കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരായ പീഡന പരാതി അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ്.
‘കോഴിക്കോട് ഖാസിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെയുള്ള പ്രതികരണം’ എന്ന പേരില്‍ ഖാസി ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ആരോപണങ്ങളെ തള്ളുന്നത്.
ഖാസിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും പീഡന പരാതി വ്യാജമാണെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.
പീഡന പരാതി ഉന്നയിച്ചിരിക്കുന്ന യുവതിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹല്ല് കമ്മിറ്റിയും ഖാസിയും ഇടപെട്ടിരുന്നു. ഇതേത്തുടർന്ന് നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ഖാസിക്ക് മേല്‍ യുവതി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് ഖാസി ഓഫീസ് ആരോപിക്കുന്നു.
ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് യുവതി നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും ഇപ്പോഴത്തെ വ്യാജ പരാതി സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
”രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്തു.
പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും ഇവർ കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ ഭര്‍ത്താവില്‍ നിന്നു ലഭിച്ച ഭീമമായ തുകയും സ്വര്‍ണവും ചിലവഴിച്ച് തീര്‍ന്നതിന് ശേഷം ചാലിയത്ത് താമസമാക്കിയ പരാതിക്കാരി രണ്ടാം ഭര്‍ത്താവുമായുള്ള ബന്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവര്‍ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് അഭിഭാഷകര്‍ മുഖേന രണ്ടാം ഭര്‍ത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും വിവാഹമോചനക്കരാര്‍ തയ്യാറാക്കുകയും ചെയ്തു.
പരാതിക്കാരിക്ക് രണ്ടാം ഭര്‍ത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നല്‍കുകയും ബാക്കി പണം രണ്ട് വര്‍ഷത്തിനകം നല്‍കാമെന്ന് വ്യവസ്ഥയാക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വര്‍ഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.
ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭര്‍ത്താവില്‍ നിന്ന് മധ്യസ്ഥന്മാര്‍ പണം വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താമസിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞമാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭര്‍ത്താവുമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ വ്യാജ പരാതിയുമായി ഇവര്‍ രംഗത്തുവന്നത്.
ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസില്‍ നിന്നും അറിയിക്കുന്നു,” പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് ഖാസിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പരപ്പനങ്ങാടിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഐ.പി.സി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Content Highlight: Kozhikode Quazi office says harrassment complaint against Quazi is fake and baseless