കേരളത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനം ഉണ്ടോ? - തെറ്റായ ചോദ്യം
ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലില്‍ വെള്ളം ഉണ്ടോ എന്നതു പോലെ നിരര്‍ത്ഥകമായ ചോദ്യമാണ്. നാം ചോദിക്കേണ്ടത് പാലില്‍ എത്ര വെള്ളം ഉണ്ട് എന്നതാണ്.
വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ ആരോ വെള്ളം ചേര്‍ത്തെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിന്റെ കാര്യത്തില്‍ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. വിശദീകരിക്കാം.
ചിത്രം 1 കാണുക.
പുറം രാജ്യങ്ങളില്‍ നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ വരുന്ന imported case ല്‍ നിന്നും പ്രാഥമിക സമ്പര്‍ക്കം അതില്‍ നിന്ന് ദ്വിതീയ സമ്പര്‍ക്കം അതില്‍ നിന്ന് ത്രിതീയ സമ്പര്‍ക്കം എന്നിവയൊക്കെയായി ചെറിയ കേസ് കൂട്ടങ്ങള്‍ ഉണ്ടാവാം (ക്‌ളസ്റ്ററുകള്‍). മറിച്ച് ചില കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ക്ക് ആരില്‍ നിന്ന് രോഗം കിട്ടി എന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ ഉണ്ടാവും.
ഇത്തരം കേസുകളില്‍ സമൂഹത്തില്‍ നാം കണ്ടെത്താത്ത ആരില്‍ നിന്നോ ആണ് രോഗം കിട്ടിയത് നമുക്ക് അനുമാനിക്കേണ്ടി വരും. ഇതിനെ സമൂഹ വ്യാപനമെന്നു വിളിക്കാമോ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും വിളിക്കാം. എന്നാല്‍ ഈ സ്ഥിതി ഇല്ലാത്ത ഒരു രാജ്യവും ലോകത്തുണ്ടാവില്ല. അപ്പോള്‍ ലോകം മുഴുവന്‍ സമൂഹ വ്യാപനമെന്നു പറയേണ്ടി വരും അതുകൊണ്ട് പ്രത്യേകിച്ച് നയപരമായി ഒരു പ്രത്യേക ഗുണവുമുണാവില്ല.
ഇവിടെയാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിര്‍വചനങ്ങളുടെ പ്രാധാന്യം. WHO കോവിഡ് വ്യാപനത്തെ താഴെ കാണിച്ചതു പോലെ നാല് ഘട്ടങ്ങളായി തിരിക്കുന്നു.
1. കേസുകള്‍ ഇല്ല
2. ഒന്നോ അതിലധികമോ കേസുകള്‍; പുറത്തു നിന്ന് വന്നവരോ തദ്ദേശീയമായി കണ്ടെത്തിയതോ
3. വ്യത്യസ്ഥ സമയങ്ങളിലോ സ്ഥലങ്ങളിലോ ആയി ഉണ്ടാവുന്ന കേസ് ക്‌ളസ്റ്ററുകള്‍
4. പ്രാദേശികമായി ഉത്ഭവിക്കുന്ന വലിയ ഔട്ട്‌ബ്രേക്കുകള്‍ (സാമൂഹ്യ വ്യാപനം)
[https://apps.who.int/iris/rest/bitstreams/1283590/retrieve]
ചിത്രം-2, ചിത്രം 3 എന്നിവയില്‍ മൂന്നാം ഘട്ടവും നാലാം ഘട്ടവും യഥാക്രമം എങ്ങിനെയിരിക്കും എന്ന് കാണിച്ചിരിക്കുന്നു. കേസുകള്‍ ഭൂരിഭാഗവും സമൂഹത്തില്‍ നിന്ന് കിട്ടുന്നതാവുമ്പോഴാണ് സാമൂഹ്യ വ്യാപന ഘട്ടം (Community transmission stage) എന്നു പറയുക.
അപ്പോള്‍ കേരളത്തെ കുറിച്ച് എന്തു പറയണം? സാമൂഹ്യ വ്യാപന ഘട്ടം ആയോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇപ്പോഴും ബഹുഭൂരിഭാഗം കോവിഡ് ബാധിതരും പുറത്തു നിന്നു വന്നവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധിതരെ കണ്ടെത്തിയിട്ടും, രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ എത്തിച്ചേര്‍ന്നിട്ടും മാസങ്ങളായി ഇങ്ങനെ തന്നെ നില നിര്‍ത്തിയതില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍ ഇത് ഒരു തരത്തിലുള്ള അലംഭാവത്തിനും കാരണമായിക്കൂടാ.
നാം ആശങ്കപ്പെടേണ്ടതുണ്ടോ
തീര്‍ച്ചയായും നാം ആശങ്കപ്പെടേണ്ടതുണ്ട്. ക്‌ളസ്റ്റര്‍ ഘട്ടത്തില്‍ നിന്ന് പലപ്പോഴും വളരെ പെട്ടെന്നാണ് സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടക്കുക. ഒരിക്കല്‍ അവിടെയെത്തിക്കഴിഞ്ഞാല്‍ നിയന്ത്രണം വളരെ വിഷമം പിടിച്ചതാണ്. രോഗികളുടെ എണ്ണവും തീവ്രരോഗമുള്ളവരും പെട്ടെന്നു പെരുകും. ആശുപത്രി കിടക്കകളും കഇഡകളും വെന്റിലേറ്ററുകളും ഒന്നും തികയാതെ വരും.
മരണങ്ങള്‍ കുതിച്ചുയരും. ഇറ്റലിയിലും, ന്യൂ യോര്‍ക്കിലും, മുംബൈയിലും, ഡല്‍ഹിയിലും ഒക്കെ ഇതാണ് സംഭവിച്ചത്. നഗരപ്രദേശങ്ങള്‍ ആയതു കൊണ്ട് പടരാന്‍ എളുപ്പമായിരുന്നു ഇവിടെയൊക്കെ എന്നതും കാണേണ്ടതാണ്.
കേരളം ഏതാണ്ട് മുഴുവന്‍ നഗരസ്വഭാവമുള്ള ഒരു പ്രദേശമാണ്. നഗരങ്ങളിലേതു പോലെ ധാരമുറിയാതുള്ള വാസകേന്ദ്രങ്ങളാണ് സംസ്ഥാനം മുഴുവന്‍. ഏതാനും കേന്ദ്രങ്ങളില്‍ സാമൂഹ്യവ്യാപന ഘട്ടം സംജാതമായാല്‍ പെട്ടെന്ന് സംസ്ഥാനം മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം നാം മറന്നു കൂടാ.
എന്താണ് നാം ചെയ്യേണ്ടത്?
സാമൂഹ്യ വ്യാപന സാധ്യതകളെ മുളയിലേ നുള്ളി കളയുക എന്നതാണ് നാം ചെയ്യേണ്ട പ്രധാന കാര്യം. ഇത് ചെയ്യേണ്ടത് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ (surveillance) ഏര്‍പ്പെടുത്തി കൊണ്ടാണ്. സമൂഹത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്ന കേസുകള്‍ പരമാവധി കണ്ടെത്തി, അത്തരം കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക എന്നതായിരിക്കണം പ്രധാന പ്രവര്‍ത്തനം.
രണ്ടു തരം നിരീക്ഷണ സംവിധാനങ്ങളാണ് നിലവിലുള്ളത്. 1. ഈ കോവിഡ് കാലത്തും സമൂഹവുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ – അംഗനവാടി പ്രവര്‍ത്തകര്‍, പോലീസുകാര്‍, റേഷന്‍ കടക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ നിരന്തരമായി ടെസ്റ്റ് ചെയ്യല്‍ 2. ഫ്‌ളൂ പോലുള്ള ജലദോഷപ്പനികള്‍, തീവ്ര ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നിരന്തരമായി ടെസ്റ്റ് ചെയ്യല്‍.
ഈ രണ്ട് നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും എവിടെയെങ്കിലും സാമൂഹ്യ വ്യാപനത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്നു നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്‌തേ മതിയാവൂ. നിരീക്ഷണ സംവിധാനങ്ങളിലൂടെ സമൂഹത്തില്‍ നിന്നു കിട്ടുന്ന കേസുകള്‍ പരമാവധി കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കണം.
ഏതെങ്കിലും ജില്ല അത്തരത്തിലുള്ള കൂടുതല്‍ കേസ് കണ്ടെത്തിയാല്‍ അത് അവരുടെ പരാജയമല്ല. മറിച്ച് നിരീക്ഷണ സംവിധാനങ്ങളുടെ വിജയമാണെന്ന് നാം മനസ്സിലാക്കണം. സംസ്ഥാനത്ത് ഓരോ ദിവസവും ടെസ്റ്റ് ചെയ്യുന്നതിന്റെ ഭൂരിഭാഗവും നിരീക്ഷണത്തിനു വേണ്ടിയുള്ള ടെസ്റ്റുകള്‍ ആവണം.
ശാസ്ത്രീയമായ ഇടപെടലുകളിലൂടെ സാമൂഹ്യ വ്യാപന ഘട്ടത്തിലെത്താതെ കോവിഡ് രോഗത്തെ പ്രതിരോധിക്കാനാവും എന്ന് നമുക്ക് പ്രത്യാശിക്കാം.