വയോജനങ്ങള്‍ക്ക് 'കോലായി'യുമായി കോഴിക്കോട്; പരിഗണന മത്സ്യത്തൊഴിലാളികള്‍ക്ക്
Kerala News
വയോജനങ്ങള്‍ക്ക് 'കോലായി'യുമായി കോഴിക്കോട്; പരിഗണന മത്സ്യത്തൊഴിലാളികള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 8:47 am

കോഴിക്കോട്: മത്സ്യത്തൊഴിലാളികളായ വയോജനങ്ങള്‍ക്കായി വിശ്രമ കേന്ദ്രമൊരുക്കി കോഴിക്കോട്. ‘കോലായ്’ എന്ന പേരില്‍ നിര്‍മിച്ച വയോജന വിശ്രമ കേന്ദ്രം ശനിയാഴ്ച തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്യുക.

കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായാണ് കോയാറോഡ് ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കോലായ് നിര്‍മിച്ചത്.

മത്സ്യത്തൊഴിലാളികളായിരുന്ന വയോജനങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് കോലായ് വിഭാവനം ചെയ്തത്.

മുതിര്‍ന്ന പൗരന്മാര്‍, സീനിയര്‍ സിറ്റിസണ്‍സ് എന്നതില്‍ റിട്ടയേഡ് ഉദ്യോഗസ്ഥന്മാര്‍,
സമ്പന്നരും, ഇടത്തരക്കാരുമായ വയോജനങ്ങള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളു എന്നതില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് ആശയമുദിക്കുന്നത്.

‘നമ്മുടെ നാട്ടിലുള്ള സീനിയര്‍ സിറ്റിസണ്‍സ് ഫോറങ്ങളില്‍ ഒന്നും നാളിതുവരെ ഏതെങ്കിലും മത്സ്യത്തൊഴിലാളിയായിരുന്ന മുതിര്‍ന്ന പൗരന് അംഗത്വം കൊടുത്തതായി പോലും കാണാനാകില്ല.

പാവപ്പെട്ടവരും ജീവിത സായാഹ്നത്തില്‍ അല്‍പം വിശ്രമവും വിനോദവും എല്ലാം അര്‍ഹിക്കുന്നവരാണ് എന്ന ചിന്ത നമ്മുടെ പൊതുസമുഹത്തില്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്,’ മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2019 -20 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കോലായ് നിര്‍മിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ യുവ ആര്‍ക്കിടെക്റ്റായ സുഹൈല്‍ (സോ ഹോ ആര്‍ക്കിടെക്റ്റ്‌സ്) ആണ് പദ്ധതിയുടെ രൂപകല്പന നിര്‍വഹിച്ചത്.
ഹാര്‍ബര്‍ എഞ്ചിനിയറിഗ് വകുപ്പാണ് നിര്‍മാണ നിര്‍വഹണം.

എട്ട് ലക്ഷം രൂപയാണ് നിര്‍മാണചെലവ്. സമുദ്രത്തിന്റെ കാഴ്ചയും കാറ്റും ആസ്വദിക്കാവുന്ന തരത്തില്‍ മേല്‍ക്കൂരയും മറ്റ് സൗകര്യങ്ങളും ഒരുക്കുകയാണ് ഭാവി പദ്ധതി.

തീരപ്രദേശത്തെ പാവപ്പെട്ടവരുടെ മക്കളുടെ വിവാഹം നടത്താന്‍ സൗകര്യവും സൗന്ദര്യവുമുള്ള സമുദ്ര ഓഡിറ്റോറിയം, ശാന്തിനഗര്‍ കോളനിയിലെ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ആംഫി തിയേറ്ററും ലൈബ്രറിയും, പുതിയാപ്പയിലെ മറൈന്‍ സ്റ്റേഡിയം, വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബര്‍, പുതിയകടവിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വല റിപ്പയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോം,
തീരപ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജി.വി.എച്.എസ്. എസ് നടക്കാവ്, പുതിയങ്ങാടി ജി.എം.യു.പി.എസ്, വെള്ളയില്‍ വെസ്റ്റ് ജി.യൂ.പി.എസ്, വെള്ളയില്‍ ഈസ്റ്റ് ജി.എല്‍.പി.എസ്, വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് എന്നീ സ്‌കൂളുകളുടെ വികസനം തുടങ്ങിയവയുടെ തുടര്‍ച്ചയാണിത്.


Content Highlights: Kozhikode with ‘Kolai’ for the elderly; Consideration for fishermen