കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി. അനില്‍ കുമാര്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍കുമാര്‍ രംഗത്തെത്തിയത്.
ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ കേരളത്തില്‍ കൊണ്ടുവന്നപ്പോള്‍ അതിനൊപ്പം പോയ ആളാണ് താനെന്നും ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ പയ്യാമ്പലത്തെ ബീച്ച് മലിനമായി എന്ന് പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രസിഡന്റെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഞാനാണോ കോണ്‍ഗ്രസ് സുധാകരനാണോ കോണ്‍ഗ്രസ്. എന്തായാലും ഞാനിപ്പോള്‍ കോണ്‍ഗ്രസല്ല. അതുകൊണ്ട് കാര്യങ്ങള്‍ പറയുമ്പോള്‍ ഒന്ന് സ്വയം ഉള്ളിലേക്ക് നോക്കിയിട്ട് പറയുന്നത് എല്ലാവര്‍ക്കും നല്ലതാണ്.
പിന്നെ കെ. മുരളീധരന്‍ അച്ചടക്കത്തെ കുറിച്ച് പറയുന്നു. മുരളീധരന് എന്ത് അര്‍ഹതയാണ് ഉള്ളത് അത് പറയാന്‍. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ മദാമ്മയെന്ന് വിളിച്ച, മരിച്ചുപോയ പൊളിറ്റിക്കല്‍ അഡൈ്വസര്‍ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, എ.കെ. ആന്റണിയെ മുക്കാലില്‍ കെട്ടിയടിക്കണമെന്ന് പറഞ്ഞ ഈ മുരളീധരനാണോ എന്നെ അച്ചടക്കം പഠിപ്പിക്കുന്നത്.
ഏതായാലും ഞാന്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലല്ലോ. എന്നെ വിട്ടേക്ക്. ഞാനൊരു മഹത്തായ നല്ല പാര്‍ട്ടിയില്‍ പൊതുപ്രവര്‍ത്തനം മാന്യമായി നടത്താന്‍ പറ്റുന്ന ഒരു പ്രസ്ഥാനത്തിലാണ് ഇപ്പോള്‍ ഉള്ളത്.
നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടക്കുകയോ കുത്തിമരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ മേലേക്ക് കേറി വരണ്ട. എന്റെ നാക്ക് ഒട്ടും മോശമല്ല എന്ന് എനിക്കറിയാം. പിന്നെ ഇപ്പോള്‍ ഞാന്‍ പഴയപോലെ കോണ്‍ഗ്രസിലല്ല, സി.പി.ഐ.എമ്മിലാണ്. അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ എനിക്ക് പത്രക്കാരെ കാണാന്‍ പറ്റില്ല. അപ്പോള്‍ ഞാനും എന്റെ സ്വഭാവമൊക്കെ ഒന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൈക്ക് ഇങ്ങനെ കൊണ്ടുവരുമ്പോള്‍ അഭിപ്രായം പറയാന്‍ പറ്റുന്ന പാര്‍ട്ടിയിലല്ല ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത് പാര്‍ട്ടി ആലോചിച്ച് പറയും, കെ.പി. അനില്‍ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സി.പി.ഐ.എമ്മില്‍ ചേരുന്നതായി അനില്‍ കുമാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ എ.കെ.ജി സെന്ററിലെത്തിയ അനില്‍ കുമാറിനെ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കുകയായിരുന്നു.
അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കാനിരിക്കെയാണ് കെ.പി. അനില്‍കുമാര്‍ ഇന്നലെ പാര്‍ട്ടി വിട്ടത്. നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച അനില്‍കുമാറിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയെന്ന് രാജി പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ലെന്നായിരുന്നു രാജിയെ പരിഹസിച്ച് വി.ഡി.സതീശന്റെ മറുപടി. അധികാരത്തിന്റെ ശീതളഛായ തേടിപ്പോകുന്നവരെപ്പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു പി.ടി. തോമസിന്റെ പ്രതികരണം.
പുകഞ്ഞകൊള്ളി പുറത്താണെന്നും പുറത്താക്കിയവരുടെ ജല്‍പനങ്ങള്‍ക്ക് ചെവികൊടുക്കേണ്ടെന്നും മുരളീധരനും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kp Anil Kumar Against K Sudhakaran and K muraleedharan