| Tuesday, 14th September 2021, 5:35 pm

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ചെന്നിത്തലയെ മാറ്റി; വെളിപ്പെടുത്തലുമായി അനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസില്‍ അപമാനിച്ചിറക്കി വിട്ടെന്ന് പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മിലെത്തിയ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമസഭാ കക്ഷിയില്‍ ചെന്നിത്തലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും മാറ്റിയത് അജണ്ട അനുസരിച്ചാണ്,’ അനില്‍ കുമാര്‍ പറയുന്നു.

പല എം.എല്‍.എമാരെയും വിളിച്ചു വരുത്തി മെയില്‍ അയപ്പിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിക്ക് പകരം രാഷ്ട്രീയകാര്യസമിതിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ചെന്നിത്തലയെ ഒഴിവാക്കാനായിരുന്നു. ചെന്നിത്തലയെ പരമാവധി അപമാനിച്ചു. ചെന്നിത്തലയ്ക്ക് ഇനിയും അപമാനം സഹിക്കേണ്ടി വരുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു

ചെന്നിത്തലയെ അപമാനിച്ച് ഇറക്കിവിട്ടത് കോണ്‍ഗ്രസിന്റെ മനസ്സിലേറ്റ മുറിവാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.

കേവലമായ നീതി നിഷേധത്തിന്റെ പേരിലല്ല താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നെന്നും കെ.പി. അനില്‍ കുമാര്‍ പറയുന്നു.

കേരളത്തിലെ പാര്‍ട്ടിക്ക് ജനാധിപത്യം ഇല്ല. സംഘടനാതെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞിരുന്ന ആളാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ആയി ഇരിക്കുന്നത്. എന്തിട്ട് എന്തുകൊണ്ട് അത് നടത്തുന്നില്ലെന്നും അനില്‍കുമാര്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KP AnilKumar on Ramesh Chennithala Congress Kerala Election 2021

We use cookies to give you the best possible experience. Learn more