തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍ കുമാര്‍ സി.പി.ഐ.എമ്മിലേക്ക്. താന്‍ എ.കെ.ജി സെന്ററിലേക്ക് പോകുകയാണെന്ന് അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മതതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ഇനിയുള്ള കാലംസി.പി.ഐ.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും കെ.പി. അനില്‍ കുമാര്‍ പറഞ്ഞു.
എന്തെങ്കിലും ഉപാധിയോടെയാണോ സി.പി.ഐ.എമ്മില്‍ എത്തുന്നത് എന്ന ചോദ്യത്തിന് ഒരു ഉപാധിയുമില്ലെന്നായിരുന്നു കെ.പി. അനില്‍ കുമാറിന്റെ മറുപടി.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.
കേവലമായ നീതി നിഷേധത്തിന്റെ പേരിലല്ല താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നെന്നും കെ.പി. അനില്‍ കുമാര്‍ പറയുന്നു.
കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുവാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന തിരിച്ചറിവ് സാധാരണക്കാര്‍ക്കുന്നുണ്ടാകുന്നു. ദേശീയ തലത്തില്‍ നരേന്ദ്രമോദിയെന്ന് പറയുന്ന പ്രധാനമന്ത്രി നടത്തുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പകച്ചുനില്‍ക്കാനല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനാകുന്നില്ല.
ഇന്ത്യയുടെ മതേതരത്വത്തിനെതിരെ, ജനാധിപത്യത്തിനെതിരെ വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ചക്കാരന്റെ റോളിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഒരു കെല്‍പ്പുമില്ല. നരേന്ദ്രമോദി ഗവര്‍മെന്റിനെതിരെ ഒരു സമരം ചെയ്യാന്‍ പോലും ആവതില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
കേരളത്തിലെ പാര്‍ട്ടിക്കയ്ക്ക് ജനാധിപത്യം ഇന്നില്ല. സംഘടനാതെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞിരുന്ന ആളാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ആയി ഇരിക്കുന്നത്. എന്തിട്ട് എന്തുകൊണ്ട് അത് നടത്തുന്നില്ല.
ഞാന്‍ പറഞ്ഞ കാര്യം തന്നെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. അവരെ മോശക്കാരാക്കി ചിലര്‍ സംസാരിച്ചില്ലേ. അവര്‍ക്കെതിരെയൊക്കെ നടപടിയെടുത്തോ. നീതി നിഷേധമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കെ. സുധാകരന്‍ കെ.പി.പി.സി പിടിച്ചെടുത്തത് താലിബാന്‍ തീവ്രവാദികളെപ്പോലെയാണെന്നും കെ.പി.അനില്‍ കുമാര്‍ പറഞ്ഞു.
സംഘപരിവാറുമായി സഖ്യം ചേരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാറിന്റെ മനസുമായി ഇരിക്കുന്നത് സുധാകരനാണ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത്. അപ്പോള്‍ എങ്ങനെ ഇവിടെ നീതിയും ജനാധിപത്യവും ഉണ്ടാകുമെന്നും കെ.പി. അനില്‍ കുമാര്‍ ചോദിച്ചു.