ട്രാന്‍സ് വിമണിനായി കോഴിക്കോട് ആദ്യ ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നു
Kerala News
ട്രാന്‍സ് വിമണിനായി കോഴിക്കോട് ആദ്യ ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നു
അനുശ്രീ
Wednesday, 26th June 2019, 11:34 pm

കോഴിക്കോട്: ഈ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ട്രാന്‍സ്‌ജെന്ററായ ശാലു കോഴിക്കോട് വച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പത്ര വിതരണത്തിനെത്തിയ ആളായിരുന്നു കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ശാലുവിന്റെ മൃതദേഹം കണ്ടത്. കേരളത്തില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യമായല്ല. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിന്ന് ഇവര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്.രാത്രികാലങ്ങളില്‍ താമസിക്കാന്‍ പോലും ഇവര്‍ക്ക് ഇടം കിട്ടാറില്ല. എന്നാല്‍ ജില്ലയില്‍ ട്രാന്‍സ് വിമണിന് ഷെല്‍ട്ടര്‍ ഹോം സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍.കോഴിക്കോട് ഫറൂഖില്‍ ഷോര്‍ട്ട് സ്റ്റേ സൗകര്യം എന്ന രീതിയില്‍ ആരംഭിക്കുന്ന ഷെല്‍ട്ടര്‍ ഹോം ജൂലൈയില്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യത്തെത്തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് വീട് ഒരുക്കുന്നത്. 25 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന തരത്തിലാണ് ഹോംസ്റ്റേ.മുഴുവനായും സൗജന്യമായാണ് താമസം.

വീട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും, ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലും സര്‍ജറി ചെയ്ത് കെയര്‍ ആവശ്യമുള്ളവര്‍ക്കും ഉള്‍പ്പെടെയാണ് താമസ സൗകര്യം ഒരുക്കുന്നതെന്ന് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ഷീബാ മുംതാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘കേരളത്തിലെ മൂന്ന് ജില്ലകളിലായാണ് ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നത്. കോഴിക്കോട് കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഷോര്‍ട്ട് സ്റ്റേയാണ് ഉദ്ദേശിക്കുന്നത്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ട്രാന്‍സ് വിമണിന് കുറച്ച് കാലത്തേക്കുള്ള താമസ സൗകര്യമാണ് ഒരുക്കുന്നത്. വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്കും മറ്റെവിടെയും പോകാനില്ലാത്തവര്‍ക്കും താമസം ഒരുക്കുകയാണ് ഇവിടെ. സര്‍ജറി നടത്തിയ ആളുകള്‍ക്ക് കെയര്‍ ആവശ്യമുള്ള സമയത്തും ഇവിടെ താമസിക്കാം.’ ഷീബാ മുംതാസ് പറഞ്ഞു.

പദ്ധതിയുടെ നിയന്ത്രണവും മോണിറ്ററിങ്ങും സാമൂഹിക നീതി വകുപ്പിനാണ്. എന്നാല്‍ നടത്തിപ്പ് ചുമതല
ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കള്‍ചറല്‍ സൊസൈറ്റിക്കാണ്.അവിടുത്തെ ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം പുനര്‍ജനിക്കായിരിക്കും.

താല്‍ക്കാലിക താമസസൗകര്യമാണെന്ന രീതിയില്‍ ഒരു മാസത്തേക്കാണ് ഇവിടെ താമസ സൗകര്യമെന്ന് പറയുമ്പോഴും ആവശ്യവും സാഹചര്യവും പരിഗണിച്ച് ചര്‍ച്ചചെയ്ത ശേഷം താമസം മൂന്ന് മാസത്തേക്കോ അതില്‍ കൂടുതലോ നീട്ടി് കൊടുക്കാനാണ് തീരുമാനമെന്നും ഷീബാ മുംതാസ് പറഞ്ഞു.

ട്രാന്‍സ്ജെന്റര്‍ സമൂഹത്തെ എല്ലാ അര്‍ത്ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
മഴവില്ല് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. തൊഴില്‍ പരിശീലനം,സ്വയം തൊഴില്‍ സഹായം, എല്ലാ ജില്ലകളിലും വാസസ്ഥാനങ്ങള്‍, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയകള്‍ക്കുള്ള സഹായം, പഠന പിന്തുണ, ട്രാന്‍സ്ജെന്റര്‍ അയല്‍ക്കൂട്ടങ്ങള്‍, തുടങ്ങി ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് പൊതുസമൂഹത്തില്‍ അലിഞ്ഞു ചേരുന്നതിന് ഉതകുന്ന ഒട്ടേറെ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് മഴവില്ല്. ഇതിനായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

താമസ സൗകര്യം ഒരുങ്ങുന്നതോടൊപ്പം ഏഴ് ട്രാന്‍സ് വിമണ്‍സിന് ഇവിടെ തൊഴിലും നല്‍കും. ഒരു മാനേജര്‍, രണ്ട് കെയര്‍ടേക്കര്‍മാര്‍, ഒരു കൗണ്‍സിലര്‍, ഒരു സെക്യൂരിറ്റി ഗാര്‍ഡ്, പാചകക്കാരനും ക്ലീനിംഗ് സ്റ്റാഫും ഇവിടെ ഉണ്ടായിരിക്കും. ഒപ്പം
കുടുംബശ്രീ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുമായി സഹകരിച്ച് ഈ വീട്ടില്‍ ട്രാന്‍സ് വിമണിനായി പരിശീലന ക്ലാസുകള്‍ നടത്താനും ആലോചനയുണ്ട്.

കൗണ്‍സലറുടെ ജോലിക്കായി എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ ബി.എസ്.ഡബ്ല്യുവാണ് യോഗ്യത അതേസമയം കെയര്‍ടേക്കര്‍മാര്‍ക്കും മാനേജര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുമാണ് ആവശ്യം.

നിരന്തരമായ ആവശ്യങ്ങളുടെ ഫലമായാണ് ഇത്തരമൊരു ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നതെന്നും ഇത് കോഴിക്കോട് നഗരപരിധിയില്‍ തന്നെ വേണമെന്നാണ് ആഗ്രഹമെന്നും ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റ് സിസിലി ജോര്‍ജ് പറയുന്നു.

‘കോഴിക്കോട് നഗരത്തിന്റെ പരിധിക്കുള്ളില്‍ തന്നെ സിറ്റിക്കുള്ളില്‍ തന്നെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. ഫറൂഖിലെ പരുത്തിപ്പാറ എന്ന സ്ഥലത്താണ് ഇപ്പോള്‍ സ്ഥലം കണ്ടിരിക്കുന്നത്. ദൂരമുണ്ട്. അടുത്തു കിട്ടുന്നതല്ലേ നല്ലത്.ഒരു പക്ഷെ അവിടെ പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടാന്‍ ആളുണ്ടായെന്ന് വരില്ല’ സിസിലി ജോര്‍ജ് പറഞ്ഞു.

 

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ