സ്വന്തം സ്റ്റേഷനിലെ ലാപ്‌ടോപ്പ് കാണാത്തതിന് മോഷണക്കുറ്റം ചുമത്തി കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്; നഷ്ടമായത് അലന്‍- താഹ കേസിലേതടക്കം പ്രധാന വിവരങ്ങള്‍
Kerala News
സ്വന്തം സ്റ്റേഷനിലെ ലാപ്‌ടോപ്പ് കാണാത്തതിന് മോഷണക്കുറ്റം ചുമത്തി കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്; നഷ്ടമായത് അലന്‍- താഹ കേസിലേതടക്കം പ്രധാന വിവരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th November 2021, 10:22 am

കോഴിക്കോട്: സ്വന്തം സ്റ്റേഷനിലെ ലാപ്‌ടോപ്പ് കാണാത്തതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്.

സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല.

അലന്‍- താഹ കേസിലേതടക്കം പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ലാപ്‌ടോപ്പാണ് കാണാതായതെന്നാണ് വിവരം. കുറ്റകൃത്യം തടയാനായി പൊലീസ് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്ക് സംവിധാനമുള്ള ലാപ്‌ടോപ്പാണ് കാണാതായത്.

സി.ഐക്കാണ് അന്വേഷണ ചുമതല. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സ്റ്റേഷനിലെ സാധനങ്ങള്‍ മാറ്റിയപ്പോള്‍ കാണാതായതാകാം എന്ന നിഗമനത്തിലാണ് പൊലീസുകാര്‍.

പുറത്തുപോകാനുള്ള സാധ്യത ഇല്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒന്നും ഇതുസംബന്ധിച്ച വിവരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്റ്റേഷനില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരമാണ് ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ മാസം 12 നാണ് സ്റ്റേഷനിലെ ലാപ്‌ടോപ്പ് കാണാതായത്. സ്റ്റേഷന്‍ കെട്ടിടത്തിലെ ചോര്‍ച്ച കാരണം സാധനങ്ങള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. തിരികെ സാധനങ്ങള്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലാപ്‌ടോപ്പ് മാത്രം നഷ്ടപ്പെടുകയായിരുന്നു. ഒരാഴ്ച അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Kozhikode Panteerankavu police have registered a case for not finding a laptop at their station