കോഴിക്കോട് എന്‍.ഐ.ടിയില്‍ മലയാള പത്രങ്ങൾക്ക് വിലക്ക്
Kerala
കോഴിക്കോട് എന്‍.ഐ.ടിയില്‍ മലയാള പത്രങ്ങൾക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 11:27 am

മുക്കം: കോഴിക്കോട് എന്‍.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് ഒന്ന് മുതല്‍ കാമ്പസിലെ വിവിധ ഓഫീസുകളില്‍ മലയാള പത്രങ്ങള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ പത്ര ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

കാമ്പസില്‍ പത്രങ്ങള്‍ക്ക് വായനക്കാരില്ലാത്തതാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഡയറക്ടര്‍ ഓഫീസ്, രജിസ്റ്റാര്‍ ഓഫീസ്, ലൈബ്രറി, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളില്‍ പത്രം ഇടുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദേശം നല്‍കിയത്.

എന്നാൽ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതിനിടെ, മലയാള പത്രങ്ങള്‍ വായിക്കുന്നത് തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എന്‍.ഐ.ടി കാമ്പസിൽ 70 ശതമാനവും മലയാളി വിദ്യാര്‍ഥികളാണ്.

അടുത്തിടെ തുടര്‍ച്ചയായി സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.ടി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.ടി അധ്യാപിക ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലും വലിയ പരിപാടികളാണ് കാമ്പസില്‍ അധികൃതരുടെ നേതൃത്വത്തില്‍ നടന്നത്.

കാമ്പസിനകത്ത് ദീപം തെളിയിക്കലും വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന സാഹചര്യങ്ങളടക്കം ഉണ്ടാകുന്നുണ്ട്. പരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.

ഫ്രഷേഴ്‌സ് ദിനത്തില്‍ പോലും ഗണപതി സ്തുതി വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചൊല്ലിപ്പിച്ചതായും തയാറാകാതിരുന്നവരെ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതിനൊക്കെ പിന്നാലെയാണ് മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ എന്‍.ഐ.ടി തീരുമാനമെടുത്തത്.

Contant Highlight: kozhikode nit banned malayalam newspapers