കൊച്ചി മെട്രോയ്ക്കു പിന്നാലെ എത്തിയ വമ്പന്‍ പദ്ധതികളാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍. മെട്രോ ഓടിത്തുടങ്ങിയെങ്കിലും ലൈറ്റ് മെട്രോകളുടെ ഒരു തൂണ്‍ പോലും ഇതുവരെ ഉയര്‍ന്നിട്ടില്ല. കൊച്ചി മെട്രോ നേരിട്ട എല്ലാ പ്രതിസന്ധികളും ലൈറ്റ് മെട്രോയുടെ മുന്നിലും വിലങ്ങുതടികളായി നില്‍ക്കുന്നുണ്ട്.
തിരുവനന്തപുരവും കോഴിക്കോടും പോലെയുള്ള നഗരങ്ങളില്‍ ലൈറ്റ് മെട്രോ പോലെയുള്ള പദ്ധതി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്മേലുള്ള ചര്‍ച്ചകള്‍ വേറെ നടക്കട്ടെ. “രണ്ടാം കെ.എസ്.ആര്‍.ടി.സി” എന്ന് ഇതിനകം പലരും വിശേഷിപ്പിച്ച കൊച്ചി മെട്രോ നമ്മുടെ മുന്നിലൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കെ അത്തരം ചര്‍ച്ചകള്‍ ആഴത്തില്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ലൈറ്റ് മെട്രോയുടെ പ്രായോഗികതകള്‍ അല്ല ചര്‍ച്ച ചെയ്യുന്നത്.
എന്താണ് ലൈറ്റ് മെട്രോ?
വലിയ നഗരങ്ങളില്‍ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മെട്രോകള്‍ നിര്‍മ്മിക്കുന്നത്. ലൈറ്റ് മെട്രോയുടെ ഉദ്ദേശവും ഇതുതന്നെയാണ്. തലസ്ഥാനത്തേയും, മലബാറിന്റെ തലസ്ഥാനത്തേയും ഗതാഗതക്കുരുക്കിന് ശമനമേകി മെച്ചപ്പെട്ട യാത്രാസൗകര്യം ജനങ്ങള്‍ക്ക് ഒരുക്കാനായാണ് ലൈറ്റ് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്.
മെട്രോയും ലൈറ്റ് മെട്രോയും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല. പറയാവുന്ന വ്യത്യാസങ്ങള്‍ ഇവയാണ്. മെട്രോ സേവനം നടത്തുന്നതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ് ലൈറ്റ് മെട്രോയുടെ സേവനം. മെട്രോപൊളിറ്റന്‍ സിറ്റികളിലാണ് മെട്രോ ട്രെയിന്‍ ഓടുന്നതെങ്കില്‍ താരതമ്യേനെ ചെറിയ നഗരങ്ങളിലാണ് മെട്രോ. തികച്ചും സാങ്കേതികമായ ചെറിയ വ്യത്യാസം മാത്രമേ മെട്രോയും ലൈറ്റ് മെട്രോയും തമ്മില്‍ ഉള്ളൂ.
നിര്‍ദിഷ്ട കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ സവിശേഷതകള്‍ ഇങ്ങനെയാണ്: ഒരു കോച്ചില്‍ പരമാവധി 200 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത ട്രെയിനിന് കൈവരിക്കാമെങ്കിലും മണിക്കൂറില്‍ 36 കിലോമീറ്ററായിരിക്കും ശരാശരി വേഗത. കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ (കെ.ആര്‍.ടി) അംഗീകരിച്ച പദ്ധതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍ -Detailed Project Report) മന്ത്രിസഭ അംഗീകരിച്ചത് 2015 ജൂലൈ അവസാനമാണ്. 6728 കോടി രൂപയാണ് പദ്ധതിച്ചെലവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമായി നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ 60 ശതമാനം തുക വായ്പ്പയായി എടുക്കും. ബാക്കി 40 ശതമാനം തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും. ഭൂമിയേറ്റെടുക്കലിനായുള്ള തുക സംസ്ഥാനമാണ് വഹിക്കുക.
Don”t Miss: ഭരണകൂടത്തെ പിടിച്ചുലച്ച് കര്‍ഷക സമരത്തിന്റെ പൊള്ളുന്ന ചിത്രങ്ങള്‍
60 മീറ്റര്‍ വരെ ആരമുള്ള (Radius) വളവുകളും ആറു ശതമാനം വരെയുള്ള കയറ്റിറക്കങ്ങളും ലൈറ്റ് മെട്രോയുടെ പാതയില്‍ ഉണ്ടാകും. തുടക്കത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോയിലെ ഒരു ട്രെയിനില്‍ മൂന്നു കോച്ചുകളും, കോഴിക്കോട്ടെ ലൈറ്റ് മോട്രോ ട്രെയിനില്‍ രണ്ടു കോച്ചുകളുമാണ് ഉണ്ടാകുക. ഭാവിയില്‍ ഇരുസ്ഥലങ്ങളിലേയും ട്രെയിനുകളില്‍ ഓരോ കോച്ചുകള്‍ വീതം അധികമായി ചേര്‍ക്കാം.
2021-ലാണ് പദ്ധതി പൂര്‍ണ്ണമാകുക. അന്ന് തിരുവനന്തപുരത്ത് 25 ട്രെയിനുകള്‍ ആവശ്യമായിവരും. കോഴിക്കോട് രണ്ടു കോച്ചുകളുള്ള 13 ട്രെയിനുകളും വേണ്ടിവരും. പദ്ധതി നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായിട്ടാവും കെ.ആര്‍.ടി. പ്രവര്‍ത്തിക്കുകയെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദല്‍ഹി മെട്രോയുടെ മാതൃകയിലുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് യാത്രാക്കൂലി ഈടാക്കുക. മുന്‍പ് മോണോ റെയില്‍ പദ്ധതിയില്‍ നിര്‍ദ്ദേശിച്ചതു പോലെ തിരുവനന്തപുരം ലൈറ്റ് മോട്രോയില്‍ 19 സ്റ്റേഷനുകളും, കോഴിക്കോട് 14 സ്റ്റേഷനുകളുമാണ് ഉണ്ടാകുക. തമ്പാനൂരിലെ പാതയിലെ ആദ്യ അലൈന്‍മെന്റില്‍ നേരിയ മാറ്റവും വരുത്തിയിട്ടുണ്ടായിരുന്നു.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ദൈര്‍ഘ്യം 21.82 കിലോമീറ്ററാണ്. പള്ളിപ്പുറത്തെ ടെക്‌നോസിറ്റി മുതല്‍ കരമന വരെ തൂണുകളില്‍ സ്ഥാപിക്കുന്ന 19 സ്റ്റേഷനുകളാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയില്‍ ഉണ്ടാകുക.
തിരുവനന്തപുരം ലൈറ്റ് മെട്രോയിലെ സ്റ്റേഷനുകള്‍:
- ടെക്‌നോസിറ്റി
- പള്ളിപ്പുറം
- കണിയാപുരം
- കഴക്കൂട്ടം
- കഴക്കൂട്ടം ജങ്ഷന്‍
- കാര്യവട്ടം
- ഗുരുമന്ദിരം
- പാങ്ങപ്പാറ
- ശ്രീകാര്യം
- പോങ്ങുമ്മൂട്
- ഉള്ളൂര്‍
- കേശവദാസപുരം
- പട്ടം
- പ്ലാമൂട്
- പാളയം
- സെക്രട്ടേറിയറ്റ്
- തമ്പാനൂര്‍
- കിള്ളിപ്പാലം
- കരമന
മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 13.33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കോഴിക്കോട് ലൈറ്റ് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. 14 സ്റ്റേഷനുകളാണ് ഉണ്ടാകുക. സ്ഥലമേറ്റെടുക്കലിന്റെ നൂലാമാലകള്‍ കുറയ്ക്കാനായി ഇവിടേയും തൂണുകളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
കോഴിക്കോട് ലൈറ്റ് മെട്രോയിലെ സ്റ്റേഷനുകള്‍:
- മെഡിക്കല്‍ കോളേജ്
- ചേവായൂര്‍
- തൊണ്ടയാട്
- കോട്ടൂളി
- മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്
- കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്
- മാനാഞ്ചിറ
- പാളയം
- റെയില്‍വേ സ്റ്റേഷന്‍
- പുഷ്പ ജങ്ഷന്‍
- കല്ലായി
- പന്നിയങ്കര
- വട്ടക്കിണര്‍
- മീഞ്ചന്ത
രണ്ടുനഗരങ്ങളിലേയും ലൈറ്റ് മെട്രോയുടെ ഡ്രോയിങ് ഡി.എം.ആര്‍.സിയാണ് തയ്യാറാക്കിയത്.
ലൈറ്റ് മെട്രോയുടെ പിറക്കാതെ പോയ മുന്‍ഗാമി
ലൈറ്റ് മെട്രോയ്ക്കും മുന്‍പേ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് മോണോ റെയില്‍. എന്നാല്‍ ഗര്‍ഭത്തില്‍ വെച്ചു തന്നെ ഈ പദ്ധതി അലസിപ്പോകുകയായിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ ചര്‍ച്ചകള്‍ക്കു സമാന്തരമായി തന്നെ മോണോ റെയില്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. മോണോ റെയില്‍ പ്രായോഗികമല്ലെന്നു പറഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
എല്ലാത്തിനുമൊടുവില്‍ 2014 ആഗസ്റ്റിലാണ് മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇതിനു പകരമായി ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനും ലൈറ്റ് മെട്രോയുടെ രൂപരേഖ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
5581 കോടി രൂപയായിരുന്നു രണ്ടു നഗരങ്ങളിലേയും മോണോ റെയില്‍ പദ്ധതികള്‍ക്കായുള്ള സര്‍ക്കാറിന്റ എസ്റ്റിമേറ്റ് തുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് 22 കിലോമീറ്ററും, കോഴിക്കോട്ട് 14 കിലോമീറ്ററും ദൂരത്തില്‍ മോണോ റെയില്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. കാനഡ ആസ്ഥാനമായുള്ള ബൊംബാര്‍ഡിയര്‍ എന്ന കമ്പനി മാത്രമാണ് ഒറ്ററെയില്‍പ്പാളം നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 14,500 കോടി രൂപയാണ് കമ്പനി ക്വോട്ട് ചെയ്തത്. ഇതു കൂടാതെ 4,000 കോടി രൂപയുടെ അധിക തുക കൂടി ടെന്‍ഡറില്‍ കാണിച്ചിരുന്നു. ഇത് താങ്ങാനാകില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 6004 കോടി രൂപയായി പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു.
വീഡിയോ: മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചതിന്‍റെ റിപ്പോര്‍ട്ട്:
ലൈറ്റ് മെട്രോ പദ്ധതി തീരുമാനിച്ചപ്പോള്‍ അതില്‍ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) വായ്പ്പ പദ്ധതിയ്ക്കായി ലഭ്യമാക്കാമെന്ന വാഗ്ദാനവും ഹിറ്റാച്ചി നല്‍കിയിരുന്നു.
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ സവിശേഷതകള്‍ ഇങ്ങനൊണ്: ഒരു കോച്ചില്‍ വഹിക്കാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 150 ആയിരുന്നു. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറില്‍ 33 കിലോമീറ്ററുമായിരുന്നു.
മോണോ റെയില്‍ എന്നാല്‍
പേരു സൂചിപ്പിക്കുന്നതു പോലെ ഒറ്റ പാളത്തിലൂടെ മാത്രമുള്ള റെയില്‍ ഗതാഗത സംവിധാനമാണ് മോണോ റെയില്‍. ബീമുകള്‍ എന്നാണ് ഈ പാളങ്ങള്‍ അറിയപ്പെടുന്നത്. ജര്‍മ്മന്‍ എഞ്ചിനീയറായ യൂഗന്‍ ലാന്‍ഗന്‍ ആണ് മോണോ റെയില്‍ എന്ന ആശയത്തിനു പിന്നില്‍. നിലവില്‍ ഇന്ത്യയില്‍ മുംബൈയിലാണ് മോണോ റെയില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു ചില നഗരങ്ങളിലും മോണോ റെയില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
ലൈറ്റ് മെട്രോയിലെ പുതിയ വിവാദം
കുറച്ചു കാലമായി ഫയലുകള്‍ക്കുള്ളില്‍ സുഖനിദ്രയിലായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഇപ്പോള്‍ പൊതുജനസമക്ഷം വീണ്ടും സജീവമായി ചര്‍ച്ചയായിരിക്കുകയാണ്. ചാനലുകള്‍ക്ക് രാത്രി ചര്‍ച്ച ചെയ്യാനുള്ള ചൂടുള്ള വിഷയവുമാണ് ലൈറ്റ് മെട്രോ. കാരണം, “ഡേജാ വു” (Déjà vu) എന്ന പോലെ കൊച്ചി മെട്രോ പദ്ധതി ആരംഭിക്കുന്ന വേളയിലേതിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും, ലൈറ്റ് മെട്രോയെ വീണ്ടും വെള്ളിവെളിച്ചത്തിലെത്തിച്ചതും.
കൊങ്കണ്‍ റെയില്‍വേ, പാമ്പന്‍ പാലം, ദല്‍ഹി മെട്രോ, കൊല്‍ക്കത്ത മെട്രോ തുടങ്ങി നിരവധി പദ്ധതികളുടെ ബുദ്ധികേന്ദ്രമായ, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ, “മെട്രോമാന്‍” എന്ന ഓമനപ്പേര് നല്‍കി ജനങ്ങള്‍ ആദരിച്ച, രാജ്യം സിവിലിയന്‍ ബഹുമതികളായ പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച, രാഷ്ട്രീയക്കാരേക്കാള്‍ ജനങ്ങള്‍ക്കു വിശ്വാസമുള്ള, അഴിമതിയുടെ കറ ചെറുതരി പോലും പുരളാത്ത, പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ കരഘോഷം ലഭിച്ച ഇ. ശ്രീധരന്‍ എന്ന മലയാളി എഞ്ചിനീയറാണ് ലൈറ്റ് മെട്രോയെ വീണ്ടും ചര്‍ച്ചയാക്കിയത്.
ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അഥവാ ഡി.എം.ആര്‍.സി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മുഖ്യഉപദേഷ്ടാവാണ് ശ്രീധരന്‍. കേരളത്തിലെ മെട്രോ പദ്ധതികള്‍ക്ക് ജനപ്രതിനിധികളേക്കാള്‍ താല്‍പ്പര്യമെടുത്ത് മുന്നോട്ടു പോകുന്ന മനുഷ്യന്‍. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം വമ്പന്‍ പദ്ധതികള്‍ക്ക് അനക്കം വെക്കില്ലല്ലോ.
പ്രതിമാസം 16 ലക്ഷം രൂപ വീതം ചെലവിട്ടാണ് ഡി.എം.ആര്‍.സി കേരളത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ചു വന്നത്. എന്നാല്‍ പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലാതെ വെറുതേ ഇത്രയും തുക ചെലവിടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കണ്ടാണ് കേരളത്തിലെ ഓഫീസ് അടച്ചു പൂട്ടുന്ന വിവരം ഇ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചതും അത് ചര്‍ച്ചയായതും.
താനില്ലാത്ത പദ്ധതികളില്‍ ഡി.എം.ആര്‍.സിയും ഉണ്ടാകില്ല. ചെലവു കുറച്ചും വേഗത്തിലും ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സി അല്ലാതെ രാജ്യത്തു വേറെ ആരുമില്ല. ആഗോള ടെന്‍ഡര്‍ ക്ഷണിച്ചാലും ആ ടെന്‍ഡര്‍ തയാറാക്കാന്‍ ഡി.എം.ആര്‍.സിയെപ്പോലെ വൈദഗ്ധ്യമുള്ള ഏജന്‍സി വേണം. ഇതിന് ഒരു വര്‍ഷമെങ്കിലും വേണം. ലൈറ്റ് മെട്രോ ഓരോ വര്‍ഷം വൈകുന്തോറും ചെലവ് അഞ്ചു ശതമാനം കൂടുകയാണ്. പദ്ധതികള്‍ക്കു വേണ്ടി ഇത്രയും പ്രവര്‍ത്തിച്ചിട്ടു പിന്‍മാറുന്നതില്‍ വിഷമമുണ്ടെന്നും സര്‍ക്കാരിനോടു പരിഭവമില്ലെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. പിന്മാറുന്നതു നടുക്കത്തോടെയും നിരാശയോടെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡി.എം.ആര്‍.സി പ്രഫഷണല്‍ ഏജന്‍സിയാണ്, സര്‍ക്കാരിന് ഇഷ്ടമുള്ള റിപ്പോര്‍ട് നല്‍കാനാവില്ല. പണം ഇല്ലാത്തതിനാലാണു ലൈറ്റ് മെട്രോ പദ്ധതിയിലെ മെല്ലപ്പോക്ക് എന്നു കരുതുന്നില്ല. രണ്ടു പദ്ധതികള്‍ക്കും കൂടി 2,100 കോടി രൂപയാണു സര്‍ക്കാര്‍ വിഹിതം. ഇതില്‍ ഏഴു വര്‍ഷം 350 കോടി രൂപ വീതം കണ്ടെത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നു ഡി.എം.ആര്‍.സി പിന്മാറിയതു സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്നു ഇ.ശ്രീധരന്‍ വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ കാര്യങ്ങള്‍ ഇങ്ങനെ
പദ്ധതിയ്ക്കുള്ള കരാര്‍ ഒപ്പിടാമെന്ന് രണ്ടുതവണയാണ് സര്‍ക്കാര്‍ രേഖാമൂലം ഡി.എം.ആര്‍.സിയ്ക്ക് ഉറപ്പുനല്‍കിയത്. വിശദമായ പദ്ധതിരേഖ സംബന്ധിച്ചു ചര്‍ച്ചചെയ്യാമെന്നു മുഖ്യമന്ത്രി ഇ. ശ്രീധരനു നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. ഇതിന്റെയെല്ലാം തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും സാമ്പത്തികമാണ് പദ്ധതികള്‍ തുടങ്ങുന്നതിനുള്ള തടസമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യാനായി ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമീപിച്ചപ്പോള്‍ അതിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരുന്നു. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നതെന്നാണ് ഇതിനുള്ള ന്യായീകരണമായി പിണറായി സഭയില്‍ പറഞ്ഞത്.
“കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരമാണ് ഉള്ളത്? സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. നയപരമായ പദ്ധതികളില്‍ ശ്രീധരന്‍ ഇടപെടേണ്ട.” -പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞത് ഇങ്ങനെയാണ്.
മുഖ്യമന്ത്രിയുടെ സഭയിലെ വാക്കുകള്‍ക്ക് വിരുദ്ധമായാണ് ധനകാര്യമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം. ലൈറ്റ് മെട്രോ പദ്ധതികള്‍ പരിശോധിച്ച ശേഷമേ നടപ്പാക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
“സാങ്കേതികമായി ആര്‍ക്കു ചെയ്യാന്‍ കഴിയുമെന്നതു തര്‍ക്കവിഷയമല്ല. വേണ്ടവിധം പരിശോധിച്ച ശേഷമേ ലൈറ്റ് മെട്രോ നടപ്പാക്കൂ. കൊച്ചി മെട്രോ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ്. ഇങ്ങനെ നഷ്ടത്തിലായ പദ്ധതികളുടെ ഉദാഹരണമാണു വിഴിഞ്ഞം അടക്കമുള്ള പദ്ധതികള്‍. പദ്ധതി നഷ്ടത്തിലായിട്ട് അതു സര്‍ക്കാര്‍ നികത്തുന്ന രീതി തുടരാനാകില്ല.” -തോമസ് ഐസകിന്റെ വാക്കുകള്‍.
ലൈറ്റ് മെട്രോ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ധനമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രതിപക്ഷമായ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.
വീഡിയോ: പ്രതിപക്ഷ നേതാവ്
ഇ. ശ്രീധരനെ ഒഴിവാക്കിയത് അഴിമതിയ്ക്ക് കളമൊരുക്കാനാണെന്നാണ് ബി.ജെ.പി ആരോപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നു ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരനാണ് ആരോപിച്ചത്. അഴിമതിക്കു കളമൊരുക്കാനുമുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം. കേരളത്തിനുശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്‍കിയ ലക്നൗവില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
മുന്‍പ് കൊച്ചി മെട്രോയില്‍ നിന്നും ഇ. ശ്രീധരനെ ഒഴിവാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധവും മനുഷ്യമതിലുമെല്ലാം സംഘടിപ്പിച്ച അന്നത്തെ പ്രതിപക്ഷമാണ് ഇന്ന് ഭരണത്തിലിരുന്നുകൊണ്ട് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് എന്ന വിരോധാഭാസമാണ് ജനങ്ങള്‍ക്കു മുന്‍പില്‍ ഉള്ളത്. അന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ച യു.ഡി.എഫ് ഇന്ന് ശ്രീധരനായി വാദിക്കുന്നുവെന്ന വൈരുദ്ധ്യവും ജനങ്ങള്‍ കാണുന്നുണ്ട്.