കോഴിക്കോട് വ്യാജ ഡോക്ടറുടെ ചികിത്സയില്‍ രോഗി മരിച്ചു
Kerala News
കോഴിക്കോട് വ്യാജ ഡോക്ടറുടെ ചികിത്സയില്‍ രോഗി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2024, 7:01 pm

കോഴിക്കോട്: വ്യാജ ഡോക്ടറുടെ ചികില്‍സയെ തുടര്‍ന്ന് രോഗി മരിച്ചു. കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടറുടെ ചികിത്സയെ തുടര്‍ന്നാണ് മരണം. ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.

സെപ്റ്റംബര്‍ 23നാണ് വിനോദ് മരണപ്പെട്ടത്. ആശുപത്രിയില്‍ ആര്‍.എം.ഒയായി പ്രവര്‍ത്തിച്ചിരുന്ന അബു അബ്രഹാം ലുക്ക് ആയിരുന്നു വിനോദ് കുമാറിനെ ചികിത്സിച്ചത്. വിനോദിന്റെ മരണത്തില്‍ കുടുംബം ഫറൂക്ക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പങ്കാളി പി. സുരജ, മകൻ ആദിത്ത് പി. വിനോദ് എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

വിനോദിന്റെ മകന്‍ ഡോക്ടര്‍ അശ്വിന്‍ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എം.ബി.ബി.എസ് പാസായിട്ടില്ലെന്ന് അറിയുന്നത്. ഇയാൾ കഴിഞ്ഞ ആറ് വർഷമായി ടി.എം.എച്ച് ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് അബുവിനെതിരെ കുടുംബം പരാതിപ്പെട്ടത്.

രോഗിക്ക് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ ഇ.സി.ജിക്ക് നിർദേശിക്കുകയാണ് ചെയ്തത്. തുടർന്ന് 23ന് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഡോക്ടർ കൂടിയായ മകൻ അശ്വിൻ സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Content Highlight: Kozhikode patient died under fake doctor’s treatment