| Wednesday, 23rd January 2019, 4:05 pm

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിന്റെ സീറോ അവര്‍ പദ്ധതി

മുഹമ്മദ് ഫാസില്‍

കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന വാഹനാപകടങ്ങളില്‍ നഷ്ടപ്പെട്ടത് 154 ജീവനുകളാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മരിച്ചത് 1755 പേര്‍. മരിച്ചവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രികരും.

കണ്ണുരുട്ടിയിട്ടും, പിഴ ഈടാക്കിയിട്ടും ആളുകള്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍, കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ ദൗര്‍ബല്യത്തില്‍ തന്നെ കയറിപ്പിടിച്ചിരിക്കുകയാണ് സിറ്റി പൊലീസ്. സ്‌നേഹം. കോഴിക്കോട് സിറ്റി പൊലീസ് ആവിഷ്‌കരിച്ച സീറോ അവര്‍ പദ്ധതി പ്രകാരം ഇനി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്നും പൊലീസ് പിഴ ഈടാക്കില്ല. പകരം നിര്‍ബന്ധിത ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും. റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളടക്കം പങ്കെടുക്കുന്ന രണ്ടു മണിക്കൂര്‍ നീളുന്ന ക്ലാസ് ആയിരിക്കും ഇത്.

എല്ലാ ദിവസവും ഒരു മണിക്കൂര്‍ കോഴിക്കോട് നഗരത്തില്‍ സീറോ അവര്‍ ആചരിക്കും. കോഴിക്കോട് നഗരപരിധിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കാരണമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വ്യത്യസ്തമായ ഈ പദ്ധതി കോഴിക്കോട് പൊലീസ് ആവിഷ്‌കരിച്ചത്. ട്രാഫിക് പൊലീസിനെക്കൂടാതെ, എല്ലാ പൊലീസ് സേനകളും സീറോ അവറില്‍ ട്രാഫിക് ലംഘനങ്ങള്‍ പരിശോധിക്കാന്‍ നിരത്തിലിറങ്ങും എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

മുഹമ്മദ് ഫാസില്‍

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.