| Thursday, 19th November 2020, 4:47 pm

കടല്‍ത്തീരം കയ്യേറി പൊതുവഴി തടഞ്ഞ് ക്ഷേത്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കടലിന്റെ വശങ്ങള്‍ മണ്ണിട്ടു നികത്തി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോഴിക്കോട് ഊരുപുണ്യകാവ് ക്ഷേത്രത്തിലേക്ക് പുതിയ റോഡ് നിര്‍മ്മിച്ചത് വിവാദമാകുകയാണ്.

പൊതു സ്വത്ത് കയ്യേറി ക്ഷേത്രത്തിലേക്ക് വഴി നിര്‍മ്മിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ പ്രദേശവാസിയായ നിജീഷ് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് റവന്യു വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ വിഷയമെത്തുന്നത്.

ബലിതര്‍പ്പണത്തിന് നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ അവര്‍ക്ക് സൗകര്യം ഒരുക്കാനാണ് നിര്‍മ്മാണം നടത്തിയത് എന്നാണ് ക്ഷേത്ര കമ്മിറ്റിക്കാര്‍ നല്‍കുന്ന വിശദീകരണം.

ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് മുന്‍പ് പൊതുവഴിയായിരുന്നു ഇടത്തുകൂടി മീന്‍വലയുമായി പോലും നടക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വഴി തടഞ്ഞുവെന്ന് കാണിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടത്തിവരികയാണെന്നും സ്റ്റേഷന്‍ എസ്.ഐ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസ് ഡെസ്‌ക്