| Sunday, 28th November 2021, 10:26 am

അമ്മയെ കൊന്നത് പുറത്തറിയാതിരിക്കാന്‍ മകന്‍ വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്; ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അമ്മയെ കൊലപ്പെടുത്തിയത് പുറത്തറിയാതിരിക്കാന്‍ മകന്‍ വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് ഒറ്റയ്‌ക്കെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

കോഴിക്കോട് മണാശ്ശേരിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി ബിര്‍ജു തന്റെ അമ്മ ജയവല്ലിയേയും വാടകക്കൊലയാളി ഇസ്മായിലിനേയും കൊലപ്പെടുത്തുകയായിരുന്നു. ഇസ്മായില്‍ വധത്തില്‍ പ്രതിയ്ക്ക് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്തദിവസം ഐ.ജിക്ക് കൈമാറും.

സ്വത്ത് തട്ടിയെടുക്കാനാണ് ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ഒരു കൊല്ലത്തിനു ശേഷം ഈ വിവരം പുറത്താവാതിരിക്കാന്‍ ഇസ്മായിലിനെയും കൊലപ്പെടുത്തി എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2016 മാര്‍ച്ച് 15നാണ് 70 കാരിയായ ജയവല്ലിയെ കൊലപ്പെടുത്തുന്നത്.

അമ്മയുടെ കൊലപാതകത്തില്‍ സഹായിച്ചതിനു 2 ലക്ഷം രൂപ ഇസ്മായിലിനു ബിര്‍ജു വാഗ്ദാനം ചെയ്തിരുന്നു. പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതോടെ ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. 2017 ജൂണ്‍ 18നാണ് ഈ കൊല നടന്നത്.

ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ച ബിര്‍ജു പിന്നീടു വീടും സ്ഥലവും വിറ്റു തമിഴ്‌നാട്ടിലേക്കു താമസം മാറിയിരുന്നു. ശരീരഭാഗങ്ങള്‍ പല ദിവസങ്ങളിലായി പലയിടത്തായി കണ്ടെത്തുകയും ഒരാളുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിയുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊപ്പെട്ടത് ഇസ്മായിലാണെന്ന് ഉറപ്പിച്ചത്. ഇസ്മായിലുമായി ബന്ധമുണ്ടായിരുന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് ബിര്‍ജുവിലേക്കെത്തിയത്.

ഇസ്മായില്‍ വധക്കേസില്‍ ദൃക്‌സാക്ഷികള്‍ ആരുമില്ല. ബിര്‍ജുവിനെ കാണാന്‍ പോവുകയാണെന്ന് ഇസ്മായില്‍ കൊല്ലപ്പെടുന്നതിനു തലേന്നു 3 സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് കേസിലെ പ്രധാന സാക്ഷികള്‍. മൃതദേഹം കഷണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കട്ടാങ്ങലിലെയും, മൃതദേഹ ഭാഗങ്ങള്‍ തള്ളാന്‍ ഉപയോഗിച്ച ചാക്ക് വാങ്ങിയ മുക്കത്തെയും കടയുടമകള്‍ ബിര്‍ജുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിര്‍ജു നേരത്തേ അറവു ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയത്. തെര്‍മോക്കോള്‍ മുറിക്കുന്ന കത്തിയാണ് ഉപയോഗിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kozhikode twin Murder

Latest Stories

We use cookies to give you the best possible experience. Learn more