| Monday, 3rd April 2023, 8:12 am

ഓടുന്ന ട്രെയിനില്‍ തീവെച്ച സംഭവം; രണ്ട് വയസുള്ള കുട്ടിയുടേതുള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ നോക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചതായി കണ്ടെത്തി. അക്രമം ഭയന്ന് ട്രെയിനില്‍ നിന്ന് ചാടിയാകാം ഇവര്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പാപ്പിനിശ്ശേരി സ്വദേശി റഹ്മത്ത്(45), സഹോദരിയുടെ മകള്‍ സഹ്‌ല(രണ്ട് വയസ്) എന്നിവരും ട്രെയിനിലുണ്ടായിരുന്ന നൗഫിക് എന്നയാളുമാണ് മരിച്ചത്.  എലത്തൂര്‍-കോരപ്പുഴ പാലത്തിന് സമീപം ട്രാക്കില്‍ വീണ് കിടക്കുന്ന നിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം അക്രമത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദൃക്‌സാക്ഷി മൊഴികളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരെ ഇന്നലെ രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. ട്രെയിന്‍ ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് അപകടമുണ്ടാകുന്നത്.

ട്രെയിനിലെ ഡി2 കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ഡി1ലേക്ക് എത്തിയ അക്രമി യാത്രക്കാരുടെ മേല്‍ പെട്രോള്‍ തളിച്ച് തീ വെക്കുകയായിരുന്നു. പൊള്ളലേറ്റ യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു.

ഇതോടെ യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ ട്രെയിനിനകത്ത് കുടുങ്ങി. ഇതിനിടെ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് ആംബുലന്‍സുകളിലേക്ക് പരിക്കേറ്റവരെ മാറ്റിയത്.

അക്രമത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ കതിരൂര്‍ പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍(50) ഭാര്യ സജിഷ(47) മകന്‍ അദ്വൈത്(21), തൃശൂര്‍ മണ്ണുത്തി സ്വദേശി അശ്വതി(29) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ തളിപ്പറമ്പ് സ്വദേശി റൂബി(52), ട്രെയിനിലുണ്ടായിരുന്ന റാസിഖ്, ജ്യോതീന്ദ്ര നാഥ്, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരില്‍ 50ശതമാനത്തിലധികം പൊള്ളലേറ്റ അനില്‍ കുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവരില്‍ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും രണ്ട് പേരെ ബേബി മെമ്മോറിയലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Content Highlight: kozhikode train attack, police recover 3 dead bodies

We use cookies to give you the best possible experience. Learn more