിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ദിനേഷ് ശര്‍മയ്ക്ക് പകരമാണ് പഥക് ഉപമുഖ്യമന്ത്രിയായത്.
മായാവതിയുടെ ബി.എസ്.പിയില്‍ നിന്നും രാജിവെച്ച് 2017ല്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നയാളാണ് പഥക്. കഴിഞ്ഞ യോഗി മന്ത്രിസഭയില്‍ നിയമമന്ത്രിയായും പഥക് പ്രവര്‍ത്തിച്ചിരുന്നു.
രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 52 പേരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. 37 വര്‍ഷത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്.
ലഖ്നൗ ഏകാന സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെക്കൂടാതെ 50,000ലധികം പേരും സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലെത്തിയിരുന്നു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് തന്നെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിനായി അദ്ദേഹം അസംഗഢ് എം.പി സ്ഥാനം രാജിവെച്ചിരുന്നു.
ബി.ജെ.പിയെ നിയമസഭയില്‍ തന്നെ നേരിടണമെന്ന ഉദ്ദേശത്തിന്റെ ഭാഗമായാണ് അഖിലേഷ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് പുറമെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മുന്നൊരുക്കങ്ങള്‍ നടത്താനും മുന്നണിയെ ശക്തമായി തന്നെ ചേര്‍ത്തുനിര്‍ത്താനും ഇതിലൂടെ അഖിലേഷിന് സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഇതിന്റെ ഭാഗമായി അഖിലേഷ് തന്റെ രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് പുറമെ, നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ കക്ഷി നേതാവും അഖിലേഷ് തന്നെയായിരിക്കും.