ക്യാമ്പസിനകത്തെ രാത്രികാല നിയന്ത്രണം; സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് 33 ലക്ഷം രൂപ പിഴയിട്ട് കോഴിക്കോട് എന്‍.ഐ.ടി
Kerala News
ക്യാമ്പസിനകത്തെ രാത്രികാല നിയന്ത്രണം; സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് 33 ലക്ഷം രൂപ പിഴയിട്ട് കോഴിക്കോട് എന്‍.ഐ.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 7:10 pm

കോഴിക്കോട്: ക്യാമ്പസിനകത്തെ രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് 33ലക്ഷം രൂപ പിഴ ചുമത്തി കോഴിക്കോട് എന്‍.ഐ.ടി. സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് 33 ലക്ഷം രൂപ പിഴയിട്ടത്.

മാര്‍ച്ച് 22ന് ക്യാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കാണ് പിഴയിട്ടതെന്ന് എന്‍.ഐ.ടി അധികൃതര്‍ പറഞ്ഞു.

ഒരു വിദ്യാര്‍ത്ഥിക്ക് 6,61,155 രൂപ എന്ന നിലയിലാണ് പിഴ ചുമത്തിയത്. വൈശാഖ് പ്രേംകുമാര്‍, കൈലാഷ് നാഥ്, ഇര്‍ഷാദ് ഇബ്രാഹീം, ആദര്‍ഷ്, ബെന്‍ തോമസ്, എന്നിവര്‍ക്കാണ് പിഴ ചുമത്തിയതെന്ന് എന്‍.ഐ.ടിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും ക്യാമ്പസ് അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിഴയിട്ടതെന്നും ഉത്തരവില്‍ പറയുന്നു.

അര്‍ധ രാത്രിക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. 24 മണിക്കൂറും തുറന്നിട്ട കാന്റീനിന്റെ പ്രവര്‍ത്തനം രാത്രി 11 മണി വരെ മാത്രം ആക്കിയതും സമരത്തിന് കാരണമായിരുന്നു.

Content Highlight: Kozhikode NIT imposed fine of Rs 33 lakh on the protesting students