കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ റമ്പൂട്ടാന്‍ പഴങ്ങള്‍ വാങ്ങിക്കുന്നതിനും കഴിക്കുന്നതിനും വിമുഖത കാണിക്കുകയാണ് ആളുകള്‍. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കഴിക്കുന്ന റമ്പൂട്ടാന്‍ പഴങ്ങളിലൂടെ നിപ പകരില്ലെന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. കെ.പി. അരവിന്ദന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്. വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം,’ കെ.പി. അരവിന്ദന്‍ പറയുന്നു.
ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.
അതേസമയം രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ 11 പേരില്‍ 10 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. മറ്റുള്ളവരുടെ ഫലം വരാനുണ്ട്.
കെ.പി. അരവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോഴിക്കോട്ട് മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ റംബൂട്ടാന്‍ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം.
ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല.
മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.